ബിജു ഡാനിയേല്‍
മനുഷ്യനേത്രങ്ങളില്‍ പതിക്കുന്ന പ്രതിബിംബങ്ങളെ ഒരു രൂപമായി കാണുന്നതിനെ നിര്‍വചിച്ച ശാസ്ത്രജ്ഞനാണ് ഫ്രാങ്കോയിസ് ഡി അഗ്വിലോണ്. ഇരട്ടക്കുഴല്‍ ദൂരദര്‍ശിനിയായ ബൈനോക്കുലറിന്റെ പ്രാരംഭചിന്തകള് നല്കിയതും അഗ്വിലോണാണ്. ഇദ്ദേഹം സ്പാനിഷ് നെതര്ലണ്ടില്നിന്നുള്ള ഈശോസഭാ വൈദികനായാണ് അറിയപ്പെടുന്നത്. ഗണിതശാസ്ത്രജ്ഞന്, ഭൗതിക ശാസ്ത്രജ്ഞന്, വാസ്തുശില്പി എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്നിരുന്നു.
ജനനം ബല്‍ജിയത്തിന്റെ തലസ്ഥാനകേന്ദ്രമായ ബ്രസല്‍സില്‍ 1567 ജനുവരി നാലിന്. പിതാവ് വിവേകിയായ ഫിലിപ് എന്നറിയപ്പെട്ടിരുന്ന സ്പെയിനിലെ ഫിലിപ്പ് രണ്ടാമന് രാജാവിന്റെ സെക്രട്ടറിയായിരുന്നു. 1586-ല്‍ പശ്ചിമ ബല്‍ജിയത്തിലെ ഹൈനൗട്ട് പ്രവിശ്യയിലുള്ള ടൂര്നയി പട്ടണത്തിലെ ജസ്യൂട്ട് ഭവനത്തില്‍ ചേര്‍ന്ന് അഗ്വിലോണ് ഈശോസഭയില്‍ അംഗമായി. 1598-ല്‍ ആന്റ്വെര്പ്പിലേക്കു സ്ഥലം മാറുകയും അവിടെവച്ച് വിശുദ്ധ കാര്‍ലോസ് ബൊറോമിയോസിന്റെ പേരിലുള്ള ദൈവാലയപണിക്കുള്ള പ്ലാന്‍ തയാറാക്കാനുള്ള സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
ആന്റ്വെര്പ്പില് ഗണിതശാസ്ത്രത്തിനായി ഒരു സ്പെഷ്യല്‍ സ്കൂള്‍ അദ്ദേഹം ആരംഭിച്ചു. ഗ്രിഗോറിയന്‍ കലണ്ടര്‍ അംഗീകരിച്ച വത്തിക്കാന്‍ കമ്മീഷന് അംഗവും ജര്‍മന്‍ ഗണിത ശാസ്ത്രജ്ഞനുമായ ക്രിസ്റ്റഫര്‍ ക്ലവിയസിന്റെ സ്വപ്നമായിരുന്നു ഈശോസഭയുടെ നേതൃത്വത്തിലുള്ള ഗണിതശാസ്ത്ര സ്കൂള്‍. 1616 മുതല്‍ അഗ്വിലോണ് വിശുദ്ധ വിന്‍സന്റിനൊപ്പം അവിടെ ചേര്‍ന്നു പ്രവര്‍ത്തിക്കാനാരംഭിച്ചു. അവിടെനിന്നും പരിശീലനം സിദ്ധിച്ച പ്രതിഭകളായിരുന്നു, വൃത്തത്തിന്റെ ഗുരുത്വാകര്‍ഷണകേന്ദ്രം കണ്ടുപിടിച്ച ജാന്‍ കാറല്‍ സെല്ല ഫൈല്ലേ, ചലിക്കുന്ന വസ്തുവിന് എങ്ങനെ അര്ദ്ധവൃത്തങ്ങളെ രൂപപ്പെടുത്താനാകുമെന്ന് നിര്‍വചിച്ച ആന്‍ഡ്രെ ടാക്വെറ്റ്, ചന്ദ്രന്റെ കാന്തിക സ്വാധീനത്തിലാണ് വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നതെന്നു സമര്‍ത്ഥിച്ച തിയോഡോറസ് മൊറേഷസ് എന്നിവര്‍.
പൂര്‍ത്തീകരിക്കാത്ത ആറ് പുസ്തകങ്ങള്‍
ഫ്രാങ്കോയിസ് ഡി അഗ്വിലോണ് എഴുതിയതും പൂര്‍ത്തീകരിക്കാനാവാതെ പോയതുമായ പ്രകാശശാസ്ത്രത്തെക്കുറിച്ചുള്ള ആറ് പുസ്തകങ്ങള്‍ ഗണിത ശാസ്ത്രകാരന്മാര്ക്കും തത്വചിന്തകര്‍ക്കും വളരെ ഉപകാരപ്പെടുന്നവയായിരുന്നു. അതു പ്രസിദ്ധീകരിച്ചത് 1613-ല്‍ ആന്റ്വെര്പ്പില് ബല്‍ത്താസര്‍ മൊറേഷ്യസ് ഒന്നാമനാണ്. അതിനുള്ള ചിത്രങ്ങള്‍ വരച്ചത് പീറ്റര്‍ പോള്‍ റൂബന്‍സും. ബൈനോക്കുലറിനെക്കുറിച്ചുള്ള പ്രാരംഭപഠനങ്ങള്‍ ഈ രചനകളില്‍ ഉള്‍പ്പെടുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രകാശ ശാസ്ത്രത്തിലും വാസ്തുവിദ്യയിലുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്ന സ്റ്റീരിയോഗ്രഫിക് പ്രൊജക്ഷന്, ഓര്ത്തോഗ്രഫിക് പ്രൊജക്ഷന് എന്നീ പരാമര്‍ശങ്ങള്‍ അവതരിപ്പിക്കപ്പെട്ടതും ഈ പുസ്തകങ്ങളിലായിരുന്നു.
പ്രകാശ ശാസ്ത്രത്തെക്കുറിച്ചുള്ള അഗ്വിലോണിന്റെ ആറ് പുസ്തകങ്ങളില്‍ ഊന്നല്‍ നല്കിയ ജ്യോമെട്രിക്കല്‍ ഒപ്റ്റിക്സ്, ജസ്യൂട്ട് സ്കൂളിലെ ജ്യോമെട്രി വിഷയത്തിന്റെ ഉപവിഷയമായിരുന്നു. അദ്ദേഹം യുക്തിശാസ്ത്രം, പദവിന്യാസം, ദൈവശാസ്ത്രം എന്നിവ പഠിപ്പിച്ചിരുന്നു. ഇവയിലുള്ള അറിവ് ക്ഷേത്രഗണിതത്തിലും ശാസ്ത്രശാഖകളിലുമുള്ള അധ്യാപനത്തെ സമ്പുഷ്ടമാക്കാന്‍ സഹായിച്ചു. ഇതുകൂടാതെ ബല്‍ജിയത്തില്‍ ഭൂമിശാസ്ത്രം, ഗതിനിയന്ത്രണം, വാസ്തുവിദ്യ, സൈനികകലകള് എന്നിവയും പഠിപ്പിച്ചിരുന്നു. ഇതുകൂടാതെ അദ്ദേഹത്തിന്റെ മേലധികാരികള്‍ക്ക് യൂക്ലിഡ്, അല്‍ഹാസെന്‍, വിറ്റെല്ലോ, റോജര്‍ ബേക്കല്‍ എന്നിവരുടെ പഠനങ്ങളെ ഡി അഗ്വിലോണ് ഉദ്ഗ്രഥിക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ അഗ്വിലോണ് തന്നില്‍ നിഷിപ്തമായ പഠനരചനകള്‍ പൂര്ത്തീകരിക്കുന്നതിനാവുന്നതിനുമുമ്പുതന്നെ 1617 മാര്‍ച്ച് 20ന് മരണമടഞ്ഞു. അപൂര്ണങ്ങളാണെങ്കിലും അവയിന്നും ആഴമേറിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠനഗ്രന്ഥങ്ങളായി നിലകൊള്ളുന്നു.
ഡി അഗ്വിലോണ് വളരെ വിശദമായി സ്റ്റീരിയോഗ്രഫിക് പ്രൊജക്ഷനുകളെകുറിച്ച് പഠിച്ചു. അതു വാസ്തുവിദ്യയിലും (Architecture) പ്രപഞ്ച വിവരണ ശാസ്ത്രത്തിലും (Cosmography) ഗതിനിയന്ത്രണ വിദ്യയിലും (Navigation) വിവിധ കലകളിലും ഉപയോഗപ്പെടണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പ്രകാശപ്രതിബിംബങ്ങള് പ്രതിഫലിക്കുന്ന സ്ക്രീനില്‍ പ്രതിഫലനങ്ങള്‍ ഉന്തിനില്ക്കുന്നതായും പുറത്തേക്കു തള്ളിനില്ക്കുന്നതുമായി ചിത്രീകരിക്കുന്നതിന് കലാകാരന്മാരും വാസ്തുവിദ്യക്കാരും നൂറ്റാണ്ടുകളോളം സാധാരണ രീതികളായിരുന്നു അവലംബിച്ചിരുന്നത്. അദ്ദേഹത്തിന്റെ ഒപ്റ്റിക്കോറും ലിബ്രി സെക്സ് ഇത്തരം ജ്യാമിതീയ രൂപങ്ങളെ അഥവാ തള്ളിനില്ക്കലുകളെ (Projections) കൈകാര്യം ചെയ്യുന്നതോടൊപ്പം പ്രത്യക്ഷബോധത്തിന്റെ (Perceptions) പിഴവുകളെ കണ്ടെത്തുന്നുമുണ്ട്. പ്രകാശകിരണങ്ങള്‍ കണ്ണിന്റെ കാചപടലത്തിലും (cornea) ലെന്‍സിന്റെ പ്രതലത്തിലും സമകോണിലാണ് പതിക്കുന്നതെന്ന അല്‍ഹാസന്റെ പഠനത്തെ ഡി അഗ്വിലോണ് സ്വീകരിക്കുന്നു.
