Follow Us On

21

September

2023

Thursday

കഴിഞ്ഞ ഏഴ് മാസത്തിനിടെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയത് 20 വൈദീകരെ; കൊല്ലപ്പെട്ടത് മൂന്നു വൈദീകർ

കഴിഞ്ഞ ഏഴ് മാസത്തിനിടെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയത് 20 വൈദീകരെ; കൊല്ലപ്പെട്ടത് മൂന്നു വൈദീകർ

കടൂണ: 2022ൽ ഇതുവരെ, അതായത് കഴിഞ്ഞ ഏഴു മാസത്തിനിടെമാത്രം ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽനിന്ന് തട്ടിക്കൊണ്ടുപോയത് 20 കത്തോലിക്കാ വൈദീകരെ. ഇക്കഴിഞ്ഞ ജൂലൈ 15ന് കഫൻചാൻ രൂപതയിൽനിന്ന് രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും പുതിയ സംഭവം. ഫാ. ജോൺ മാർക്ക് ചീറ്റ്‌നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെ വടക്കൻ കടൂണയിലെ യാഡിൻ ഗാരുവിൽ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് ദൈവാലയത്തിന്റെ റെക്ടറിയിൽ അതിക്രമിച്ചു കയറിയ ആക്രമികളാണ് പിടിച്ചുകൊണ്ടുപോയത്.

മറ്റൊരു സ്ഥലത്ത് നടക്കുന്ന തിരുക്കർമത്തിൽ പങ്കെടുക്കാൻ പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവമെന്ന് രൂപത ചാൻസിലർ ഫാ. ഇമ്മാനുവൽ ഒക്കോളോ പറഞ്ഞു. വൈദികരുടെ സുരക്ഷിത മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് വിശ്വാസീസമൂഹത്തോട് രൂപത അഭ്യർത്ഥിച്ചു. ‘ക്രൂശിതനായ ക്രിസ്തു, പ്രാർത്ഥനകൾ ശ്രവിക്കുകയും അവിടുത്തെ വൈദികരെയും തട്ടിക്കൊണ്ടുപോയ മറ്റെല്ലാവരെയും നിരുപാധികം മോചിപ്പിക്കാൻ ഇടപെടുകയും ചെയ്യട്ടെ, പത്രക്കുറിപ്പിൽ ചാൻസിലർ കുറിച്ചു.

ഇത്തരുണത്തിലാണ്, പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന പൊന്തിഫിക്കൽ സംഘടനയാ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) പുറത്തുവിട്ട, തട്ടിക്കൊണ്ടുപോകപ്പെട്ട വൈദീകരെ കുറിച്ചുള്ള റിപ്പോർട്ട് ചർച്ചയാകുന്നത്. 2022 ജനുവരി മുതൽ ഇതുവരെ 20 കത്തോലിക്കാ വൈദീകർ തട്ടിക്കൊണ്ടുപോകപ്പെട്ടെങ്കിൽ അതിൽ ഏഴ് സംഭവങ്ങൾ ഉണ്ടായത് ജൂലൈയിൽ മാത്രമാണെന്നും ‘എ.സി.എൻ’ സമാഹരിച്ച റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചെങ്കിലും മൂന്നുപേർ കൊല്ലപ്പെട്ടു.

കടൂണ അതിരൂപതയിലെ ഫാ. ജോസഫ് അക്വീറ്റേ ബാക്കോ (48), ഔച്ചി രൂപതാംഗമായ ഫാ. ക്രിസ്റ്റഫർ ഒഡിയ (41), കഡൂണ അതിരൂപതാംഗം ഫാ. വിറ്റസ് ബൊറോഗോ (50) എന്നിവരാണ് കൊല്ലപ്പെട്ട മൂന്ന് വൈദീകർ. ഇസ്ലാമിക തീവ്രവാദികളിൽനിന്നുള്ള ആക്രമണങ്ങളിൽനിന്ന് മാത്രമല്ല, ആയുധധാരികളായ കൊള്ളസംഘങ്ങളിൽ നിന്നുമുള്ള ആക്രമണങ്ങളും നൈജീരിയയിൽ വ്യാപകമാകുകയാണ്. വൈദീകരുടേത് മാത്രമല്ല, വിശ്വാസീസമൂഹത്തിന്റെയും കൊലക്കളമായി മാറിക്കഴിഞ്ഞു നൈജീരിയ.

ഇസ്ലാമിക തീവ്രവാദ സംഘടകൾ മേഖലയിൽ സാന്നിധ്യം ഉറപ്പിച്ച 2009 മുതൽ ഇതുവരെയുള്ള 13 വർഷത്തിനിടെ 45,644 ക്രൈസ്തവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നൈജീരിയയിൽ 2021 ജനുവരി ഒന്നു മുതൽ 2022 മാർച്ച് വരെയുള്ള 15 മാസത്തിനിടെമാത്രം ക്രിസ്തുവിശ്വാസത്തെപ്രതി 6006 പേർ കൊല്ലപ്പെട്ടെന്ന നടുക്കുന്ന റിപ്പോർട്ട് ‘ഇന്റർ സൊസൈറ്റി’ എന്ന സന്നദ്ധ സംഘടന ഈയിടെ പുറത്തുവിട്ടിരുന്നു. ബൊക്കോ ഹറാം, ഫുലാനി ഹെഡ്‌സ്മാൻ, ഐസിസ് വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ് എന്നീ ഇസ്ലാമിക തീവ്രവാദികളാണ് നൈജീരിയയിലും സമീപ പ്രദേശങ്ങളിലും വെല്ലുവിളി ഉയർത്തുന്നത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?