Follow Us On

02

December

2023

Saturday

റോക്കട്രി-ചാരക്കേസിന്റെ പുനര്‍വായനയോ?

റോക്കട്രി-ചാരക്കേസിന്റെ പുനര്‍വായനയോ?

– വിനോദ് നെല്ലയ്ക്കല്‍

നമ്പി നാരായണന്റെ ജീവിതവും വിഖ്യാതമായ ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഭാഗികമായ ചരിത്രവും അവതരിപ്പിക്കുന്ന റോക്കട്രി എന്ന മാധവന്‍ ചലച്ചിത്രം ഒരു ശരാശരി കാഴ്ചക്കാരന് മോശമല്ലാത്ത ഒരു തിയേറ്റര്‍ അനുഭവമായിരിക്കും എന്നത് സംശയമില്ലാത്ത കാര്യമാണ്. ആരെയും അല്‍പ്പമൊന്ന് വേദനിപ്പിക്കുന്നതും ഹരംകൊള്ളിക്കുന്നതുമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ ചലച്ചിത്രം കടന്നുപോകുന്നുണ്ട്. ഒരു സമര്‍ത്ഥനായ ശാസ്ത്രജ്ഞന്റെ നേട്ടങ്ങളുടെ വിവിധ ഘട്ടങ്ങള്‍ രാജ്യത്തിന്റെ നേട്ടങ്ങള്‍ തന്നെയാകുന്ന കാഴ്ച അഭിമാനകരമാണ്. പലതും ഉപേക്ഷിച്ച് രാജ്യത്തിനുവേണ്ടി ജീവിക്കാന്‍ തീരുമാനിച്ച ഒരു വ്യക്തിത്വമായാണ് നായക കഥാപാത്രമായ നമ്പി നാരായണന്‍ സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്.

ഇന്ത്യകണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞനോ?

വിക്രം സാരാഭായിയുടെ ഏറ്റവും സമര്‍ത്ഥനായ ശിഷ്യന്‍, ഡോ. എപിജെ അബ്ദുള്‍കലാമിനെക്കാള്‍ മിടുക്കനായ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍, സ്വപ്‌നതുല്യമായ അവസരമായി കണ്‍മുന്നിലെത്തിയ നാസയിലേക്കുള്ള ക്ഷണം സംശയമില്ലാതെ തട്ടിത്തെറിപ്പിച്ചയാള്‍, അമ്പത്തിരണ്ട് ശാസ്ത്രജ്ഞന്മാരെ നിയോഗിച്ച് ഫ്രാന്‍സിന്റെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സാങ്കേതികവിദ്യ സമര്‍ത്ഥമായി ‘അടിച്ചുമാറ്റാന്‍’ നേതൃത്വം കൊടുത്ത ബുദ്ധിരാക്ഷസന്‍, അമേരിക്കയുടെ യുദ്ധഭീഷണി നിലനില്‍ക്കുമ്പോള്‍ അതിസാഹസികമായി റഷ്യയില്‍നിന്നും ക്രയോജനിക് എന്‍ജിന്‍ കടത്തിക്കൊണ്ടുവന്നയാള്‍ എന്നിങ്ങനെ ശക്തമായ ഒരു നായക പരിവേഷമാണ് ഈ സിനിമയില്‍ ആദ്യന്തം നമ്പി നാരായണന് ഉള്ളത്.

ഇന്ത്യയുടെ പരാധീനതകള്‍ക്കും പരിമിതികള്‍ക്കും ഇടയിലും റോക്കട്രിയില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതിന് പിന്നിലെ പ്രധാന കരങ്ങള്‍ നമ്പി നാരായണന്റേതാണ് എന്നാണ് ചലച്ചിത്രം സ്ഥാപിക്കുന്നത്. നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്‍ ഐഎസ്ആര്‍ഒയുടെ ചരിത്രത്തില്‍ ഇടംനേടിയ ഒരു വ്യക്തിത്വമാണെന്ന് നിസംശയം പറയാമെങ്കിലും, ഐഎസ്ആര്‍ഒയുടെ ചരിത്രം ഒരു ഘട്ടത്തില്‍ ഇദ്ദേഹം തെളിച്ച വഴികളിലൂടെ മാത്രമാണോ സഞ്ചരിച്ചിരുന്നത് എന്നുള്ളത് കൂടുതല്‍ പഠനവും അന്വേഷണവും ആവശ്യമായ വിഷയമാണ്. ഈ ഒരു ശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ത്യന്‍ റോക്കട്രിയുടെ വളര്‍ച്ച മറ്റൊരുവിധത്തിലും അപര്യാപ്തമായ രീതിയിലും ആയിരുന്നേനെ എന്നൊരു ആശയം ചലച്ചിത്രം പറഞ്ഞുവയ്ക്കുന്നത് സംശയകരമാണ്.

