Follow Us On

14

April

2021

Wednesday

ക്ഷമയുടെ നല്ലപാഠം പകർന്ന 'കാതറിൻ ഓഫ് അറഗോൺ'

ക്ഷമയുടെ നല്ലപാഠം പകർന്ന 'കാതറിൻ ഓഫ് അറഗോൺ'

ഹെൻട്രി എട്ടാമന്റെ ആറ് ഭാര്യമാരിൽ ആദ്യത്തെ ഭാര്യയാണ് കാതറിൻ ഓഫ് അറഗോൺ. കാതറിൻ ആദ്യം വിവാഹം കഴിച്ചത് ഹെൻട്രി എട്ടാമന്റെ ജ്യേഷ്ഠസഹോദരനെയായിരുന്നു. പക്ഷേ, അഞ്ച് മാസങ്ങൾക്കുശേഷം പ്രിൻസ് ആർതർ രോഗബാധിതനായി മരണമടഞ്ഞു. കാതറിന്റെ പിതാവായ ഫെർഡിനൻഡ് രാജാവും പ്രിൻസ് ആർതറിന്റെ പിതാവ് ഹെൻട്രി ഏഴാമനും ബുദ്ധിമാന്മാരായ വ്യാപാരികളായിരുന്നു; സ്‌നേഹസമ്പന്നരായ പിതാക്കന്മാരും.
പ്രിൻസ് ആർതറിന്റെ മരണത്തിലൂടെ സംജാതമായ നഷ്ടങ്ങൾ രണ്ടു പിതാക്കന്മാരെയും ഒരുപോലെ ചിന്തിപ്പിച്ചു. സ്ത്രീധനനഷ്ടത്തെക്കുറിച്ചുള്ള സംസാരം കാതറിനെ വളരെയേറെ വേദനിപ്പിച്ചു. കൂടാതെ ഭാഷ അറിയാത്ത ഒരു നാട്ടിൽ തികച്ചും അപരിചിതരായ ജനങ്ങളുടെയിടയിൽ കാതറിന്റെ ജീവിതം വളരെ വേദന നിറഞ്ഞതായിരുന്നു. ആർതറിന്റെ അനുജനായ ഹെൻട്രിയെക്കൊണ്ട് കാതറിനെ വിവാഹം ചെയ്യിച്ച് സ്ത്രീധനത്തിലൂടെയുണ്ടായ ധനനഷ്ടം ഒഴിവാക്കാൻ രണ്ടു പിതാക്കന്മാരും തീരുമാനിച്ചു.
തത്ഫലമായി പാപ്പയുടെ പ്രത്യേക അനുവാദത്താൽ ഹെൻട്രിയും കാതറിനും തമ്മിലുള്ള വിവാഹം 1509 ജൂൺ 11ന് നടത്തപ്പെട്ടു. ഈ അവസരത്തിൽ ഹെൻട്രി കിരീടാവകാശിയാവുകയും ഹെൻട്രി എട്ടാമനായി സ്ഥാനാരോഹണം ചെയ്യപ്പെടുകയും ചെയ്തു. വിവാഹത്തിനുശേഷം എട്ട് വർഷം ഹെൻട്രിയും കാതറിനും സന്തുഷ്ടമായ കുടുംബജീവിതം നയിച്ചു. ഈ കാലഘട്ടത്തിൽ തനിക്ക് ബുദ്ധിശാലിയും സ്‌നേഹസമ്പന്നയുമായ ഒരു സ്ത്രീയെ ഭാര്യയായി ലഭിച്ചതിന് പ്രത്യേകം നന്ദി പറയുക ഹെൻട്രിയുടെ പതിവായിരുന്നു.
