ചിക്കാഗോ: സവിശേഷമായ ‘ഇന്റർസെഷൻ മിനിസ്ട്രിക്ക്’ തുടക്കം കുറിച്ച് ലോകനന്മയ്ക്കു വേണ്ടിയുള്ള മാധ്യസ്ഥ പ്രാർത്ഥനയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഏമ്പ്രയിൽ ജോസഫ് തോമസ് (83) ചിക്കാഗോയിൽ നിര്യാതനായി. അമേരിക്കയിലെ മലയാളി കത്തോലിക്കർക്കിടയിൽ വിശിഷ്യാ, ജീസസ് യൂത്ത് അംഗങ്ങൾക്കിടയിൽ ‘പപ്പ’ എന്ന പേരിൽ സുപരിചിതരായ ഇദ്ദേഹത്തിന്റെ വിയോഗം ജൂൺ 24 നായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് രണ്ട് ആഴ്ചയായി ചികിത്സയിലായിരുന്നു ഇദ്ദേഹം. മൃതസംസ്ക്കാര കർമം ജൂൺ 27 രാവിലെ 10.00ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കത്തീഡ്രലിൽ നടക്കും. ജൂൺ 26 വൈകിട്ട് 5.00മുതൽ രാത്രി 9.00വരെ ചിക്കാഗോ കത്തീഡ്രലിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ജീസസ് യൂത്തിന്റെ ആരംഭകാലഘട്ടത്തിൽ സംസ്ഥാനതല ആനിമേറ്ററുമായിരുന്നു ഇദ്ദേഹം.
ഭരണങ്ങാനത്തെ ഏമ്പ്രയിൽ കുടുംബത്തിൽ 1939 ഫെബ്രുവരി 22നാണ് ജനനം. ഞായറാഴ്ച ദിവ്യബലിയിലും മറ്റും മാത്രം പങ്കെടുത്തിരുന്ന ഒരു സാധാരണ വിശ്വാസിയായിരുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവായത് 1980ൽ ഭരണങ്ങാനം അസീസി ധ്യാനകേന്ദ്രത്തിലെ ഒരു കരിസ്മാറ്റിക് ധ്യാനമാണ്. അക്കാലത്ത് അനുഭവിച്ച ആത്മീയ ശുഷ്ക്കതയാണ് അദ്ദേഹത്തെ ആ ധ്യാനത്തിലെത്തിച്ചത്. അവിടെ വെച്ച് ലഭിച്ച ആത്മീയ ബോധ്യങ്ങളും ആസ്ത്മാ രോഗത്തിൽനിന്നുള്ള സൗഖ്യവും അദ്ദേഹത്തെ അടിമുടി മാറ്റി. തനിക്ക് ലഭിച്ച ദൈവാനുഭവം മറ്റുള്ളവർക്കും പകർന്നുകൊടുക്കണമെന്ന പ്രചോദനം ശക്തമായതോടെ, 21-ാം വയസിൽ സംസ്ഥാന സർക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ച അദ്ദേഹം, ആത്മീയ ശുശ്രൂഷകൾക്കായും സമയം നീക്കിവെച്ചു തുടങ്ങി.
പാലാ കത്തീഡ്രൽ ഇടവകയിലെ പ്രാർത്ഥനാഗ്രൂപ്പിൽ സജീവാംഗമായ അദ്ദേഹത്തിന് ഉദ്യോഗപരമായ കാരണങ്ങളാൽ പിന്നീട് മുവാറ്റുപുഴയിലേക്ക് മാറേണ്ടിവന്നെങ്കിലും അവിടെയും തന്റെ ആത്മീയ ശുശ്രൂഷകൾ തുടർന്നു. വീണ്ടും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം. തിരുവനന്തപുരം ആസ്ഥാനമാക്കി പുതിയ കരി സ്മാറ്റിക് സോൺ ആരംഭിച്ചപ്പോൾ ആദ്യത്തെ കോർഡിനേറ്ററാകാനുള്ള നിയോഗവും അദ്ദേഹത്തെ തേടിയെത്തി. അന്ന് ആരംഭിച്ച വാർഷികധ്യാനത്തിന്റെ തുടർച്ചയായി രൂപപ്പെട്ടതാണ് ഇന്ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന ‘അനന്തപുരി ബൈബിൾ കൺവെൻഷൻ’.
1995ൽ ഉദ്യോഗത്തിൽനിന്ന് വിരമിച്ചശേഷം കുടുംബസമേതം ജന്മനാട്ടിൽ തിരിച്ചെത്തിയതോടെ, മുഴുവൻ സമയ ശുശ്രഷാദൗത്യത്തിലേക്ക് പ്രവേശിക്കുകയായിരുന്നു അദ്ദേഹം. റിട്ടയർമെന്റിനുശേഷം ഭാര്യയുമായി ചേർന്നുള്ള ആത്മീയശുശ്രൂഷകൾക്കും തുടക്കം കുറിച്ചു. ‘ജീസസ് യൂത്ത്’ രൂപപ്പെട്ടുതുടങ്ങിയപ്പോൾ മൂത്തമകൻ സന്തോഷും കുട്ടുകാരും ഇദ്ദേഹത്തിന്റെ വീട്ടിലാണ് ഒത്തുചേർന്നിരുന്നത്. ആ ബന്ധമാണ് അദ്ദേഹത്തെ സംഘടനയുടെ സംസ്ഥാനതല അനിമേറ്ററാക്കിയത്. ജീസസ് യൂത്തുമായി ഇന്നും തുടരുന്ന ആ ബന്ധമാണ് ഇവരെ ജീസസ് യൂത്തിന്റെയാകെ ‘പപ്പയും മമ്മി’യുമാക്കിയത്!
മുഴുവൻ സമയ ശുശ്രൂഷകൾ 10-ാം വർഷത്തി ലേക്ക് പ്രവേശിച്ച 2005ലായിരുന്നു പുതിയ നിയോഗമെന്നോണം അമേരിക്കയിലേക്കുള്ള കുടിയേറ്റം. ലക്ഷ്യം മക്കളുടെ ഉപരിപഠനം മാത്രമായിരുന്നെവങ്കിലും സവിശേഷമായ ഒരു ദൗത്യത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു അത്. 2005ൽ ചിക്കാഗോയിലെത്തിയ അദ്ദേഹം കത്തീഡ്രൽ കേന്ദ്രീകരിച്ച് രൂപതാതലത്തിൽ പ്രവർത്തനം തുടങ്ങാൻ പിന്നെ വൈകിയില്ല. ക്രമേണ, ഈ മധ്യസ്ഥപ്രാർത്ഥനാ സംരംഭം ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ അനുഗ്രഹാശിസുകളോടെ അമേരിക്കയിലെ ഇതര ദൈവാലയങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. ഈ കൂട്ടായ്മയാണ് 2010ൽ ‘ഇന്റർസെഷൻ മിനിസ്ട്രി’യായി രൂപമെടുത്തത്.
‘ശാലോം മീഡിയ’ യു.എസ്.എയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇദ്ദേഹം ‘സൺഡേ ശാലോ’മിനെ ചിക്കാഗോയിൽ വളർത്തുന്നതിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ലോകസുവിശേഷവത്ക്കരണത്തിലുള്ള തീക്ഷ്ണതയിലേക്ക് തന്റെ കുടുംബത്തെ ഒന്നടങ്കം നയിച്ച കുടുംബനാഥൻ എന്ന നിലയിലും ശ്രദ്ധേയനാണ് ഇദ്ദേഹം. ഒരാളെങ്കിലും സുവിശേഷവത്ക്കരണ രംഗത്ത് വ്യാപരിക്കുന്ന കുടുംബങ്ങൾ നിരവധിയുണ്ടാകാം, ഒന്നിലധികം പേർ സുവിശേഷവത്ക്കരണത്തിൽ മുഴുകിയ കുടുംബങ്ങളുമുണ്ട്. എന്നാൽ, ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കാൻ ഒന്നടങ്കം ഇറങ്ങിത്തിരിച്ച കുടുംബങ്ങൾ ചുരുക്കമായിരിക്കും. അതിലൊന്നായി ചൂണ്ടിക്കാട്ടാം ഏമ്പ്രയിൽ ജോസഫ് തോമസ് ഭാര്യ മേരിക്കുട്ടി ദമ്പതികളുടെ കുടുംബത്തെ.
ജോസഫ്- മേരി ദമ്പതികൾ ഇന്റർസെഷൻ മിനിസ്ട്രിയുമായാണ് സുവിശേഷ പ്രഘോഷണരംഗത്ത് വ്യാപരിച്ചതെങ്കിൽ ‘ജീസസ് യൂത്ത്’ കേന്ദ്രീകരിച്ചാണ് മക്കളുടെയും മരുമക്കളുടെയും പ്രവർത്തനം. ജീസസ് യൂത്തിൽ ‘വൺ ഇയർ ഫുൾടൈം വോളണ്ടിയർ പ്രോഗാം’ എന്ന ആശയം മുന്നോട്ടുവെച്ചതും ഇദ്ദേഹത്തിന്റെ മൂത്ത മകനായ സന്തോഷാണ് (കാലിഫോർണിയ). മറ്റ് മക്കൾ: സഞ്ജയ് (ബംഗളുരു), സംഗീത (മിഷിഗൺ), അൽഫോൻസ, ജോ. എല്ലാവരും ജീസസ് യൂത്ത് വൺ ഇയർ ഫുൾടൈം വോളണ്ടിയർഷിപ്പ് പൂർത്തിയാക്കിയവർ. മരുമക്കൾ: ബിജി, സിന്ധു, കുര്യൻ, സോണി, തെരേസ.
Leave a Comment
Your email address will not be published. Required fields are marked with *