Follow Us On

15

August

2022

Monday

10 കുടുംബങ്ങള്‍ക്ക് തണലേകാന്‍ ഒരു കുടുംബം

10 കുടുംബങ്ങള്‍ക്ക് തണലേകാന്‍  ഒരു കുടുംബം

വിനില്‍ ജോസഫ്

വീടിന്റെ ഗൃഹപ്രവേശം പലരുടെയും സ്വപ്‌നമാണ്. ആ സ്വപ്‌നത്തിന്റെ പൂര്‍ത്തീകരണത്തിനൊപ്പം ഒരു നന്മപ്രവൃത്തികൂടി ആയാല്‍, അത് കൂടുതല്‍ സുന്ദരമാകും. അത്തരമൊരു സംഭവമാണ് കാസര്‍ഗോഡ് ജില്ലയിലെ കോടാം-ബേളൂര്‍ പഞ്ചായത്തിലെ കുടിയേറ്റ ഗ്രാമമായ കനകപ്പള്ളിയില്‍ നടന്നത്. അവിടുത്തെ സജീവ് മറ്റത്തില്‍-ജയ സജീവ് ദമ്പതികള്‍ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ച് പത്ത് കുടുംബങ്ങള്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ്. നിരാലംബരും നിസഹായരുമായ ഈ പത്ത് കുടുംബങ്ങളുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിനായി സമ്പാദ്യത്തിന്റെ വലിയൊരു ഭാഗമാണ് സജീവും കുടുംബവും നല്‍കിയിരിക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍നിന്നുള്ള 10 കുടുംബങ്ങള്‍ക്കാണ് അഞ്ചുസെന്റ് സ്ഥലംവീതം നല്‍കിയത്. കഴിഞ്ഞ മാസം നടന്ന അവരുടെ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചാണ് സ്ഥലത്തിന്റെ രേഖകള്‍ കൈമാറിയത്.

സ്വപ്‌നഭവനം
സജീവ്-ജയ ദമ്പതികള്‍ക്ക് സ്വന്തമായി ഒരു ഭവനം എന്നത് വലിയൊരു ആഗ്രഹമായിരുന്നു. കാലങ്ങള്‍ കാത്തിരുന്ന് സ്വപ്‌നങ്ങള്‍ നെയ്‌തെടുത്താണ് അവര്‍ തങ്ങളുടെ സ്വപ്‌നഭവനത്തിന്റെ പണി ആരംഭിക്കുന്നത്. വീടുപണി തുടങ്ങിയപ്പോള്‍ സജീവ് തന്റെ ഒരു ആഗ്രഹം ഭാര്യ ജയയെ അറിയിച്ചു. നമ്മുടെ വീട് ഒരുങ്ങുന്നതിനൊപ്പം കുറച്ച് നിരാലംബര്‍ക്ക് സാമ്പത്തികസഹായം നല്‍കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതുകേട്ട ഭാര്യ വ്യത്യസ്തമായ ഒരു ചിന്തയാണ് മുന്നോട്ടുവച്ചത്. തങ്ങള്‍ക്ക് വീട് ഒരുങ്ങുന്നതുപോലെ മറ്റു ചിലര്‍ക്കുകൂടി വീടൊരുക്കാന്‍ സാഹചര്യം ഒരുക്കുന്നതല്ലേ നല്ലതെന്ന ചോദ്യമായിരുന്നു ജയയുടേത്. കനകപ്പള്ളിയിലുള്ള സ്ഥലം അതിനായി ഉപയോഗപ്പെടുത്താനും കഴിയില്ലേ എന്ന് അവര്‍ ചോദിച്ചു. തന്റെ സ്വപ്‌നം അര്‍ത്ഥവത്താക്കിയ ആ അഭിപ്രായത്തെ സജീവ് നെഞ്ചോടു ചേര്‍ത്തു. പിന്നീട് മക്കളോടും ഈ അഭിപ്രായം പങ്കുവച്ചു. അവരും സന്തോഷത്തോടെ ഇത് സ്വീകരിക്കുകയായിരുന്നു.

സ്വപ്‌നത്തിനായുള്ള കൂട്ടായ്മ
അവരുടെ വീടുപണി നടക്കുമ്പോള്‍ത്തന്നെ ആ ദമ്പതികള്‍ നിരാലംബരായ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. കനകപ്പള്ളി റോഡരികില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന അറുപത് സെന്റ് സ്ഥലമാണ് അതിനായി അവര്‍ മാറ്റിവച്ചത്. തങ്ങള്‍ക്ക് വീട് വയ്ക്കുവാനായി 15 വര്‍ഷംമുമ്പ് വാങ്ങിയതായിരുന്നു ആ സ്ഥലം. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പത്തംഗ കമ്മിറ്റി രൂപീകരിക്കുകയാണ് ആദ്യമായി ചെയ്തത്. കനകപ്പള്ളി സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് ദൈവാലയ വികാരി ഫാ. പീറ്റര്‍ കനീഷ് രക്ഷാധികാരിയായാണ് കമ്മിറ്റി രൂപീകരിച്ചത്. തുടര്‍ന്ന് കമ്മിറ്റിയംഗങ്ങള്‍ ചേര്‍ന്ന് നിലാരംബരായ ഭൂരഹിതര്‍ക്ക് സൗജന്യമായി സ്ഥലം നല്‍കുന്നുവെന്ന് അറിയിച്ചുകൊണ്ട് ഒരു പത്രസമ്മേളനവും നടത്തി. പ്രസ്തുത വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് പത്രങ്ങള്‍ നല്‍കിയത്. തല്‍ഫലമായി കോട്ടയം, ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങളില്‍നിന്നടക്കം അറുപത് അപേക്ഷകളാണ് ലഭിച്ചത്.