ഹൊറോപ്റ്റര് ആദ്യമായി ഉപയോഗിച്ചത്
ഹൊറോപ്റ്റര് എന്ന വിശേഷണവും ആദ്യമായി ഉപയോഗിച്ചത് ഡി അഗ്വിലോണാണ്. രണ്ടു കണ്ണുകളുടെയും റെറ്റിനയില്‍ പതിക്കുന്ന വസ്തുവിന്റെ പ്രതിഫലനം ഒരു കേന്ദ്രബിന്ദുവില്‍ കേന്ദ്രീകരിക്കുന്നതിനെയാണ് ഹൊറോപ്റ്റര് എന്നു വിശേഷിപ്പിക്കുന്നത്. ഇത് രണ്ടു കണ്ണുകളുടെയും ഫോക്കല്‍ പോയിന്റുകളിലൂടെ വരയ്ക്കുന്ന രേഖകളുടെയും രണ്ടു കണ്ണുകള്‍ക്കും സമാന്തരമായി വരയ്ക്കുന്ന രേഖയുടെയും സംഗമചിത്രമാണ്. ഹൊറോപ്റ്റര് തത്വമനുസരിച്ചാണ് ഒരു വസ്തുവിനെ അതായിരിക്കുന്ന അവസ്ഥയില്‍ നാം കാണുന്നതെന്നു വ്യക്തം. വസ്തുക്കളുടെ ആവര്‍ത്തിത പ്രതിഫലനത്തെ അളക്കാനുള്ള ഉപകരണവും അഗ്വിലോണ് നിര്‍മിച്ചു.
ടോളമിയുടെയും ഹിപ്പാര്‍ക്കസിന്റെയും സ്റ്റീരിയോഗ്രാഫിക് പ്രൊജക്ഷനുകളെക്കുറിച്ചുള്ള വീക്ഷണകോണുകള്തന്നെ അഗ്വിലോണിന്റെ പഠനങ്ങളിലും കാണാനാകും. പ്രകാശ ശാസ്ത്രത്തിന്റെ ക്ഷേത്രഗണിത ഗുണങ്ങളെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ അഗ്വിലോണ് പങ്കുവച്ചിരുന്നു.
ഡി അഗ്വിലോണിന്റെ ബുക്കിന്റെ ആരംഭത്തിലും ഓരോ ഭാഗത്തിന്റെ തുടക്കത്തിലും ഫ്ളെമിഷ് ബാരോക് പെയിന്ററായ പീറ്റര്‍ പോള്‍ റൂബന്‍സ് വരച്ച ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തില്‍ അഗ്വിലോണിന്റെ പേരിനൊപ്പം പല തരത്തിലുള്ള ജ്യാമിതീയവും പ്രകാശപ്രതിഫലനങ്ങളുടെയും ചിത്രീകരണങ്ങളും വരച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിന്റെയും ആരംഭത്തില്‍ അഗ്വിലോണിന്റെ പരീക്ഷണങ്ങളുടെ ചിത്രീകരണങ്ങളും റൂബന്‍സ് നല്‍കിയിട്ടുണ്ട്. അവയിലൊന്ന്, പ്രഭവകേന്ദ്രത്തില്‍നിന്ന് പ്രകാശം സഞ്ചരിക്കുന്തോറും അതിന്റെ വ്യാപനത്തിലും വിശ്ലേഷണത്തിലും ഉണ്ടാകുന്ന തീവ്രത വ്യക്തമാക്കുന്ന ചിത്രീകരണവുമാണ്. പഠനത്തിനും ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ക്കും മാത്രമല്ല കലകള്‍ക്കും ചിത്രങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്കിയ പ്രതിഭാസമ്പന്നനായ കത്തോലിക്കാ വൈദികനുമായിരുന്നു ഫ്രാങ്കോയിസ് ഡി അഗ്വിലോണ്.
Leave a Comment
Your email address will not be published. Required fields are marked with *