Follow Us On

19

April

2024

Friday

ജനിച്ച മണ്ണ് കൈവിട്ടുപോകുമോ?

ജനിച്ച മണ്ണ്  കൈവിട്ടുപോകുമോ?

വിനോദ് നെല്ലയ്ക്കല്‍

ഇടുക്കി, വയനാട് ജില്ലകളിലെയും മറ്റ് മലയോര മേഖലകളിലെയും ജനങ്ങള്‍ കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് എത്തിയിരിക്കുന്നു. തങ്ങള്‍ ജനിച്ചുവളര്‍ന്ന മണ്ണ് കൈവിട്ടുപോകുമെന്ന പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ഭീതിക്ക് ഒരേയൊരു കാരണമേ വാസ്തവത്തില്‍ ഉള്ളൂ. അത് സര്‍ക്കാരുകളുടെ അനാസ്ഥയാണ്.
നീലഗിരി ബയോസ്ഫിയറുമായി ബന്ധപ്പെട്ട 1995 ലെ കേസിലെ വിധിയെ തുടര്‍ന്നുവന്ന എല്ലാ സമാനമായ കേസുകളും സുപ്രീംകോടതി അതിന്റെ തുടര്‍ച്ചയായാണ് പരിഗണിച്ചിട്ടുള്ളത്. ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് നല്‍കിയ ആ കേസ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കോടതി ഇടപെടലുകളില്‍ നിര്‍ണ്ണായകമാണ്.

നീലഗിരിയിലെ പരിസ്ഥിതിനാശം തമിഴ്നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും ദോഷകരമാണ് എന്ന് ചൂണ്ടിക്കാണിച്ച്, വനം-പരിസ്ഥിതി നിയമങ്ങളുടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ആ കേസില്‍ കോടതി വാദം കേട്ടതും വിധിയുണ്ടായതും. നിലവിലുള്ള സര്‍ക്കാര്‍ സമീപനങ്ങളും, വ്യക്തതയുള്ള തീരുമാനങ്ങളും യുക്തിഭദ്രമായി അവതരിപ്പിക്കാന്‍ കഴിയാത്തിടത്തോളം കോടതിക്ക് മറിച്ചൊരു വിധി പുറപ്പെടുവിക്കുക അസാധ്യമാണ്. പരിസ്ഥിതി ദുര്‍ബല മേഖലകളിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുടെ പിന്നാമ്പുറത്ത് വെളിപ്പെടുന്നത് സര്‍ക്കാരിന്റെ തുടര്‍ച്ചയായ അലംഭാവവും കെടുകാര്യസ്ഥതയും ഉത്തരവാദിത്വരഹിതമായ സമീപനവുമാണ്.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പാരിസ്ഥിതിക ദുര്‍ബല മേഖലകളില്‍ ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതിനായി 2003 ല്‍ സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കിയ കേന്ദ്ര ഉന്നതാധികാര സമിതി (ഇലിൃേമഹ ഋാുീംലൃലറ ഇീാാശേേലല ഇഋഇ) 2011ല്‍ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിരുന്നു. നിലപാട് അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും കേരളം പ്രതികരിച്ചില്ല. അതേസമയം, മറ്റു വിവിധ സംസ്ഥാനങ്ങളും ഖനി ഉടമകളും സംഘടനകളും കേസില്‍ കക്ഷിചേര്‍ന്നു. വാസ്തവത്തില്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കിടെ ഈ വിഷയം മുങ്ങിപ്പോവുകയായിരുന്നു.

കേരളത്തിലെ ജനവാസ മേഖലകളോട് ചേര്‍ന്നുകിടക്കുന്ന വനമേഖലകള്‍ തരംതിരിച്ച് ഏതുവിധത്തിലുള്ള നിയന്ത്രണങ്ങളാണ് പ്രയോഗികമാവുക എന്ന നിര്‍ദ്ദേശം നല്‍കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിന്റേതായിരുന്നു. ആ ഉത്തരവാദിത്വത്തില്‍നിന്ന് സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പ് അധികൃതരും വിട്ടുനിന്നു. ഇത് ഗുരുതരമായ അലംഭാവമാണെന്ന് പറയാതെ വയ്യ. ഇന്ന് കേരളത്തിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്നതിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമാണ്. മുംബൈയിലും ചെന്നൈയിലും നഗരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ബഫര്‍ സോണുകളില്ലാത്ത സംരക്ഷിത ഭൂപ്രദേശങ്ങളുണ്ട്. കഴിഞ്ഞ ദിവസം വിധിപറഞ്ഞ കേസിന് ആധാരമായ രാജസ്ഥാനിലെ സംരക്ഷിത വനത്തിന് ചുറ്റും കുറഞ്ഞ വീതിയിലുള്ള ബഫര്‍ സോണ്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.