അപേക്ഷ ലഭിച്ച മുറയ്ക്ക് കമ്മിറ്റിയംഗങ്ങള്‍ അപേക്ഷകരെ തേടിപ്പോവുകയും അവരുടെ ജീവിതാവസ്ഥകള്‍ കണ്ട് മനസിലാക്കുകയും ചെയ്തു. അപേക്ഷകരില്‍ ഭൂരിഭാഗവും സഹായത്തിന് അര്‍ഹരായിരുന്നുവെങ്കിലും തങ്ങളുടെ ദൗത്യത്തിന് അകത്തുനിന്നുകൊണ്ട് പത്തുപേരെ തിരഞ്ഞെടുത്തു. വിധവകളും രോഗികളും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും വയോധികരും ഉള്‍പ്പെടെയുള്ളവരാണ് ഗുണഭോക്താക്കള്‍. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അപേക്ഷകരെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. കനകപ്പള്ളിയില്‍ സ്ഥിരതാമസമാക്കാന്‍ കൂടുതല്‍ ഉചിതം സമീപപ്രദേശത്തുള്ളവരാണെന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു അത്.

അര്‍ഹരായ അപേക്ഷകരെ തിരഞ്ഞെടുത്ത വിവരം അറിയിച്ചശേഷം സ്ഥലം കാണിക്കുവാനായി അവരെ എല്ലാവരെയും ഒരു ദിവസം കനകപ്പള്ളിയില്‍ ഒരുമിച്ചുകൂട്ടി. സ്ഥലം കണ്ട് ബോധ്യപ്പെട്ടശേഷം ഓരോരുത്തര്‍ക്കുമായി അഞ്ചുസെന്റ് വീതം സ്ഥലം അളന്നു തിട്ടപ്പെടുത്തി നല്‍കി. നിരാലംബരുടെ കണ്ണില്‍ പ്രതീക്ഷയുടെ വെള്ളിവെളിച്ചം അന്നാണ് തങ്ങള്‍ നേരിട്ടുകാണുന്നതെന്ന് നിര്‍വൃതിയോടെ ആ ദമ്പതികള്‍ പങ്കുവയ്ക്കുന്നു.
കനകപ്പള്ളിയിലെ സ്ഥലത്തുനിന്നും നാലുകിലോമീറ്റര്‍ അകലെ ബളാലിലാണ് സജീവ് പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. മെയ് ഏഴിന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയാണ് വീടിന്റെ വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചത്. പിറ്റേന്ന് സ്ഥലം കൈമാറേണ്ട പത്ത് കുടുംബങ്ങളെയും വീട്ടിലേക്ക് ക്ഷണിച്ചു. അന്നേദിവസം സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍വച്ചാണ് സ്ഥലത്തിന്റെ രേഖകള്‍ കൈമാറിയത്. കമ്മിറ്റിയംഗങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. നിറഞ്ഞ കണ്ണുകളുമായി തങ്ങള്‍ക്ക് ലഭിച്ച ഭൂമിയുടെ രേഖകള്‍ നെഞ്ചോടു ചേര്‍ത്തുവച്ച് അവര്‍ ഓരോരുത്തരായി മടങ്ങിയതിനുശേഷമാണ് തങ്ങളുടെ ഗൃഹപ്രവേശനചടങ്ങ് പൂര്‍ത്തിയായതെന്ന് ജയ സാക്ഷ്യപ്പെടുത്തുന്നു.

ഇനി പത്ത് സ്വപ്‌നഭവനങ്ങള്‍ ഉയരണം
സ്ഥലം ലഭിച്ച പത്ത് കുടുംബങ്ങളും നിസഹായരും നിരാലംബരുമാണ്. അതിനാല്‍ അവര്‍ക്ക് സ്വന്തമായി ഒരു വീട് നിര്‍മിക്കുക എന്നത് ചിന്തിക്കാനാകാത്ത സംഗതിയാണ്. ഇത് മനസിലാക്കിയ കമ്മിറ്റിയംഗങ്ങള്‍ സജീവിന്റെ നേതൃത്വത്തില്‍ പ്രശ്‌നത്തിന് ഒരു പോംവഴി തേടി പഞ്ചായത്തിനെ സമീപിച്ചു. പഞ്ചായത്ത് അധികൃതര്‍ വളരെ സൗമനസ്യത്തോടെ അവരുടെ ആവശ്യം കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്തു. ലൈഫ് ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പത്തുപേര്‍ക്കും വീട് നിര്‍മിച്ചു നല്‍കാമെന്ന ഉറപ്പാണ് പഞ്ചായത്തധികൃതര്‍ നല്‍കിയത്.

സജീവും കുടുംബവും ഇനിയൊരു കാത്തിരിപ്പിലാണ്. തങ്ങളുടെ ആ പഴയ സ്ഥലത്ത് പത്ത് സ്വപ്‌നഭവനങ്ങള്‍ ഉയരുന്നതും കാത്ത് അവര്‍ പ്രതീക്ഷയോടെ ഇരിക്കുന്നു. സര്‍ക്കാരിന്റെ കനിവ് ഉടനുണ്ടാകുകയാണെങ്കില്‍ തങ്ങളുടെ സ്ഥലം നിലാരംബരുടെ പ്രതീക്ഷയുടെ ഇടമായി മാറും എന്നതില്‍ സംശയമില്ല. ദുരന്തങ്ങള്‍ തല്ലിക്കെടുത്തിയ പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രശോഭയോടെ അവിടെ തെളിയും. അത് ഉടനുണ്ടാകണമേ എന്നാണ് ഇപ്പോഴും ഇവരുടെ പ്രാര്‍ത്ഥന.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?