വിശുദ്ധി നിറഞ്ഞ ഒരു ആത്മീയജീവിതമാണ് കാതറിൻ നയിച്ചത്. പ്രാർത്ഥനയും ഉപവാസവും മറ്റ് പരിത്യാഗപ്രവർത്തനങ്ങൾക്കുമൊപ്പം വിശുദ്ധസ്ഥലങ്ങളിലെ തീർത്ഥാടനവും അവൾ നടത്തിപ്പോന്നു. കാതറിന്റെ പ്രേരണയാലും പ്രോത്സാഹനത്താലുമാണ് ഹെൻട്രി എട്ടാമൻ ദൈവശാസ്ത്രം അഭ്യസിച്ച് പാണ്ഡിത്യം നേടിയത്. അദ്ദേഹത്തിന്റെ തീക്ഷ്ണമായ ദൈവശാസ്ത്രപഠനത്തിന് അംഗീകാരമായി അന്നത്തെ പാപ്പ ‘വിശ്വാസസംരക്ഷകൻ’ എന്ന പദവി സമ്മാനിക്കുകയുംചെയ്തു.
പിൻതുടർച്ചാവകാശിയായി ഒരു ആൺകുഞ്ഞിനെ ലഭിക്കാതിരുന്നത് കാതറിന്റെയും ഹെൻട്രിയുടെയും തീരാദുഃഖമായിരുന്നു. കാതറിൻ മൂന്ന് ആൺകുട്ടികൾക്ക് ജന്മമേകിയെങ്കിലും മൂവരും മരണമടഞ്ഞു. രണ്ട് പെൺകുട്ടികൾ ജനിച്ചതിൽ ഒരുവളും മരിച്ചുപോയി. അവശേഷിച്ചത് മേരി രാജകുമാരി മാത്രം! തന്റെ പിന്തുടർച്ചവകാശിയായി ഒരു ആൺകുട്ടി ഇല്ലാത്ത ദുഃഖം ആനി ബോളിനെ വിവാഹം ചെയ്യാനുള്ള തീരുമാനം കൈക്കൊള്ളാൻ ഹെൻട്രി രാജാവിനെ പ്രേരിപ്പിച്ചു.
ആൻ ബോളിനെ വിവാഹം ചെയ്യാനുള്ള തീരുമാനം രാജ്യം മുഴുവനും വലിയൊരു സംസാരവിഷയമായി. കാതറിൻ ജീവിച്ചിരിക്കെ ആനി ബോളിനെ വിവാഹം ചെയ്യാനുള്ള തീരുമാനം ക്ലമന്റ് ഏഴാമൻ പാപ്പ നിരാകരിച്ചു. പാപ്പയെ സംബന്ധിച്ചിടത്തോളം വിഷമസന്ധി നിറഞ്ഞ ഒരു കാര്യമായിരുന്നു ഇതിലെ തീരുമാനം. ഹെൻട്രി എട്ടാമന്റെ ശക്തമായ സമ്മർദം ഒരു വശത്ത്; മറുവശത്ത് സഭയുടെ ശക്തമായ നിയമങ്ങൾ. കൂടാതെ, റോമാ സാമ്രാജ്യം ഭരിക്കുന്ന ചാൾസ് അഞ്ചാമനും കാതറിനും തമ്മിലുള്ള കുടുംബബന്ധവും.
കാര്യങ്ങൾ തീരുമാനമില്ലാതെ മുന്നോട്ടുപോയപ്പോൾ ക്ലമന്റ് ഏഴാമൻ പാപ്പ യോർക്കിലെ ആർച്ച്ബിഷപ്പായ കർദിനാൾ തോമസ് വോൾസിയെയും സാലിസ്ബറിയിലെ ഇറ്റാലിയൻ ബിഷപ്പായ കാർഡിനൽ ലൊൻെസോ കാമ്പെജിയോയെയും ലണ്ടൻ ആസ്ഥാനമായി ഒരു പ്രത്യേക സഭാകോടതി കൂടി തീരുമാനമെടുക്കാൻ നിയോഗിച്ചു. കാതറിൻ മഠത്തിൽ ചേർന്നാൽ ഹെൻട്രിക്ക് വീണ്ടുമൊരു വിവാഹം ചെയ്യാൻ തടസമില്ലെന്ന കാർഡിനൽ കാമ്പെജിയോയുടെ നിർദേശം കാതറിനെ വളരെയധികം വേദനിപ്പിച്ചു. കർദിനാളിന്റെ നിർദേശത്തെ ഹെൻട്രി എട്ടാമൻ പിന്താങ്ങുകയും ചെയ്തു.
ഇത്തരം ഒരു തീരുമാനമെടുക്കാൻ കർദിനാൾ കാമ്പെജിയോ വീണ്ടും നിർബന്ധിച്ചപ്പോൾ ‘തന്നെ ദൈവം വിളിച്ചിരിക്കുന്നത് ഹെൻട്രി എട്ടാമന്റെ ഭാര്യയായി ജീവിച്ചുമരിക്കാനാണെന്നും വിവാഹജീവിതമെന്ന കൂദാശയിൽ ഉറച്ചുനിൽക്കുകതന്നെയാണ് തന്റെ തീരുമാനമെന്നും’ ശക്തമായും ധീരമായും കാതറിൻ ഉറപ്പിച്ചുപറഞ്ഞു. കാതറിനെ പ്രേരിപ്പിച്ച് മഠത്തിൽ വിടാൻ സാധിക്കില്ലെന്ന് പേപ്പൽ പ്രതിനിധിസംഘത്തിന് ബോധ്യംവന്നപ്പോൾ 1529 ജൂൺ 18ന് ബ്ലാക്ക്‌ഫ്രെയേഴ്‌സ് എന്ന സ്ഥലത്ത് സഭാകോടതി സമ്മേളിച്ചു. ഹെൻട്രി എട്ടാമൻ നേരിട്ടുവരാതെ പകരക്കാരനെ കോടതിയിൽ ഹാജരാക്കി. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കാതറിൻ ധൈര്യപൂർവം കോടതിയിൽ ഹാജരായി.
മാത്രമല്ല, സഭാകോടതിയുടെ തെറ്റായ നടപടിയിൽ പ്രതിഷേധം അറിയിക്കുകയും പാപ്പയ്ക്ക് നേരിട്ട് അപ്പീൽ സമർപ്പിക്കുകയും ചെയ്തു. കാതറിന്റെ അഭിപ്രായം വകവെക്കാതെ കോടതി വീണ്ടും തുടർന്നു. മൂന്നാം ദിവസം ഹെൻട്രി എട്ടാമൻ കോടതിയിൽ നേരിട്ട് ഹാജരായി. കോടതിയിൽ കൂടിയിരുന്നവരുടെ മനസ്സുവേദനിപ്പിക്കുന്ന രീതിയിൽ കാതറിൻ ഹെൻട്രിയുടെ കാലുപിടിച്ച് പുനർവിവാഹത്തെ എതിർത്തു. തന്റെയും തന്റെ മകളുടെയും ആത്മാഭിമാനം രക്ഷിക്കണമെന്ന് വീണ്ടും കാതറിൻ ഹെൻട്രിയോട് ആവശ്യപ്പെട്ടു. ഹെൻട്രി മറുപടിയൊന്നും പറഞ്ഞില്ല. എന്നാൽ കാതറിൻ തന്റെ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് കോടതിയിൽനിന്നും വളരെ ശാന്തയായി ഇറങ്ങിപ്പോയി.
ഈ സാഹചര്യത്തിൽ റോമൻ കൂരിയ ഹെൻട്രി എട്ടാമന്റെ വിവാഹമോചനത്തിന്റെ അപേക്ഷയിൽ തീർപ്പുകൽപ്പിക്കാതെ നാലു വർഷത്തോളം നീട്ടിക്കൊണ്ടുപോയി. 1533 ആയപ്പോഴേക്കും ഹെൻട്രിയുടെ ക്ഷമ നശിച്ചു. കൂടാതെ, ആനി ബോളിൻ ഹെൻട്രി എട്ടാമനിൽനിന്ന് ഗർഭം ധരിക്കുകയും ചെയ്തു. 1533 ജനുവരി 25ന് റോമിന്റെ എതിർപ്പ് വകവെക്കാതെ ഹെൻട്രി ആനി ബോളിനെ വിവാഹം ചെയ്തു. മെയ് 23ന് കാന്റർബറിയിലെ പുതിയ ആർച്ച്ബിഷപ്പായിരുന്ന തോമസ് ക്രാൻമർ, കാതറിനുമായുള്ള വിവാഹം അസാധുവാക്കുകയും അതുപോലെ ആനി ബോളിനുമായുള്ള വിവാഹത്തിന് അനുമതി കൊടുക്കുകയും ചെയ്തു.
സങ്കടകരമായ ഈ കാര്യം മനസ്സിലാക്കിയ ക്ലമന്റ് ഏഴാമൻ പാപ്പ സഭാഭ്രഷ്ട് ഒഴിവാക്കുന്നതിനുവേണ്ടി ആനി ബോളിനെ മാറ്റിനിർത്തി കാതറിനെത്തന്നെ ഭാര്യയായി സ്വീകരിക്കാൻ 1533 ജൂലൈ 11ന് ആവശ്യപ്പെട്ടു. എന്നാൽ, അപ്പോഴേക്കും സമയം കടന്നുപോയിരുന്നു. ഹെൻട്രി എട്ടാമൻ ഇംഗ്ലണ്ടിലെ സഭയുടെ പ്രധാന തലവനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഈ നടപടികൾ യഥാർത്ഥ രാജ്ഞിയായ കാതറിനെ ഒട്ടേറെ വേദനിപ്പിച്ചു. കാതറിന്റെ രാജ്ഞിസ്ഥാനത്തിനു പകരമായി പ്രിൻസസ് ഓഫ് ഡൗവാഗർ എന്ന സ്ഥാനവും. ഹെൻട്രിയുടെയും കാതറിന്റെയും ജനിച്ച ഒരേയൊരു പുത്രിയായ പ്രിൻസസ് മേരിക്ക് ലേഡി മേരി എന്ന സ്ഥാനവും നൽകി. കൂടാതെ കാതറിനും പ്രിൻസസ് മേരിയും ഒരുമിച്ചു താമസിക്കാൻ പാടില്ലെന്ന ക്രൂരമായ തീരുമാനവും ഹെൻട്രി എട്ടാമൻ നിർദേശിച്ചു.
ദൈവാനുഗ്രഹത്താൽ കാതറിന്റെ സഹനം വളരെ കുറച്ചുകാലം മാത്രമേ നീണ്ടുനിന്നുള്ളൂ. ഹെൻട്രിയുടെ വിവാഹമോചനത്തിനുശേഷം മൂന്നു വർഷം കഴിഞ്ഞപ്പോൾ കാതറിൻ ഈ ലോകത്തോട് യാത്ര പറഞ്ഞു. കാതറിൻ തന്റെ മരണക്കിടക്കയിലായിരിക്കുമ്പോൾ ഹെൻട്രി എട്ടാമൻ തന്നോടും തന്റെ മകളോടും ചെയ്ത ക്രൂരതകൾ നിരുപാധികം ക്ഷമിച്ചു. കാതറിന്റെ ക്ഷമിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചതിനുശേഷം ഹെൻട്രി തന്റെ സഹാനുഭൂതി അറിയിച്ചുകൊണ്ട് മറുപടി എഴുതിയെങ്കിലും അത് ലഭിക്കുന്നതിനു മുമ്പേ കാതറിൻ ഈ ലോകത്തിൽനിന്നും യാത്രയായിക്കഴിഞ്ഞിരുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?