Follow Us On

15

August

2022

Monday

തിരുഹൃദയ തിരുനാളിൽ കുപ്രസിദ്ധമായ ഗർഭച്ഛിദ്ര നിയമം തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി

തിരുഹൃദയ തിരുനാളിൽ കുപ്രസിദ്ധമായ ഗർഭച്ഛിദ്ര നിയമം തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി

വാഷിംഗ്ടൺ ഡി.സി: ഗർഭാശയങ്ങളെ കൊലക്കളമാക്കി മാറ്റിയ, ദശലക്ഷക്കണക്കിന് കുരുന്നുകളെ അരുംകൊല ചെയ്യാൻ നിയമസാധുത നൽകിയ കുപ്രസിദ്ധമായ ഗർഭച്ഛിദ്ര വിധി തിരുത്തിക്കുറിച്ച് യു.എസ് സുപ്രീം കോടതി. ഗർഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാണെന്നും ഗർഭച്ഛിദ്രത്തിന് നിയന്ത്രണമോ നിരോധനമോ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നുമുള്ള 1973ലെ ‘റോ വേഴ്‌സസ് വേഡ്’ വിധിയാണ് സുപ്രീം കോടതി തിരുത്തിയെഴുതിയത്.

‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കേസിലെ വിധി പ്രഖ്യാപനത്തിലൂടെ, 1973ലെ ഫെഡറൽ നിയമം ഭേദഗതി ചെയ്യപ്പെടുമ്പോൾ യു.എസിലെ പ്രോ ലൈഫ് ചരിത്രത്തിൽ രചിക്കപ്പെടുന്നത് പുതു ചരിത്രമാണ്. യു.എസ് സുപ്രീം കോടതിയിലെ ഒൻപത് ജഡ്ജുമാരിൽ അഞ്ചു പേരാണ് അനുകൂല വിധി എഴുതിയത്. ഈശോയുടെ തിരുഹൃദയ തിരുനാളിലാണ് ഈ വിധി പ്രഖ്യാപിക്കപ്പെട്ടതെന്നതും ശ്രദ്ധേയം.

ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം ഫെഡറൽ സർക്കാരിൽനിന്ന് സംസ്ഥാന ഭരണകൂടങ്ങൾക്ക് നൽകപ്പെടുന്നു എന്നതാണ് സുപ്രീം കോടതി വിധിയുടെ അന്തസത്ത. ഗർഭച്ഛിദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന നിയമങ്ങൾ പാസാക്കിയെങ്കിലും ‘റോ വേഴ്‌സസ് വേഡ്’ വിധിമൂലം പ്രാബല്യത്തിലാക്കാൻ കഴിയാതെപോയ നിരവധി സംസ്ഥാനങ്ങൾക്ക് വിധി നടപ്പാക്കാനുള്ള സാഹചര്യമാണ് ഇതിലൂടെ ലഭ്യമാകുക.

‘റോ വേഴ്‌സസ് വേഡ്’ വിധി റദ്ദാക്കുന്ന സാഹചര്യമുണ്ടായാൽ ഗർഭച്ഛിദ്ര നിയന്ത്രണം നടപ്പാക്കാൻ നിരവധി സംസ്ഥാനങ്ങൾ ‘ഹാർട്ട് ബീറ്റ് ബില്ലുകൾ’ പാസാക്കിയിട്ടുണ്ടെന്നതുകൂടി കണക്കിലെടുക്കുമ്പോഴേ ഇപ്പോഴത്തെ ചരിത്ര വിധിയുടെ ദൂരവ്യാപകമായ ഗുണഫലങ്ങൾ ബോധ്യമാകൂ.

പതിനഞ്ച് ആഴ്ചകൾക്കു ശേഷമുള്ള ഗർഭച്ഛിദ്രങ്ങൾ നിരോധിച്ചുകൊണ്ട് 2018ൽ മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമം ലോവർ കോടതി തടഞ്ഞതോടെയാണ് ‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ കേസിന്റെ ആരംഭം. ഗർഭച്ഛിദ്രം നിയന്ത്രിക്കുന്ന നിയമം നടപ്പാക്കാൻ സംസ്ഥാനങ്ങൾ അധികാരമില്ലെന്ന ‘പ്ലാൻഡ് പാരന്റ് ഹുഡ് വേഴ്‌സസ് കാസെ’ കേസിൽ സുപ്രീം കോടതിയുടെ വിധിയെ അടിസ്ഥാനമാക്കിയായിരുന്നു ലോവർ കോടതിയുടെ വിധിയെഴുത്ത്. ഇതിനെതിരെ മിസിസിപ്പിക്കുവേണ്ടി സംസ്ഥാന ആരോഗ്യവിഭാഗം തലവൻ ഡോബ്‌സ്, ഗർഭച്ഛിദ്ര അനുകൂലികളായ ‘ജാക്‌സൺ വുമൺസ് ഹെൽത്ത് ഓർഗനൈസേഷ’നെ എതിർക്കക്ഷികളാക്കി സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.

സുദീർഘമായ വാദം കേൾക്കലുകൾക്കുശേഷമാണ് 213 പേജുള്ള വിധി പ്രസ്താവം സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഗർഭച്ഛിദ്ര നിയന്ത്രണത്തിന് സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന ‘റോ വേഴ്‌സസ് വേഡ്’ വിധി അരക്കിട്ടുറപ്പിച്ച ‘പ്ലാൻഡ് പാരന്റ് ഹുഡ് വേഴ്‌സസ് കാസെ’ വിധിയും ഇതോടെ ഇല്ലാതാകുന്നു എന്നതും ശ്രദ്ധേയമാണ്. ജസ്റ്റീസ് സാമുവൽ അലിറ്റോ, ജസ്റ്റീസ് ക്ലാരൻസ് തോമസ്, ജസ്റ്റീസ് നീൽ എം. ഗോർസച്ച്, ജസ്റ്റീസ് ബ്രെറ്റ് കവനാഹ്, ജസ്റ്റീസ് ആമി കോണി ബാരറ്റ് എന്നിവരാണ് അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തിയത്.

ജസ്റ്റീസ് സ്റ്റീഫൻ ബ്രയർ, ജസ്റ്റീസ് സോണിയ സോടോമയർ, ജസ്റ്റീസ് എലെന കാഗൻ എന്നിവർ പ്രതികൂലിച്ചു. എന്നാൽ, മിസിസിപ്പി സംസ്ഥാനവുമായി ബന്ധപ്പെട്ട കേസിനെ അനുകൂലിച്ചെങ്കിലും ‘റോ വേഴ്‌സസ് വേഡ്’ വിധി റദ്ദാക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്ന അഭിപ്രായമാണ് ചീഫ് ജസ്റ്റീസ് ജോൺ റോബർട്‌സ് രേഖപ്പെടുത്തിയത്.

ഗർഭച്ഛിദ്രത്തിന് നിയമസാധുത നൽകിയ ‘റോ വേഴ്‌സസ് വേഡ്’ കേസിലെ കുപ്രസിദ്ധ വിധി റദ്ദാക്കി ഗർഭച്ഛിദ്രത്തെ നിരോധിക്കാനുള്ള ഉത്തരവിന് ജഡ്ജിമാർക്കിടയിൽ ഭൂരിപക്ഷാഭിപ്രായം ഉണ്ടായെന്ന് സൂചന നൽകുന്ന രേഖ മേയ് ആദ്യം ഒരു യു.എസ് മാധ്യമത്തിലൂടെ ചോർന്നത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഇതേ തുടർന്ന് ഗർഭച്ഛിദ്ര ലോബികൾ രാജ്യവ്യാപകമായ പ്രക്ഷോപങ്ങൾക്ക് ആഹ്വാനം നൽകുകയും ദൈവാലയങ്ങൾക്ക് നേരായ അക്രമങ്ങൾ വർദ്ധിക്കുകയും ചെയ്തിരുന്നു.

അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത വിധം കോടതി വിധി ചോർന്നതും അതിനെ തുടർന്ന് അരങ്ങേറിയ അധിക്രമങ്ങളും ജഡ്ജുമാരെ സമ്മർദത്തിലാക്കാനുള്ള ഗർഭച്ഛിദ്ര ലോബിയുടെ തന്ത്രമാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. അത് ശരിവെക്കും വിധം ജഡ്ജിനുനേരെ വധശ്രമം ഉൾപ്പെടെ ഉണ്ടാവുകയും ചെയ്തു. ആക്രമണ സാധ്യത കണക്കിലെടുത്ത് ദൈവാലയങ്ങൾക്കും പ്രോ ലൈഫ് സെന്ററുകൾക്കും ഭരണകൂടം ജാഗ്രതാ നിർദേശം കൈമാറുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, ഭീഷണി സാഹചര്യങ്ങളെയെല്ലാം മറികടന്ന്, പ്രോ ലൈഫ് ചരിത്രത്തിൽ നാഴികക്കല്ലാകുന്ന വിധി പുറത്തുവന്നതിന്റെ സന്തോഷത്തിലാണ് പ്രോ ലൈഫ് സമൂഹം. ‘റോ വേഴ്‌സസ് വേഡ്’ വിധിക്കുശേഷം ഒരുപക്ഷേ, സുപ്രീം കോടതി പുറപ്പെടുക്കുന്ന പരമപ്രധാനമായ വിധി പ്രസ്താവം എന്ന വിശേഷണമാണ് ‘ഡോബ്‌സ് വേഴ്‌സസ് ജാക്‌സൺ’ വിധിക്ക് നിയമവൃത്തങ്ങൾ നൽകുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?