വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രം ഭരണഘടനാ പരമായ അവകാശമല്ലെന്ന ചരിത്രവിധി പ്രഖ്യാപിച്ച യു.എസ് സുപ്രീം കോടതിയിൽനിന്ന് വീണ്ടും ഒരു സുപ്രധാന വിധി. കളിക്കളത്തിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിന്റെ പേരിൽ ജോലിയിൽനിന്ന് മാറ്റി നിറുത്തപ്പെട്ട ഫുട്ബോൾ കോച്ചിന്റെ കേസിലാണ്, മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട നിർണായക വിധി സുപ്രീം കോടതിയിൽനിന്നുണ്ടായത്. കായികാധ്യാപകൻ ജോസഫ് കെന്നഡിയെ ബ്രമെർട്ടൺ സ്കൂൾ ഡിസ്ട്രിക് കൈക്കൊണ്ട നടപടി അന്യായമാണെന്ന് വിധിച്ചുകൊണ്ടാണ്, പൊതു പ്രാർത്ഥനകൾ അഭിപ്രായ സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.
യു.എസ് സുപ്രീം കോടതിയിലെ ഒൻപത് ജഡ്ജുമാരിൽ ആറു പേരാണ് പരിശീലകന് അനുകൂലമായ വിധി എഴുതിയത്. ചീഫ് ജസ്റ്റീസ് ജോൺ റോബർട്സ്, ജസ്റ്റീസ് നീൽ എം. ഗോർസച്ച്, ജസ്റ്റീസ് ക്ലാരൻസ് തോമസ്, ജസ്റ്റീസ് സാമുവൽ അലിറ്റോ, ജസ്റ്റീസ് ബ്രെറ്റ് കവനാഹ്, ജസ്റ്റീസ് ആമി കോണി ബാരറ്റ് എന്നിവർ അനുകൂലമായ വിധിയെഴുതിയപ്പോൾ ജസ്റ്റീസ് സോണിയ സോട്ടോമേയർ, ജസ്റ്റീസ് സ്റ്റീഫൻ ജി ബെയർ, ജസ്റ്റീസ് എലീന കഗൻ എന്നിവർ സ്കൂളിന്റെ വാദത്തിനൊപ്പം നിലകൊണ്ടു. ‘ഒരു വ്യക്തിയുടെ വ്യക്തിപരമായ ആചാര പ്രകടനത്തെ ഒരു സർക്കാർ സ്ഥാപനം എതിർക്കാൻ ശ്രമിച്ചു. വഴങ്ങുന്നില്ലെന്ന് കണ്ടപ്പോൾ ശിക്ഷിച്ചു. ഇത് വ്യക്തി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലാണ്,’ ജസ്റ്റീസ് നീൽ എം. ഗോർസച്ച് വിധി പ്രസ്താവത്തിൽ എഴുതി.
കളിക്കളത്തിൽ മുട്ടുകുത്തി പ്രാർത്ഥിച്ചതിനെ തുടർന്ന് ബ്രമെർട്ടൺ സ്കൂൾ ഡിസ്ട്രിക് 2015ലാണ് ജോസഫ് കെന്നഡിയെ ജോലിയിൽനിന്ന് മാറ്റിനിറുത്തിയത്. പരിശീലനത്തിനുശേഷം വിദ്യാർത്ഥികളെ തനിക്കൊപ്പം പ്രാർത്ഥിക്കാൻ പ്രേരിപ്പിച്ചെന്ന് കാട്ടിയായിരുന്നു സ്കൂളിന്റെ നടപടി. എന്നാൽ, കെന്നഡി കളക്കളത്തിൽ മുട്ടുകുത്തി പ്രാർത്ഥിച്ചത് സ്വകാര്യമായ കാര്യമാണെന്നും കുട്ടികളെ ഇതിലേക്ക് നിർബന്ധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ഇതു കണക്കിലെടുത്ത കോടതി, മതസ്വാതന്ത്ര്യം അംഗീകരിക്കുമ്പോഴും അത് പൊതുനിയമങ്ങൾക്ക് എതിരായാൽ എതിർക്കേണ്ടിവരുമെന്ന സ്കൂളിന്റെ വാദം തള്ളിക്കളയുകയായിരുന്നു.
മത്സരങ്ങൾ ജയിച്ചാലും തോറ്റാലും കളിക്കളത്തിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന പതിവുകാരനാണ് ജോസഫ് കെന്നടി. അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ ആകൃഷ്ടരായി വിദ്യാർഥികളും അതിൽ പങ്കുചേർന്നിരുന്നു. ഇതാണ് സത്യത്തിൽ സ്കൂൾ അധികൃതരെ പ്രകോപിപ്പിച്ചത്. ഇത്തരം ശീലത്തിൽനിന്ന് പിന്മാറണണെന്ന സ്കൂൾ അധികൃതരുടെ നിർദേശം അദ്ദേഹം തള്ളിയതും ജോലിയിൽനിന്ന് മാറ്റിനിറുത്താൻ കാരണമായി. ഇതിനെതിരെ കെന്നഡി ജില്ലാ കോടതിയിലും പിന്നീട് അപ്പീൽ കോടതിയിലും ഹർജി നൽകിയെങ്കിലും രണ്ടിടത്തും പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
‘കുട്ടികൾക്കൊപ്പം കളിക്കളത്തിലേക്ക് മടങ്ങാൻ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. രാജ്യത്തെ മികച്ച നിയമ സംവിധാനത്തിനും തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നു. എന്റെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയ ദൈവത്തിനും നന്ദി,’ കോടതിവിധിയിൽ സന്തോഷം രേഖപ്പെടുത്തി ജോസഫ് കെന്നഡി പത്ര പ്രസ്താവനയിൽ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *