Follow Us On

15

August

2022

Monday

രണ്ട് വിശുദ്ധര്‍ക്കൊപ്പം ശുശ്രൂഷ ചെയ്ത അപൂര്‍വ്വ സഹോദരിമാര്‍

രണ്ട് വിശുദ്ധര്‍ക്കൊപ്പം ശുശ്രൂഷ ചെയ്ത  അപൂര്‍വ്വ സഹോദരിമാര്‍

– പ്ലാത്തോട്ടം മാത്യു

വിശുദ്ധ മദര്‍ തെരേസ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എന്നിവര്‍ക്കൊപ്പം ദീര്‍ഘകാലം ശുശ്രൂഷ ചെയ്ത സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സന്യാസ സഭാംഗങ്ങളായ രണ്ടു സഹോദരി കന്യാസ്ത്രീകള്‍ സന്യാസ സുവര്‍ണ ജൂബിലി നിറവില്‍. തലശേരി അതിരൂപതയിലെ ചെറുപുഴ തിരുമേനി സെന്റ് ആന്റണീസ് ഇടവകാംഗങ്ങളായ സിസ്റ്റര്‍ ലിസി മുണ്ടയ്ക്കല്‍ (76), സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ (72) എന്നിവരാണ് ജൂബിലി ആഘോഷിക്കുന്നത്.

1972-ല്‍ കൊല്‍ക്കത്തയില്‍ മദര്‍ ഹൗസില്‍ മദര്‍ തെരേസയുടെ സാന്നിധ്യത്തിലായിരുന്നു ഇവരുവരും സഭാവസ്ത്രം സ്വീകരിച്ചത്. മിഷനറീസ് ഓഫ് ചാരിറ്റി സഭയില്‍ ചേര്‍ന്ന കേരളത്തില്‍നിന്നുള്ള ആദ്യ ബാച്ച് മലയാളികളില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. മദറിനൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്യുകയും സേവനശുശ്രൂഷകള്‍ നടത്തുകയും ചെയ്തിരുന്നു. ജര്‍മനി, അമേരിക്ക, ബംഗ്ലാദേശ്, ഇറ്റലി, റോം, സൗത്ത് ആഫ്രിക്ക, വെനിസ്വേല, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കൊ തുടങ്ങിയ രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്ത ഇവര്‍ വിവിധ വിദേശ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പ്രാവണ്യം നേടിയിട്ടുണ്ട്. എങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഷാപരിജ്ഞാനത്തെക്കാള്‍ കാരുണ്യമുള്ള ഹൃദയമാണ് വേണ്ടതെന്ന് ഈ സഹോദരിമാര്‍ പറയുന്നു. ആഴമായ ദൈവാശ്രയത്വത്തിലൂടെയേ ഇതു ലഭിക്കൂ, ഇവര്‍ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ മദര്‍ തെരേസ, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ എന്നിവര്‍ക്കൊപ്പം ശുശ്രൂഷ ചെയ്തതിനിടെ രണ്ടു വിശുദ്ധരുമായി നല്ല വ്യക്തിബന്ധവും പരിചയവും നിലനിര്‍ത്താന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു. ആദ്യദിനങ്ങളില്‍ മദറിനൊപ്പമായിരിക്കാനും ശുശ്രൂഷ ചെയ്യാനും അനുഗ്രഹം നേടാനും ഇരുവര്‍ക്കും ഭാഗ്യമുണ്ടായി. മരണാനന്തര സംസ്‌കാര ചടങ്ങുകളില്‍ സജീവ സാന്നിധ്യമായിരുന്നു. മദറിനൊപ്പം നിരവധി വിദേശ രാജ്യങ്ങളില്‍ യാത്ര ചെയ്തതിലൂടെ നിരവധി രാഷ്ട്രനേതാക്കള്‍, സഭയിലെ ഉന്നതര്‍ എന്നിവരെ കാണുവാനും പരിചയപ്പെടുവാനും കഴിഞ്ഞിരുന്നു. റോമിലെ ശുശ്രൂഷാകാലത്താണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുമായി അടുത്തിടപെടുവാനും ശുശ്രൂഷ ചെയ്യുവാനും കഴിഞ്ഞത്.

കുഷ്ഠരോഗികളെ പരിചരിക്കുന്നതിന് ഇരുവര്‍ക്കും പ്രത്യേകം പരിശീലനം ലഭിച്ചിരുന്നു. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളില്‍ സേവനം ചെയ്തിരുന്നു. കുഷ്ഠരോഗികളെ ശുശ്രൂഷിച്ചതിന് ഇരുവര്‍ക്കും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.
സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സഭയില്‍ ജൂബിലിപോലുള്ള ആഘോഷങ്ങളില്ലെങ്കിലും ജൂബിലിയവസരത്തില്‍ ഇവര്‍ മാതൃ ഇടവകയില്‍ ആയിരുന്നതിനാല്‍ ഇടവകാസമൂഹം ഇവരെ ആദരിക്കുകയായിരുന്നു. സഭാ നിയമമനുസരിച്ച് പത്തുവര്‍ഷം കൂടുമ്പോഴേ നാട്ടില്‍ വരാന്‍ അനുവാദമുള്ളൂ. സന്യാസ ജീവിതത്തിന്റെ സുവര്‍ണജൂബിലിവര്‍ഷം നാട്ടില്‍ വരാനും ദൈവത്തിന് നന്ദി പറയാനും ഭാഗ്യം ലഭിച്ചതില്‍ ഇരുവരും ദൈവകാരുണ്യത്തിന് കൃതജ്ഞയര്‍പ്പിച്ചു.

ഇടവക വികാരി ഫാ. ആന്റണി തെക്കേമുറിയില്‍, അസിസ്റ്റന്റ് വികാരി ഫാ. ദേവസ്യ വട്ടപ്പാറ എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയും കൃതജ്ഞതാ പ്രാര്‍ത്ഥനയും നടത്തി. അനുമോദന ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ച സിസ്റ്റേഴ്‌സിന് ഇടവകസമൂഹം ജൂബിലിയാശംസകള്‍ അര്‍പ്പിച്ചു. കൊല്‍ക്കത്തയില്‍ മടങ്ങിയെത്തിയാല്‍ സിസ്റ്റര്‍ ലിസി മദര്‍ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. സിസ്റ്റര്‍ മേരി സന്ധ്യ കൊല്‍ക്കത്തയില്‍നിന്നും പോര്‍ച്ചുഗലിലേക്ക് സേവനത്തിനായി പോകും. മണ്ഡപത്തില്‍ ജോസഫ്-ഏലിയാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് സിസ്റ്റര്‍ ലിസി, മൂന്നാമത്തെ മകളാണ് സിസ്റ്റര്‍ മേരി സന്ധ്യ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?