കോടതിവിധിയുടെ പരിധിയില്‍ വരുന്ന 24 സംരക്ഷിത ഭൂപ്രദേശങ്ങളാണ് കേരളത്തിലുള്ളത്. ഇതില്‍ മിക്കവാറും സ്ഥലങ്ങളോട് ചേര്‍ന്നും സ്വാഭാവിക ജനവാസ മേഖലകളുണ്ട്. അതില്‍ ഏറിയപങ്കും കര്‍ഷകരാണ്. ഇപ്പോള്‍ വന്നിരിക്കുന്ന വിധി പ്രകാരമുള്ള നിയന്ത്രണങ്ങള്‍ നടപ്പിലായാല്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമായിരിക്കും. കുടുംബത്തോടെ എല്ലാമുപേക്ഷിച്ച് നാടുവിടേണ്ടതായി വന്നേക്കാവുന്നത് ലക്ഷക്കണക്കിന് പേര്‍ക്കായിരിക്കും. സാമ്പത്തിക തകര്‍ച്ചകളും ജീവിത തകര്‍ച്ചകളും ആത്മഹത്യകളും കേരളം ഒരുപാട് കാണേണ്ടതായിവരും. വ്യക്തികളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ ഈ സാഹചര്യത്തില്‍ പ്രകടിപ്പിക്കുന്ന അലംഭാവവും ഇതുവരെ പുലര്‍ത്തിവന്നിട്ടുള്ള നിരുത്തരവാദിത്വപരമായ സമീപനങ്ങളും മാപ്പര്‍ഹിക്കാത്തതാണ്. അടിയന്തിരമായി പരിഹാരം കാണേണ്ട വിഷയമാണിത്.

അത്യന്തം അപലപനീയമായ രാഷ്ട്രീയ മുതലെടുപ്പുകളാണ് ഒരു പതിറ്റാണ്ടായി ഈ വിഷയത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. 2011ല്‍ അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാരും, 2016 മുതല്‍ ഭരണം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരും ഒരേ വിധത്തിലുള്ള അലംഭാവമാണ് ഈ വിഷയത്തില്‍ പുലര്‍ത്തിയിട്ടുള്ളതെങ്കിലും പരസ്പരമുള്ള പഴിചാരലുകള്‍ തകൃതിയായി നടക്കുന്നുണ്ട്. ഈ വിഷയത്തില്‍ പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിലെ സാംഗത്യം വ്യക്തമല്ല. യഥാര്‍ത്ഥ ആവശ്യത്തില്‍നിന്നും വിഷയങ്ങളില്‍നിന്നും വഴിമാറി ഈ പ്രതിസന്ധി വേണ്ടരീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്നത്. ദിശാബോധത്തോടെയുള്ള ഇടപെടലുകളാണ് ഇപ്പോള്‍ ആവശ്യം. സമരങ്ങളെക്കാള്‍ ആവശ്യം യുക്തിഭദ്രമായ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണ്. വൈകാരികമായ ഇടപെടലുകളും രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കുള്ള ശ്രമങ്ങളും യഥാര്‍ത്ഥ പ്രശ്‌നപരിഹാരം വൈകാന്‍ ഇടയാക്കിയേക്കാം.

പത്തുവര്‍ഷം സാവകാശമുണ്ടായിരുന്നിട്ടും ഇതുവരെ ശരിയായ രീതിയില്‍ നടക്കാതിരുന്നിട്ടുള്ള പഠനങ്ങളും സര്‍വേയും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുകയാണ് ഇപ്പോഴുള്ള ആവശ്യം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രീംകോടതിക്കും ഉന്നതാധികാര സമിതിക്കും വ്യക്തത ലഭിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ട് തയാറാക്കുകയും നിയമപരമായും നയപരമായുമുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പുവരുത്തുകയും വേണം. ഭരണ പ്രതിപക്ഷ യുദ്ധവും ഹര്‍ത്താല്‍ മാമാങ്കങ്ങളുമല്ല, എല്ലാവരും ഒരുമിച്ചുനിന്നുള്ള പ്രയത്‌നമാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള യഥാര്‍ത്ഥ മാര്‍ഗം.

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?