Follow Us On

19

April

2024

Friday

എഴുത്തിനും വായനയ്ക്കും മുമ്പ് മാതാപിതാക്കൾ എന്നെ പരിശീലിപ്പിച്ചത് ജപമാല; ബാല്യകാലം പങ്കുവെച്ച് യു.എസിലെ ഇന്ത്യൻ വംശജനായ പ്രഥമ ബിഷപ്പ്

എഴുത്തിനും വായനയ്ക്കും മുമ്പ് മാതാപിതാക്കൾ എന്നെ പരിശീലിപ്പിച്ചത് ജപമാല; ബാല്യകാലം പങ്കുവെച്ച് യു.എസിലെ ഇന്ത്യൻ വംശജനായ പ്രഥമ ബിഷപ്പ്

ഒഹായോ: എഴുത്തും വായനയും പഠിപ്പിക്കുംമുമ്പ് മാതാപിതാക്കൾ ജപമാല പ്രാർത്ഥന പരിശീലിപ്പിച്ച ബാല്യകാലാനുഭവം പങ്കുവെച്ച് യു.എസിലെ ഇന്ത്യൻ വംശജനായ പ്രഥമ ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്, കുടുംബത്തിൽനിന്ന് വിശിഷ്യാ, മാതാപിതാക്കൾ പകർന്നു നൽകിയ വിശ്വാസജീവിതത്തെ കുറിച്ച് അദ്ദേഹം പങ്കുവെച്ചത്. ഇക്കഴിഞ്ഞ മേയ് 31നാണ് 50 വയസുകാരൻ ഫാ. ഏൾ ഫെർണാണ്ടസ് കൊളംബസ് രൂപതയുടെ 13-ാമത് ഇടയനായി അഭിഷിക്തനായത്.

‘ഉത്തമ വിശ്വാസികളായിരുന്ന മാതാപിതാക്കൾ പരിശുദ്ധ അമ്മയുടെ ജപമാലയർപ്പണത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. എഴുത്തും വായനയും പരിശീലിപ്പിക്കുംമുമ്പ് സ്വർഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർത്ഥനകൾ ഞാൻ മനപാഠമാക്കിയിരുന്നു. മാതാവിന്റെ ലുത്തീനിയ, സന്ധ്യാപ്രാർത്ഥന, വിശുദ്ധ കൊച്ചിത്രേസ്യയോടുള്ള നവനാൾ ജപം എന്നിവയോടെയാണ് ഓരോ ദിവസത്തെയും ജപമാല അർപ്പണം സമാപിച്ചിരുന്നത്,’ സിൻസിനാറ്റി അതിരൂപതയുടെ ഭൂതോച്ചാടകൻകൂടിയായിരുന്ന അദ്ദേഹം. പങ്കുവെച്ചു.

മുംബൈയിൽനിന്ന് കുടിയേറിയ ഓസ്വാൾഡ്- ടെൽമ ഫെർണാണ്ടസ് ദമ്പതികളുടെ മകനായി 1972 സെപ്തംബർ 21ന് ഒഹായോയിലെ തോലദോയിലാണ് ഏൾ ജനിച്ചത്. അധ്യാപികയായിരുന്ന അമ്മയുടെയും മെഡിക്കൽ ഡോക്ടറായ പിതാവിന്റെയും പ്രാർത്ഥനാ ജീവിതമാണ് അദ്ദേഹത്തിന്റെ വിശ്വാസരൂപീകരണത്തിൽ നിർണായകമായത്. ദിവ്യകാരുണ്യ നാഥനെ രുചിച്ചറിഞ്ഞ പ്രഥമ ദിവ്യകാരുണ്യവും ക്രിസ്തുവിന്റെ ശുശ്രൂഷാ പൗരോഹിത്യത്തിൽ പങ്കുകാരനാക്കിയ തിരുപ്പട്ടവും സ്വീകരിച്ച ദിനങ്ങളെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളായി ഓർത്തെടുത്ത അദ്ദേഹം അതിനുള്ള കാരണവും വ്യക്തമാക്കി:

‘കുടിയേറ്റ മാതാപിതാക്കളുടെ മകനായി വളരുന്ന പ്രായത്തിൽ ഞാൻ പലപ്പോഴും ചിന്തിച്ചിരുന്നു^ സമ്പന്നനായ ഒരു കുഞ്ഞിനെ സ്‌നേഹിക്കുന്നതുപോലെ ദൈവം എന്നെ സ്‌നേഹിക്കുന്നുണ്ടോ; വെള്ളക്കാരനായ കുഞ്ഞിനെ സ്‌നേഹിക്കുന്ന പോലെ; കായികശേഷിയുള്ള കുഞ്ഞിനെ സ്‌നേഹിക്കുന്ന പോലെ? ഞാൻ അത്രമേൽ സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന്, വിശുദ്ധ കുർബാന സ്വീകരണാനുഭവത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് ലഭിച്ച ആ സമ്മാനം മറ്റുള്ളവർക്കുകൂടി പകർന്നു നൽകാൻ പൗരോഹിത്യം എന്ന പ്രാപ്തനാക്കുന്നു.’

1994ൽ തോലദോ സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കി സാൽഫോർഡ് സർവകലാശാലയിൽ വൈദ്യശാസ്ത്ര പഠനം നടത്തവേയാണ് പൗരോഹിത്യ വിളി തിരിച്ചറിഞ്ഞ് സെമിനാരി അർത്ഥിയായത്. 2002ൽ സിൻസിനാറ്റിയിലെ മൗണ്ട് സെന്റ് മേരീസ് ദൈവാലയത്തിൽ വെച്ചായിരുന്നു തിരുപ്പട്ട സ്വീകരണം. സിൻസിനാറ്റി അതിരൂപതയിലെ ഹോളി ഏഞ്ചൽസ് ഇടവക വികാരിയായും സിഡ്‌നിയിലെ ലേമാൻ കാത്തലിക് ഹൈസ്‌കൂളിൽ മതാധ്യാപകനായും സേവനമനുഷ്ഠിച്ച ഇദ്ദേഹം 2004ൽ റോമിലെ അൽഫോൻസിയൻ അക്കാദമിയിൽ മോറൽ തിയോളജിയിൽ ഉന്നത പഠനവും പൂർത്തിയാക്കി.

2008 മുതൽ 2016 വരെ മൗണ്ട് സെന്റ് മേരീസ് ഓഫ് വെസ്റ്റ് സെമിനാരിയിൽ മോറൽ തിയോളജി ഡീനും അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു. 2015 മുതൽ 2016 വരെ ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച ‘കരുണയുടെ ജൂബിലി വർഷ’ത്തിൽ കരുണയുടെ മിഷനറിയായും നിയമിക്കപ്പെട്ട ഇദ്ദേഹം വത്തിക്കാൻ ന്യുൺഷ്യേച്ചറിൽ മൂന്നര വർഷത്തോളം ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഒഹായോ സംസ്ഥാനത്ത് 11,310 ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കൊളംബസ് രൂപതയിൽ രണ്ട് ലക്ഷത്തിൽപ്പരം കത്തോലിക്കരുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?