അനാമ്പ്ര: ദാരിദ്ര്യം മുതൽ ഇസ്ലാമിക തീവ്രവാദംവരെ നീളുന്ന വെല്ലുവിളികൾക്കിടയിലും ക്രിസ്തീയ വിശ്വാസം നെഞ്ചോട് ചേർക്കുന്ന നൈജീരിയൻ ജനതയുടെ വിശ്വാസപ്രഘോഷണത്തിന് സാക്ഷ്യം വഹിച്ച് അമേരിക്കൻ ബിഷപ്പ്. തൊണ്ണൂറ്റിയൊൻപത് കുഞ്ഞുങ്ങളുടെ സ്‌ഥൈര്യലേപന കൂദാശയ്ക്ക് മുഖ്യകാർമികത്വം വഹിക്കാനെത്തിയ അമേരിക്കൻ ഇടയന് ഇടവക സമൂഹം അപ്രതീക്ഷിത സമ്മാനം നൽകിയതും അവിസ്മരണീയമായി.
ഇൻഡ്യാനയിലെ ഫോർട്ട് വെയ്ൻ- സൗത്ത് ബെൻഡ് രൂപതാ ബിഷപ്പ് കെവിൻ സി റോഡ്സാണ് നൈജീരിയൻ ജനതയുടെ വിശ്വാസജീവിതത്തിന് നേർസാക്ഷിയായ ആ അമേരിക്കൻ ബിഷപ്പ്. തന്റെ രൂപതയിൽ സേവനം ചെയ്യുന്ന നൈജീരിയൻ സ്വദേശി ഫാ. ഫ്രാൻസിസ് ചുക്വുമയ്‌ക്കൊപ്പം നടത്തുന്ന നൈജീരിയൻ പര്യടനമാണ്, ഒസുബുലുവിലെ സെന്റ് ഫ്രാൻസിസ് അസീസി ദൈവാലയത്തിലെ സ്‌ഥൈര്യലേപന തിരുക്കർമത്തിൽ മുഖ്യകാർമികനാകാൻ അവസരമൊരുക്കിയത്.
നെവിയിലെ ബിഷപ്പ് ജോനാസ് ബെൻസൺ ഒക്കോയി, ഫാ. ഫ്രാൻസിസ് ചുക്വുമ എന്നിവരായിരുന്നു സഹകാർമികർ. നൈജീരിയയിൽ താൻ പങ്കെടുത്ത സ്‌ഥൈര്യലേപനത്തെ കുറിച്ച് ബിഷപ്പ് കെവിൻ തന്നെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. ‘സ്‌ഥൈര്യലേപന കൂദാശയിലൂടെ, ഈ യുവജനങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ സവിശേഷമായ കൃപകൾ ലഭ്യമാകുന്നു. ആ കൃപകൾ അവരെ ശക്തിപ്പെടുത്തും,’ എന്ന കുറിപ്പുസഹിതമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
അപ്രതീക്ഷിതമാം വിധം തങ്ങളുടെ ദൈവാലയത്തിലെത്തി, ഇടവകയിലെ 99 കുഞ്ഞുങ്ങൾക്ക് സ്‌ഥൈര്യലേപന കൂദാശ നൽകിയ ബിഷപ്പിന്, ദൈവമാതാവിന്റെ തിരുരൂപമാണ് ഇടവക ജനം സമ്മാനിച്ചത്. അമേരിക്കയിലെ ഫോർട്ട് വെയ്നിലെ മോസ്റ്റ് പ്രഷ്യസ് ബ്ലഡ് ഇടവക വികാരിയാണ് ഫാ. ചുക്വമ. ബിഷപ്പ് റോഡ്സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് അനുസരിച്ച്, അവ്ക, ന്യൂവി രൂപതകളിലാണ് ഫാ. ചുക്വമയോടൊപ്പം അദ്ദേഹം ഇപ്പോൾ സന്ദർശനം നടത്തുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *