Follow Us On

03

July

2022

Sunday

ഈ വിവാഹങ്ങൾ ഒരു നാടിന്റെ സന്തോഷമായി മാറി

ഈ വിവാഹങ്ങൾ ഒരു നാടിന്റെ സന്തോഷമായി മാറി

സ്‌നേഹവീട്ടിൽ വളർന്ന ‘ജോസിയമ്മ’യുടെ ആറുമക്കൾ കതിർമണ്ഡപത്തിലേക്ക്. ‘മക്കൾ’ വിവാഹിതരാകുന്നതിന് ആഹ്ലാദത്തിലാണ് തുവ്വൂർ വിമലഹൃദയാശ്രമം.
മലപ്പുറം പാണ്ടിക്കാടിനടുത്തുള്ള തുവ്വൂരിലെ അഗതികളുടെ ആശാകേന്ദ്രമായ വിമലഹൃദയാശ്രമം (ആകാശപറവകൾ) കല്യാണത്തിരക്കിലാണ്. വിനീതയും വിനീഷയും ജിസയും സിനിയും ഗീതയും സുവർണയും വിവാഹജീവിതത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ ആശ്രമത്തിലെ ദൈവമക്കൾ തമ്പുരാന് മുമ്പിൽ നന്ദി പറയുന്നു. വിമലഹൃദയത്തിൽ സിസ്റ്റർ ജോസിയുടെ കൈപിടിച്ച് നടന്ന കുഞ്ഞുങ്ങൾ പഠിച്ച് മിടുക്കരായി പുതുജീവിതത്തിലേക്ക് പ്രവേശിക്കുമ്പോൾ നാടാകെ ആഘോഷത്തിലാണ്.
20163934കഴിഞ്ഞ 11-ന് കരുവാരക്കുണ്ട് തിരക്കുടുംബ ഫൊറോന ദൈവാലയത്തിൽ ഫൊറോന വികാരിമാരായ ഫാ. ഡൊമിനിക് തൂങ്കുഴിയുടെയും ഫാ. മാത്യു കണ്ടശാംകുന്നേലിന്റെയും മുഖ്യകാർമികത്വത്തിൽ ഒത്തുകല്യാണം കഴിഞ്ഞു. തുടർന്ന് തുവ്വൂർ വെള്ളോട്ടുപാറയിലെ ആശ്രമത്തിൽ നടന്ന കൂട്ടായ്മയിലും സദ്യയിലും ജില്ലാ കളക്ടറടക്കം 2500-ഓളം പേർ പങ്കാളികളായി.
1997-ൽ വിമലഹൃദയാശ്രമം ആരംഭിച്ച അന്നുമുതൽ സേവനനിരതയായ സിസ്റ്റർ ജോസിയാണ് ആശ്രമം ഡയറക്ടർ. സിസ്റ്റർ റിൻസി മദർ സുപ്പീരിയറും. മെഡിക്കൽ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ്‌സ് സഭാംഗങ്ങളാണിവർ. ഇവർക്കൊപ്പം വിവാഹാഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സിസ്റ്റർമാരായ ഉഷസ് മരിയയും ടെസിനും ശുശ്രൂഷകരായ ആനിയമ്മയും റോസിയും പത്മിനിയും അമ്മാളുവുമെല്ലാം.
ആറുപെൺകുട്ടികളും പ്ലസ്ടു പഠനം പൂർത്തിയാക്കിയവരാണ്. സിനി ഫാഷൻ ഡിസൈനിങ്ങും ജിസ നഴ്‌സിങ്ങ് പഠനവും കഴിഞ്ഞു. വിവാഹത്തിനൊരുക്കമായി എല്ലാവരും മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ പോയി ധ്യാനം കൂടി. രൂപതയിലെ പ്രീ-കാന കോഴ്‌സിലും പങ്കെടുത്തു. സംഗീതത്തിലും ഡാൻസിലുമെല്ലാം മുമ്പിലാണ് എല്ലാവരും.
കല്യാണത്തിന് ആറിടത്തേക്കും ഓരോ ബസിനുള്ള ആളുകൾ പെൺവീട്ടിൽനിന്നും പോകുന്നുണ്ട്. ആദ്യവിവാഹം അഞ്ചനായിരുന്നു. പാലക്കാട് രൂപതയിലെ ഇരുമ്പകച്ചോല ഇടവകാംഗം ചീരാംകുഴി ബിനുവാണ് ഗീതയുടെ വരൻ.
പത്തിന് പാലക്കാട് പുലാപ്പറ്റ ഹോളിക്രോസ് ദൈവാലയത്തിൽവച്ച് പുളിയ്ക്കാത്തൊടി ജോമോൻ ജിസയുടെ കഴുത്തിൽ മിന്നു ചാർത്തും. 12-ന് മാനന്തവാടി രൂപതയിലെ പൂളപ്പാടം സെന്റ് ജോർജ് ദൈവാലയത്തിൽ കാട്ടുപറമ്പിൽ റോയിയും വിനീതയും തമ്മിലുള്ള വിവാഹം. 21-ന് കോഴിക്കോട് രൂപതയിലെ പെരിന്തൽമണ്ണ ലൂർദ്മാതാ ദൈവാലയത്തിൽ കമ്പിവളപ്പിൽ സിജു വിനീഷയുടെ കഴുത്തിൽ താലി ചാർത്തും. വിനീതയും വിനീഷയും ഇരട്ടകളാണ്.
24-നാണ് സിനിയുടെ വിവാഹം. താമരശേരി രൂപതയിലെ കുറ്റിപ്പുറം ഇടവകയിലെ മേരിക്കുന്നുപറമ്പിൽ ജോസാണ് വരൻ. ഒക്‌ടോബർ 20-ന് ഹൈന്ദവാചാരപ്രകാരം കോങ്ങാട് ആരപ്പത്ത് സജി സുവർണയ്ക്ക് തുണയാകും. ”എല്ലാം ദൈവപരിപാലന, ഞങ്ങളുടെ മിടുക്കല്ല. ദൈവം ഓരോന്നും ഒത്തിണക്കുകയാണ്. ഞങ്ങൾ ഈശോയുടെ ഉപകരണങ്ങൾ മാത്രം. ഇതിനുമുമ്പ് ഏഴ് വിവാഹങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
എല്ലാവരും സുഖമായി കഴിയുന്നു. ഇടയ്‌ക്കൊക്കെ ഇവിടെ വരും. ഏഴുപേരും ആദ്യപ്രസവത്തിനായി ഇവിടെ താമസിച്ചു” – 370 അന്തേവാസികൾ ഒരു കുടുംബംപോലെ കഴിയുന്ന വിമലഹൃദയാശ്രമത്തിന്റെ നെടുംതൂണായ സിസ്റ്റർ ജോസിയുടെ വാക്കുകൾ.
”ദൈവം കഴിഞ്ഞാൽ ഞങ്ങൾക്ക് അമ്മയാണെല്ലാം. ജോസിയമ്മ ഞങ്ങൾക്ക് ഇന്നുവരെ ഒരു കുറവും വരുത്തിയിട്ടില്ല. കല്യാണം കഴിഞ്ഞാലും ഞങ്ങൾ ഇവിടെ വരും. ഇവിടെയുള്ളവരെ മരണംവരെ ഞങ്ങൾക്ക് മറക്കാനാവില്ലല്ലോ…” അതു പറയുമ്പോൾ അവരുടെ കണ്ണുകളിൽ നനവ് പടരുന്നുണ്ടായിരുന്നു. വാക്കുകൾക്ക് പതർച്ചകളും.
 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?