സിഡ്നി: ആയിരങ്ങൾ അണിചേർന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സാക്ഷ്യം വഹിച്ച് ഓസ്ട്രേലിയയിലെ സിഡ്നി നഗരം. കോവിഡ് മൂലമുണ്ടായ രണ്ട് വർഷത്തെ ഇടവേളയ്ക്കുശേഷം, ഇത്തവണത്തെ ‘കോർപ്പസ് ക്രിസ്റ്റി’ തിരുനാളിൽ (ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാൾ) ക്രമീകരിച്ച ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ അണിചേരാൻ 13,000ൽപ്പരം പേർ വന്നണഞ്ഞപ്പോൾ സെൻട്രൽ സിഡ്നിയിലെ നഗരനിരത്ത് അക്ഷരാർത്ഥത്തിൽ വിശ്വാസീസമുദ്രമായി.
‘കോർപ്പസ് ക്രിസ്റ്റി’ തിരുനാളിൽ പൊതുനിരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം സിഡ്നിയിൽ പതിവാണെങ്കിലും കോവിഡ് വ്യാപനംമൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പ്രദക്ഷിണം റദ്ദാക്കിയിരുന്നു. ‘വോക് വിത്ത് ക്രൈസ്റ്റ്’ എന്ന പേരിലായിരുന്നു ദിവ്യകാരുണ്യ പ്രദക്ഷിണം. ജൂൺ 19 സെൻട്രൽ സിഡ്നിയിലൂടെ സിഡ്നി ആർച്ച്ബിഷപ്പ് ആന്റണി ഫിഷറിന്റെ നേതൃത്വത്തിൽ കടന്നുപോയ പ്രദക്ഷിണത്തിൽ കഞ്ഞുങ്ങൾ മുതൽ വയോജനങ്ങൾവരെയുള്ളവരുടെ പങ്കാളിത്തവും ശ്രദ്ധേയമായി.
വിശുദ്ധ കുർബാനയിലെ ക്രിസ്തുസാന്നിധ്യത്തെ കുറിച്ച് പരസ്യമായി സാക്ഷ്യം നൽകാനുള്ള അവസരംകൂടിയാണ് നഗരനിരത്തിലൂടെയുള്ള ഈ ദിവ്യകാരുണ്യ പ്രദക്ഷിണം. ‘വാക്ക് വിത്ത് ക്രൈസ്റ്റ്’ പ്രദക്ഷിണത്തിൽ 13,000ത്തിൽപ്പരം വിശ്വാസികൾ പങ്കെടുത്തതിൽ സന്തോഷം അറിയിച്ച് ആർച്ച്ബിഷപ്പ് ഫിഷർ തന്റെ ഫേസ്ബുക്കിൽ ചിത്രങ്ങളും കുറിപ്പും പോസ്റ്റ് ചെയ്തു.
‘പൊതുസാക്ഷ്യത്തിലൂടെ നമ്മുടെ വിശ്വാസം പ്രഘോഷിക്കാൻ നാം ഒരുമിച്ച് തിരിച്ചെത്തിയത് തീർച്ചയായും ഒരു അനുഗ്രഹമാണ്. സംസ്ഥാന പാർലമെന്റും കോടതികളും ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകുമ്പോൾ, ആ സ്ഥാപനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ഞങ്ങൾ ഒരൽപ്പസമയം അവിടെ നിലയുറപ്പിച്ചു. അവിടെ സേവനം ചെയ്യുന്നവർക്ക് തങ്ങളുടെ ജോലികളിൽ ക്രിസ്തീയ മൂല്യങ്ങൾ ഉൾക്കൊള്ളാൻ കഴിയണേ എന്നായിരുന്നു ഞങ്ങളുടെ പ്രാർത്ഥന,’ അദ്ദേഹം കുറിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *