Follow Us On

29

March

2024

Friday

ബഫര്‍ സോണിലെ ചതിക്കുഴികള്‍

ബഫര്‍ സോണിലെ  ചതിക്കുഴികള്‍

അഡ്വ. വി.സി. സെബാസ്റ്റ്യന്‍

ഒന്നിനു പുറകെ മറ്റൊന്നായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങുകയാണ് മലയോരജനത. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പ്രകൃതിക്ഷോഭവും മനുഷ്യനിയന്ത്രണത്തിനതീതമെങ്കില്‍ പരിസ്ഥിതിലോലം, ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍, ഇഎഫ്എല്‍ എന്നിവ അധികാരകേന്ദ്രങ്ങളും രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വങ്ങളും ജനങ്ങളെ കുരുതി കൊടുക്കുവാനായി ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്ത മനുഷ്യനിര്‍മ്മിത ദുരന്തങ്ങളാണ്. ജനങ്ങളെ മറക്കുന്ന ജനപ്രതിനിധികളും അധികാരത്തെ പുല്‍കുന്ന ഉദ്യോഗസ്ഥരും നിയമനിര്‍മ്മാണസഭകളെപ്പോലും ലജ്ജിപ്പിച്ച് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബഫര്‍സോണ്‍ രൂപത്തില്‍ ജൂണ്‍ 3ന് സുപ്രീംകോടതിയില്‍ പ്രഖ്യാപിക്കപ്പെട്ടത്.

ബഫര്‍സോണിന്റെ ആഘാതം ഇന്ന് 24 വന്യജീവി കടുവ സങ്കേതങ്ങളെ ചുറ്റിപ്പറ്റിയെങ്കില്‍ നാളെയിത് വനവല്‍ക്കരണത്തിന്റെയും വന്യജീവികളുടെയും രൂപത്തില്‍ മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്ന് തിരിച്ചറിയാന്‍ വൈകരുത്. വന്യമൃഗസങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരുകിലോമീറ്റര്‍ പരിസ്ഥിതി ദുര്‍ബലപ്രദേശമായി പരിഗണിച്ച് ബഫര്‍സോണായി പ്രഖ്യാപിച്ചും വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ഏര്‍പ്പെടുത്തുവാന്‍ നിര്‍ദ്ദേശിക്കുന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. കേരളത്തില്‍ 16 വന്യജീവി സങ്കേതങ്ങള്‍, 5 ദേശീയോദ്യാനങ്ങള്‍, 2 കടുവ സങ്കേതങ്ങള്‍, 1 കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് എന്നീ 24 സംരക്ഷിത വനപ്രദേശമാണുള്ളത്. ഇതില്‍ മതികെട്ടാന്‍ചോല ദേശീയോദ്യാനത്തിന്റെ ബഫര്‍സോണ്‍ അതിര്‍ത്തികള്‍ക്ക് അന്തിമവിജ്ഞാപനം ഇതിനോടകം വന്നിട്ടുണ്ട്.

എന്താണ് ബഫര്‍സോണ്‍?
വനത്തിനൊരു സംരക്ഷണകവചം. വനത്തോട് ചേര്‍ന്നുകിടക്കുന്ന ഒരു കിലോമീറ്റര്‍ ആകാശദൂരമുള്ള കൃഷിഭൂമിയിലാണീ വിളയാട്ടമെന്നോര്‍ക്കുക. പണമടച്ച് കര്‍ഷകര്‍ വാങ്ങിച്ചതും തലമുറകളായി കൈമാറ്റം ലഭിച്ചു സംരക്ഷക്ഷിക്കുന്നതുമായ സ്വന്തം മണ്ണ് ഒരു കോടതിവിധിയുടെ പേരില്‍ കൈവിട്ടുപോകുന്ന ദുരവസ്ഥ. മലയോരജനതയ്ക്കു മാത്രമേ ജീവിതത്തിലുടനീളം ഇത്തരം പ്രതിസന്ധികളുള്ളൂ. കൊച്ചിയുടെ ഹൃദയഭാഗത്തുള്ള മംഗളവനത്തിന് ബഫര്‍സോണ്‍ ഇല്ല. ചെന്നൈയിലെ ഗിണ്ടി സങ്കേതത്തിനും മുംബൈയിലെ സഞ്ജയ്ഗാന്ധി ദേശീയോദ്യാനത്തിനും ബഫര്‍സോണ്‍ പൂജ്യമാണ്. നഗരവാസികളെ സംരക്ഷിച്ച് മലയോരജനതയെ ക്രൂശിക്കുന്ന ജനാധിപത്യഭരണത്തിന്റെ നീതി ധ്വംസനത്തിന് ഒരു സമൂഹത്തെ വിട്ടുകൊടുക്കണോ?

