കാബൂൾ: ആയിരത്തി അഞ്ചൂറിൽപ്പരം പേരുടെ മരണത്തിനും കനത്ത നാശനഷ്ടങ്ങൾക്കും കാരണമായ ഭൂകമ്പത്തിന്റെ നടുക്കത്തിൽ കഴിയുന്ന അഫ്ഗാൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിച്ചും അവർക്കുവേണ്ടി സഹായം അഭ്യർത്ഥിച്ചും ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനാമധ്യേയാണ്, ക്ലേശദിനങ്ങളിലൂടെ കടന്നുപോകുന്ന അഫ്ഗാനുവേണ്ടി പാപ്പ പ്രാർത്ഥിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തത്തെ നേരിടാൻ അഫ്ഗാൻ ഭരണകൂടം ലോകരാജ്യങ്ങളുടെ സഹായം തേടിയതിന് പിന്നാലെയായിരുന്നു പാപ്പയുടെ സഹായ അഭ്യർത്ഥന.
കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പർവതമേഖലയായ പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിൽ ഇന്നലെ (ജൂൺ 22) പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 1500ൽപ്പരം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും നിലംപൊത്തിയിട്ടുണ്ട്. അഫ്ഗാൻ അതിർത്തിയിലെ ചില പാക് ഗ്രാമങ്ങളിലും വീടുകൾ തകർന്നു. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകളും മൃതദേഹങ്ങളും കുടുങ്ങിക്കിടക്കുന്നതിനാൽ, മരണസംഖ്യ ഉയരാനാണ് സാധ്യത.
ഭൂകമ്പത്തിൽ മരണപ്പെട്ടവരെയും പരിക്കേറ്റവരെയും പ്രാർത്ഥനാമധ്യേ അനുസ്മരിച്ച പാപ്പ, ഇരകളായ സകലർക്കുവേണ്ടിയും പ്രാർത്ഥിച്ചു: ‘ഭൂകമ്പത്തിൽ ഇരകളായവരെയും പരിക്കേറ്റവരെയും സഹാനുഭൂതി അറിയിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവർക്കു വേണ്ടിയും അവരുടെ കുടുംബത്തിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും സഹായത്തോടെ അഫ്ഗാൻ ജനതയുടെ ഇപ്പോഴത്തെ സഹനം ലഘൂകരിക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.’
ഹെലികോപ്റ്ററുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, തകർന്ന റോഡുകളും പരിമിതമായ സംവിധാനങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ വർഷം താലിബാൻ ഭരണകൂടം രാജ്യം പിടിച്ചെടുത്തതിനെ തുടർന്ന് നിരവധി അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിലെ പ്രവർത്തനം അവസാനിപ്പിച്ചതിനാൽ രക്ഷാപ്രവർത്തനവും ദുരാതാശ്വാസ പ്രവർത്തനങ്ങളും സങ്കീർണമാകുമെന്ന് റിപ്പോർട്ടുകളുണ്ട്.
യു.എൻ സഹായം ഉടൻ ലഭ്യമാക്കുമെന്ന് അഫ്ഗാനിലെ യു.എൻ റസിഡന്റ് കോർഡിനേറ്റർ റാമിസ് അൽഅക്ബറോവ് ട്വിറ്ററിൽ പറഞ്ഞു. ദുരന്തമേഖലയിലേക്ക് 4000 പുതപ്പുകളും 800 താൽക്കാലിക ടെന്റുകളും ഭക്ഷണം പാകംചെയ്യാനുള്ള സംവിധാനങ്ങളും അയച്ചതായി അഫ്ഗാൻ ‘റെഡ് ക്രസന്റ്’ സൊസൈറ്റി അറിയിച്ചു. ഏഴ് ആംബുലൻസുകൾ ദുരന്തമേഖലയിൽ നിയോഗിച്ചതായി അഫ്ഗാനിൽ ഇപ്പോഴും തുടരുന്ന ഇറ്റാലിയൻ വൈദ്യസംഘം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *