Follow Us On

05

October

2022

Wednesday

വീണ്ടും വൈദീക ഹത്യ: നൈജീരിയയിൽ രണ്ട് കത്തോലിക്കാ വൈദീകർ കൊല്ലപ്പെട്ടു

വീണ്ടും വൈദീക ഹത്യ: നൈജീരിയയിൽ രണ്ട് കത്തോലിക്കാ വൈദീകർ കൊല്ലപ്പെട്ടു

കഡൂണ: ക്രൈസ്തവരുടെ പീഡിത ഭൂമിയായി മാറുന്ന നൈജീരിയയിൽ വീണ്ടും വൈദീക ഹത്യ. കത്തോലിക്കാ വൈദീകരായ ഫാ. വിറ്റസ് ബൊറോഗോ (50), ഫാ. ക്രിസ്റ്റഫർ ഒഡിയ (41) എന്നിവരാണ് രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളിൽ ആയുധധാരികളുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ഫാ. വിറ്റസിന്റെ കൊലപാതകത്തിന് പിന്നിൽ തീവ്രവാദികളുടെ സാന്നിധ്യവും സംശയിക്കുന്നുണ്ട്.

കഡൂണ അതിരൂപതാംഗമായ ഫാ. വിറ്റസ് ജൂൺ 25 ശനിയാഴ്ച്ചയാണ് അരുംകൊല ചെയ്യപ്പെട്ടത്. കഡൂണ- കാച്ചിയ റോഡിലുള്ള കുജാമയിലെ ഫാമിൽ അതിക്രമിച്ച് കയറിയ തീവ്രവാദികൾ വൈദീകനെ അവിടെവെച്ചുതന്നെ കൊലപ്പെടുത്തുകയായിരുന്നു. ഔച്ചി രൂപതാംഗമായ ഫാ. ക്രിസ്റ്റഫർ ഒഡിയയെ ജൂൺ 26 ഞായറാഴ്ച്ച രാവിലെ ഉറു ഇകാബിഗ്‌ബോയിലെ സെന്റ് മൈക്കൽ ദൈവാലയത്തിൽനിന്നാണ് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.

കഡൂണ സ്റ്റേറ്റ് പോളിടെക്‌നിക്കിലെ ചാപ്ലൈൻകൂടിയായ ഫാ. വിറ്റസ്, കഡൂണ രൂപതയിലെ വൈദീക സമിതി ചെയർമാനുമാണ്. ജട്ടുവിലെ സെന്റ് ഫിലിപ്പ് കാത്തലിക് സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലിന്റെ ചുമതലയും ഫാ. ക്രിസ്റ്റഫർ വഹിക്കുന്നുണ്ട്. വൈദികരുടെ കൊലപാതകത്തിൽ ഇരു രൂപതകളും പ്രതിഷേധവും അനുശോചനവും രേഖപ്പെടുത്തി. പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ 2009 മുതൽ ക്രൈസ്തവ സഭകളെയും സഭാവിശ്വാസികളെയും ലക്ഷ്യംവെച്ച് നടത്തുന്ന ആക്രമണങ്ങളിലെ ഏറ്റവും പുതിയ സംഭവമാണിത്.

ദിവസങ്ങൾക്കുമുമ്പ്, പന്തക്കുസ്താ തിരുനാൾ ദിനത്തിൽ രണ്ട് സ്ഥലങ്ങളിലായി ഉണ്ടായ ആക്രമണങ്ങളിൽ 70ൽപ്പരം പേർ കൊല്ലപ്പെട്ട നടുക്കത്തിൽനിന്ന് ഇനിയും നൈജീരയ മുക്തമായിട്ടില്ല. ഓവോയിലെ സെന്റ് ഫ്രാൻസിസ് ദൈവാലയത്തിലെ തിരുക്കർമമധ്യേയാണ് 38 പേർ കൊല്ലപ്പെട്ടത്. ഉങ്വാൻ ഗാമു, ഡോഗോൺ നോമ, ഉങ്വാൻ സർക്കി, മൈകോരി തുടങ്ങിയ ഗ്രാമങ്ങളിൽ തീവ്രവാദികൾ അഴിഞ്ഞാടിയതും അന്നേ ദിനംതന്നെയായിരുന്നു. 32 പേരാണ് അവിടെ കൊല്ലപ്പെട്ടത്. അവിടെ നിരവധി വീടുകളും ഒരു ദൈവാലയവും അഗ്‌നിക്കിരയാക്കുകയും ചെയ്തു.

ഇസ്ലാമിക തീവ്രവാദ സംഘടകൾ മേഖലയിൽ സാന്നിധ്യം ഉറപ്പിച്ച 2009 മുതൽ ഇതുവരെയുള്ള 13 വർഷത്തിനിടെ 45,644 ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബൊക്കോ ഹറാം, ഫുലാനി ഹെഡ്സ്മാൻ, ഐസിസ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപ പ്രദേശങ്ങളിലും വെല്ലുവിളി ഉയർത്തുന്നത്. നൈജീരിയയിൽ 2021 ജനുവരി ഒന്നു മുതൽ 2022 മാർച്ച് വരെയുള്ള 15 മാസത്തിനിടെമാത്രം ക്രിസ്തുവിശ്വാസത്തെപ്രതി 6006 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് ‘ഇന്റർ സൊസൈറ്റി’ എന്ന സന്നദ്ധ സംഘടന ഈയിടെ പുറത്തുവിട്ടിരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?