ബീജിങ്: കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മമേകാൻ ദമ്പതിമാരെ പ്രോത്സാഹിപ്പിച്ച് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. നികുതി ഇളവ്, ഭവന വായ്പ, വിദ്യാഭ്യാസസഹായം, സാമ്പത്തിക സഹായംവരെ എന്നിങ്ങനെ ആകർഷകമായ ആനുകൂല്യങ്ങൾ ഇതിനായി ചൈന ലഭ്യമാക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ന്യൂയോർക്ക് ടൈംസ്’ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയിലെ ജനനനിരക്ക് കുറയുകയും പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യം അതിജീവിക്കുക എന്നതാണ് ചൈനയുടെ ഈ മനംമാറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
കുപ്രസിദ്ധമായ ‘ഒറ്റക്കുട്ടി’ നയത്തിൽനിന്ന് ‘മൂന്ന് കുട്ടി’ നയത്തിലേക്ക് 2021ൽ ചൈന ഔദ്യോഗികമായി മാറിയപ്പോൾത്തന്നെ, അതിൽ കൂടുതൽ കുട്ടികളുണ്ടായാലും ശിക്ഷാനടപടി ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതു ശരിവെക്കുന്നതാണ് ചൈനയിൽനിന്ന് പുറത്തുവരുന്ന പുതിയ വിവരങ്ങൾ. ഒന്നിൽ കൂടുതൽ മക്കളുണ്ടായാൽ പിഴ നൽകണമെന്ന നയത്തിൽനിന്ന് കൂടുതൽ കുട്ടികൾക്ക് ജന്മമേകാൻ ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിലേക്ക് ചൈന മാറുമ്പോൾ, നിർബന്ധിത കുടുംബാസൂത്രണം വീണ്ടും ചർച്ചയാകുകയാണ്.
പുതിയ ആനുകൂല്യങ്ങൾ വിവാഹിതരായ ദമ്പതികൾക്ക് മാത്രമേ ലഭ്യമാകൂ എന്നതും ശ്രദ്ധേയം. ജനസംഖ്യാ വർധന നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 1980ലാണ് ജനനനിയന്ത്രണം നടപ്പാക്കാൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചത്. ഒരു കുട്ടി എന്ന നയം ഏതാണ്ട് 36 വർഷമാണ് ചൈന പിന്തുടർന്നത്. പ്രായമായവർ വർധിക്കുന്നു എന്ന ആശങ്കമൂലമാണ്, ലോകത്തെ ഏറ്റവും കർശനമായ ഈ കുടുംബാസൂത്രണ നയം പിൻവലിച്ച്, രണ്ട് മക്കൾ വരെയാകാമെന്ന് 2016ൽ പ്രഖ്യാപിച്ചത്. സന്തുലിതാവസ്ഥയിലുള്ള ജനസംഖ്യാനിരക്കിന് അതും പര്യാപതമല്ല എന്ന തിരിച്ചറിവായിരുന്നു 2021ലെ നയം മാറ്റത്തിനും കാരണം. ഇപ്പോഴിതാ, അതിലും മാറ്റം വരുന്നു.
ജനംഖ്യയിലെ അസന്തുലിതാവസ്ഥ വർദ്ധിക്കുന്നതിലെയും തൊഴിൽ എടുക്കാൻ ശേഷിയുള്ളവരുടെ എണ്ണം കുറയുന്നതിലെയും അപകടം ഭരണകൂടത്തെ കാര്യമായി ആശങ്കപ്പെടുത്തുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം. ഓരോ വർഷവും ചൈനയിലെ ജനന നിരക്ക് അപകടകരമാംവിധം കുറയുകയാണ്. 2020ൽ ജനന നിരക്ക് 11.4 ആയിരുന്നുവെങ്കിൽ 2021ൽ ഇത് 11.2 ആയും 2022ൽ 10.9 ആയും കുറഞ്ഞു. ഈ കാലഘട്ടങ്ങളിലെ മരണ നിരക്ക് 7.5നും മുകളിലായിരുന്നു എന്നുകൂടി അറിയണം.
എന്തായാലും ചൈനയുടെ ഈ നടപടി നിർബന്ധിത കുടുംബാസൂത്രണത്തിലെ ദൂഷ്യവശങ്ങൾ തിരിച്ചറിയാൻ നിരവധി ഭരണകൂടങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര പ്രോ ലൈഫ് സമൂഹം. അതേസയമം, ചൈനീസ് ഭരണകൂടം അനുകൂല നടപടികൾ കൈക്കൊള്ളുമ്പോഴും ഉയരുന്ന നാണ്യപ്പെരുപ്പവും ജീവിത ചെലവുകളും കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിൽനിന്ന് ദമ്പതികളെ പിന്തിരിപ്പിക്കുന്നുണ്ട് എന്നതാണ് ഖേദകരം.
Leave a Comment
Your email address will not be published. Required fields are marked with *