Follow Us On

15

August

2022

Monday

ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം വയോധികർക്കായി സമർപ്പിച്ച് പാപ്പ

ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗം വയോധികർക്കായി സമർപ്പിച്ച് പാപ്പ

വത്തിക്കാൻ സിറ്റി: ഈ ജൂലൈ മാസത്തിൽ വിശ്വാസീസമൂഹം ഒരുമിച്ച് വയോധികർക്കായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഓരോ മാസവും വിവിധ പ്രാർത്ഥനാ വിഷയങ്ങൾ തിരഞ്ഞെടുത്ത് നൽകുന്ന പാപ്പ, ജൂലൈയിൽ ആഗോളസഭ വയോധികർക്കു വേണ്ടിയുള്ള ദിനാചരണം ക്രമീകരിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത പ്രാർത്ഥനാ നിയോഗം തിരഞ്ഞെടുത്തത്. തിരുസഭയിൽ ജൂലൈ 24നാണ് ഇത്തവണത്തെ വയോധിക ദിനാചരണം.

പേപ്പൽ പ്രാർത്ഥനാ നിയോഗങ്ങൾ ക്രോഡീകരിക്കുന്ന ‘പോപ്പ്‌സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക് ഗ്രൂപ്പ്’ തയാറാക്കിയ വീഡിയോയിലൂടെയാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഒരു ജനതയുടെ വേരുകളെയും ഓർമകളെയുമാണ് വയോധികർ പ്രതിനിധീകരിക്കുന്നതെന്ന ഓർമപ്പെടുത്തലോടെയായിരുന്നു പേപ്പൽ ആഹ്വാനം. വയോധികരുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കാതെ, കുടുംബമെന്ന ആശയത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നും പാപ്പ പറഞ്ഞു.

‘മാനവരാശിയുടെ ചരിത്രത്തിലിന്നോളം ഉള്ളതിൽ ഏറ്റവും കൂടുതൽ ആളുകളാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. എങ്കിലും, നാം ആയിരിക്കുന്ന ഈ പുതിയ ഘട്ടം എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് നമുക്കറിയില്ല. നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിക്കുന്ന അപ്പമാണ് മുത്തശ്ശീമുത്തച്ഛന്മാർ ഉൾപ്പെടെയുള്ള വയോധികർ. ഒരു ജനതയുടെ മറഞ്ഞിരിക്കുന്ന ജ്ഞാനമാണ് അവർ.’

അതിനാൽ അവരെയോർത്ത് നാം സന്തോഷിക്കണമെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, വയോധികരുടെ ദിനത്തെ കുറിച്ചും ഓർമിപ്പിച്ചു. വയോധികർ പകരുന്ന അനുഭവങ്ങളുടെയും ജ്ഞാനത്തിന്റെയും സഹായത്തോടെ പ്രതീക്ഷയോടും ഉത്തരവാദിത്വത്തോടുംകൂടി ഭാവിയിലേക്ക് നോക്കാൻ യുവജനങ്ങൾക്ക് സാധിക്കേണ്ടതുണ്ട്. അതിനാൽ, ആർദ്രതയുടെ ഗുരുക്കന്മാരായ വയോധികർക്കുവേണ്ടി പ്രാർത്ഥിക്കാമെന്ന് ആവർത്തിച്ച് ഓർമപ്പെടുത്തിയാണ് പാപ്പ സന്ദേശം അവസാനിപ്പിച്ചത്.

പ്രാർത്ഥനയിലൂടെയും പ്രവൃത്തിയിലൂടെയും ക്രൈസ്തവരെ നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ‘പോപ്സ് വേൾഡ് വൈഡ് പ്രയർ നെറ്റ്വർക്ക്’. 1884ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിന്റെ തുടർച്ചയായി 1929ലാണ് പ്രാർത്ഥനാ നിയോഗം കൂട്ടിച്ചേർത്ത് ഇവർ പ്രതിമാസ മധ്യസ്ഥ പ്രാർത്ഥനാ നിയോഗം പ്രസിദ്ധീകരിച്ച് തുടങ്ങിയത്.

വയോധികർക്കായുള്ള ദിനാചരണം സഭയിൽ ആരംഭിക്കുന്ന വിവരം 2021 ജനുവരിയിലാണ് പാപ്പ പ്രഖ്യാപിച്ചത്. യേശുവിന്റെ മുത്തശ്ശീമുത്തച്ഛന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് വയോധിക ദിനമായി പാപ്പ തിരഞ്ഞെടുക്കുന്നത്. ജൂലൈ 26നാണ് ആഗോളസഭയിൽ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാൾ. അതുപ്രകാരമാണ് ഈ വർഷത്തെ വയോധിക ദിനാചരണം ജൂലൈ 24ന് ക്രമീകരിച്ചിരിക്കുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?