ബഫര്‍സോണില്‍ എന്തു സംഭവിക്കും?
കര്‍ഷകന്റെ സ്വന്തം കൃഷിഭൂമി വനംവകുപ്പിന്റെ നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും വിധേയമാകും. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാകും. മൃഗങ്ങള്‍ ജനവാസമേഖലകളിലേക്ക് കടന്നുവരാതെ നിര്‍മ്മിച്ചിരിക്കുന്ന നിലവിലുള്ള വേലികളും അതിര്‍ത്തികളിലുള്ള തടസങ്ങളും മതിലുകളും കിടങ്ങുകളും എടുത്തുമാറ്റപ്പെടും. സാവധാനം കൃഷിയിടങ്ങള്‍ വനമായി മാറും. കൃഷിഭൂമിയില്‍ ഇപ്പോഴുള്ള പല കൃഷികളും നിരോധിക്കപ്പെടും. ബഫര്‍സോണില്‍ എന്തൊക്കെ കൃഷിചെയ്യണമെന്ന് വനംവകുപ്പ് അധികൃതര്‍ തീരുമാനിക്കും. സ്വന്തം മണ്ണില്‍ കര്‍ഷകന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കണമെങ്കില്‍ വനംവകുപ്പിന്റെ ഉത്തരവ് വേണം. വെള്ളത്തിനായി കിണറുകള്‍ കുഴിച്ചാല്‍ ജയില്‍ജീവിതം ഉറപ്പ്. എല്ലാം വനംവകുപ്പിലെ യജമാനന്മാര്‍ നിശ്ചയിച്ച് പ്രഖ്യാപിക്കും.

നിരന്തരമായ വന്യജീവി ശല്യംമൂലം നിവൃത്തികേടുകൊണ്ട് സ്വന്തം റവന്യൂ ഭൂമി കൃഷി ചെയ്യാതെയിട്ടാലോ, യാതൊരു നഷ്ടപരിഹാരവുമില്ലാതെ സര്‍ക്കാര്‍ പിടിച്ചെടുത്ത് വനമായി പ്രഖ്യാപിക്കും. ബഫര്‍സോണിലൂടെ റോഡിനും അടിസ്ഥാന സൗകര്യവികസനത്തിനും നിയന്ത്രണമുണ്ട്. താമസത്തിനുള്ള വീട് ഉള്‍പ്പെടെ ഒരു നിര്‍മ്മാണപ്രവര്‍ത്തനവും പാടില്ല. നിലവിലുള്ള വീടിന്റെ ഭാഗമായി ഒരു മുറി പിടിക്കണമെങ്കിലോ വനംവകുപ്പിന്റെ അനുവാദം വാങ്ങിയിരിക്കണം. കൊമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ അനുവദിക്കില്ല. ഇപ്പോള്‍ നിലവിലുള്ള കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തല്‍ക്കാലം തുടരാമായിരിക്കും. എന്നാല്‍ കച്ചവടവും ജനവാസവുമില്ലാതെ ഭാവിയില്‍ ഇവയെല്ലാം പൂട്ടപ്പെടുമെന്ന് മനസിലാക്കാന്‍ ഡോക്ടറേറ്റിന്റെ ആവശ്യമില്ല. അവസാനം ജീവിക്കാന്‍ നിവൃത്തിയില്ലാതെ ജനം പലായനം ചെയ്യും. വനംവകുപ്പിന്റെ അക്കൗണ്ടിലേക്ക് കാര്‍ബണ്‍ ഫണ്ട് ഒഴുകിയെത്തും.

രക്ഷപെടാന്‍ പോംവഴി എന്ത്?
ബഫര്‍സോണ്‍ എന്ന കൊടുംവാളില്‍ നിന്ന് രക്ഷപെടാന്‍ വഴികളുണ്ടോയെന്ന് മലയോരജനത അന്വേഷണത്തിലാണ്. ഉത്തരമെല്ലാം ചെന്നെത്തുന്നത് കോടതിയിലേക്കല്ല, സര്‍ക്കാരിലേക്കാണ്. ബഫര്‍സോണ്‍ വിഷയത്തില്‍ നിയമനിര്‍മ്മാണമാണ് ശാശ്വതമായ പോംവഴി. റവന്യൂ ഭൂമിയുടെ പരിപൂര്‍ണ്ണ അവകാശം അതിന്റെ ഉടമസ്ഥനാകണം. ഇവിടെയിപ്പോള്‍ പിടിച്ചുപറിക്കുന്ന അധികാരധാര്‍ഷ്ട്യമാണുള്ളത്. കോടതി വിധിക്കുന്നത് നിയമങ്ങളുടെയും രേഖകളുടെയും തെളിവിന്റെയും അടിസ്ഥാനത്തിലാണ്. നിയമങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമസഭയിലും പാര്‍ലമെന്റിലും. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനോടാപ്പംനിന്ന് വെടിവെയ്ക്കുകയും ചെയ്യുന്ന ഇവരാണ് മറഞ്ഞിരുന്ന് ദ്രോഹിക്കുന്ന യഥാര്‍ത്ഥ ശത്രുക്കളെന്ന് രാഷ്ട്രീയ അന്ധത ബാധിച്ച ജനമിന്നും അറിയുന്നില്ല. ബഫര്‍സോണിന്റെ പിന്നിലും ഈ കള്ളക്കളിയാണ് അരങ്ങുതകര്‍ക്കുന്നത്.

സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടോ?
സുപ്രീംകോടതി വിധിയില്‍ സംസ്ഥാനം ആത്മാര്‍ത്ഥ സമീപനം സ്വീകരിച്ചാല്‍ ജനസമൂഹത്തിന് രക്ഷയുടെ വാതില്‍ തുറക്കും. ജൂലൈ 12ന് റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തതുകൊണ്ട് മാത്രം ഉദ്ദേശിക്കുന്ന ഫലമുണ്ടാവില്ല. ബദല്‍ നിര്‍ദ്ദേശങ്ങളുമായി സംസ്ഥാനത്തിന് നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാനുമാവില്ല. കേന്ദ്ര എംപവര്‍ കമ്മിറ്റി മുഖേന മാത്രമേ കോടതിയിലേക്ക് നീങ്ങാനാവൂ.
അതേസമയം പ്രശ്‌നബാധിത േമഖലയിലെ ജനവാസം, നിലവിലുള്ള ഭൂമിയുടെ അവസ്ഥ എന്നിവയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് മൂന്നുമാസത്തിനുള്ളില്‍ സമര്‍പ്പിക്കുവാന്‍ കോടതിതന്നെ മുഖ്യവനപാലകനും ചീഫ് സെക്രട്ടറിക്കും ഉത്തരവാദിത്വം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഉത്തരംപോലിരിക്കും അഞ്ച് ലക്ഷത്തോളം മലയോരജനതയുടെ ജീവിതവും ഭാവിയും.
കോടതിവിധി ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാരിന് കോടതിയെ ബോധ്യപ്പെടുത്താനാവണം. അതേസമയം ജനങ്ങളുടെ എതിര്‍പ്പുകള്‍ പ്രക്ഷോഭരൂപത്തില്‍ ഉയരുകയും വേണം. ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തണം. വനാതിര്‍ത്തി കൃത്യമായി പുനര്‍നിര്‍ണ്ണയിച്ച് ഭൂപടമുണ്ടാകണം.

ആകാശസര്‍വ്വേ നടത്തിയതുകൊണ്ട് ഈ കൃത്യത ലഭിക്കുകയില്ല. മറ്റു സംസ്ഥാനങ്ങളെപ്പോലെ പാടങ്ങള്‍ മാത്രം കൃഷിഭൂമിയായുള്ള സ്ഥലമല്ല കേരളം. റബറും തെങ്ങും കമുകും കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മറ്റുമരങ്ങളും ഒക്കെ കൃഷിയുടെ ഭാഗമായിട്ടുണ്ട്. ആകാശസര്‍വ്വേയില്‍ ഇവയെല്ലാം വനമായി ചിത്രീകരിക്കപ്പെടും. ഇത് ഉയര്‍ത്തിക്കാട്ടിയാണ് വനംവകുപ്പ് വനവിസ്തൃതി കൂടിയെന്നും കാര്‍ബണ്‍ഫണ്ട് വേണമെന്നും ആവശ്യപ്പെട്ട് വിദേശ സാമ്പത്തിക ഏജന്‍സികളെ സമീപിക്കുന്നതെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഭൂമിയിലിറങ്ങിയുള്ള സര്‍വ്വേയിലൂടെ മാത്രമേ വ്യക്തമായ രേഖകളുണ്ടാവൂ.
വനത്തിനുള്ളില്‍ അഥവാ വന്യജീവിസങ്കേതത്തിനുള്ളില്‍ ബഫര്‍സോണുകള്‍ നിജപ്പെടുത്തുവാനും മനസുവെച്ചാല്‍ സര്‍ക്കാരിനാവും. ശാശ്വതപ്രശ്‌നപരിഹാരത്തിന് ഇതനുസരിച്ചുള്ള നിയമനിര്‍മ്മാണമാണ് വേണ്ടത്. ഇതു സാധിച്ചില്ലെങ്കില്‍ സു്രപീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എറണാകുളം മരടില്‍ സംഭവിച്ചതുപോലെ പൊളിച്ചടുക്കുണ്ടാകും. മരടിലെ സുപ്രീം കോടതി വിധിവന്നപ്പോള്‍ സംരക്ഷകരായി ഓടിക്കൂടിയ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ പൊളിക്കുമ്പോള്‍ ഒളിച്ചോടിയത് നാം കണ്ടതാണ്.

മനുഷ്യനോടെന്തിനീ ക്രൂരത
മനുഷ്യനെ മരണത്തിന് വിട്ടുകൊടുത്തിട്ട് വന്യമൃഗങ്ങളെ സംരക്ഷിക്കാന്‍ മനുഷ്യര്‍ വിധിന്യായങ്ങള്‍ പ്രഖ്യാപിക്കുകയും നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. വനനിയമത്തിലെ 18-ാം വകുപ്പുപ്രകാരം കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മാത്രമേ നിലവിലുള്ളൂ. അതിനാല്‍തന്നെ ഈ സങ്കേതങ്ങള്‍ സര്‍ക്കാരിന് മനസുവെച്ചാല്‍ റദ്ദുചെയ്യാവുന്നതുമാണ്.
സത്യങ്ങള്‍ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും ജനങ്ങളെ വിഢിവേഷം കെട്ടിച്ച് എത്രനാള്‍ ഭരണനേതൃത്വങ്ങള്‍ക്ക് ഈ കൊടുംക്രൂരത തുടരാനാകും. എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയില്‍ ഏതാണ്ട് അഞ്ച് ലക്ഷത്തോളം മലയോരജനത നിലനില്പിനായി പോരാടുമ്പോള്‍ പൊതുസമൂഹം പിന്തുണയേകാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കണം. കാരണമിത് ഒരു ജനസമൂഹത്തിന് ഭരണസംവിധാനത്തിലൂടെ രൂപപ്പെട്ട നീതിനിഷേധത്തിനെതിരെയുള്ള നിലനില്പിന്റെ പോരാട്ടമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?