ചരിത്രം സിനിമയാകുമ്പോള്‍

ചരിത്രം സിനിമയായി മാറുമ്പോള്‍ യഥാര്‍ത്ഥ ചരിത്രത്തോട് നീതിപുലര്‍ത്താതെ പോകുന്ന അനുഭവങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പതിവാണ്. അത്തരത്തില്‍ അല്‍പം വിമര്‍ശനബുദ്ധിയോടെ ചിന്തിച്ചാല്‍, ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച ചില യാഥാര്‍ഥ്യങ്ങളെ ഈ ചലച്ചിത്രം തമസ്‌കരിക്കുകയും കുറെയേറെ അവാസ്തവങ്ങള്‍ പറഞ്ഞുവയ്ക്കുകയും ചെയ്തിരിക്കുന്നത് നീതികേടാണ് എന്ന് പറയേണ്ടതായിവരും. യഥാര്‍ത്ഥ സംഭവങ്ങള്‍ക്ക് പകരം മറ്റൊരു ആഖ്യാനം പൊതുസമൂഹത്തില്‍ അടിവരയിട്ടുറപ്പിക്കാന്‍ ചലച്ചിത്രം ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. ഒട്ടേറെ രേഖകളും എഴുതപ്പെട്ട ചരിത്രങ്ങളും വേറെയുമുണ്ടായിരിക്കെ, തികച്ചും ഏകപക്ഷീയമായ ഒരു ആഖ്യാനം വ്യക്തമാക്കുന്നത് അതാണ്.

തെളിവുകളുള്ള ചില വാസ്തവങ്ങള്‍

നമ്പി നാരായണന്‍ എന്ന ശാസ്ത്രജ്ഞന്റെ കറയില്ലാത്ത രാഷ്ട്ര സേവനമാണ് സിനിമയുടെ മുഖ്യ പ്രമേയം എന്ന് പറഞ്ഞുവല്ലോ. ഐഎസ്ആര്‍ഒയും റോക്കട്രിയും വിട്ടുള്ള ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍പോലും സിനിമയിലെ നമ്പി നാരായണന് കഴിയുമായിരുന്നില്ല. എന്നാല്‍, യഥാര്‍ത്ഥ ജീവിതത്തില്‍ ഈ ആശയത്തിന് വിരുദ്ധമായ ചില സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറിയം റഷീദ അറസ്റ്റ് ചെയ്യപ്പെട്ട് പത്താം ദിവസം അതായത്, 1994 നവംബര്‍ ഒന്നിന് (അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ്) നമ്പി നാരായണന്‍ വോളന്ററി റിട്ടയര്‍മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. മൂന്നു മാസത്തെ നോട്ടീസ് പിരീഡ് ഒഴിവാക്കി തരണമെന്നും നവംബര്‍ 11 ന് റിട്ടയര്‍ ചെയ്യാന്‍ തന്നെ അനുവദിക്കണമെന്നുമാണ് അദ്ദേഹം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ മുത്തുനായകത്തിന് രേഖാമൂലം നല്‍കിയ അപേക്ഷയിലുള്ളത്.

ചാരക്കേസില്‍ താന്‍ പ്രതിചേര്‍ക്കപ്പെടുന്നതിന് മുമ്പ് തന്നെ ഐഎസ്ആര്‍ഒയിലെ ജോലി ഉപേക്ഷിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നത് സിനിമയിലെ ആഖ്യാനത്തിന് തികച്ചും വിരുദ്ധമാണ്. ഭാവിയില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ആകുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്ന ഒരു പ്രതിഭയായിരുന്നു നമ്പി നാരായണന്‍ എന്ന വാദം സിനിമയില്‍ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്. അത്തരമൊരു വ്യക്തിയുടെ ഭാവി തകര്‍ത്തു എന്നുള്ളതാണല്ലോ പിന്നീടുണ്ടായ എല്ലാ വിവാദങ്ങള്‍ക്കും അടിസ്ഥാനവും, ഈ ചലച്ചിത്രത്തിന്റെ തന്നെ പ്രമേയവും. ‘റെഡി റ്റു ഫയര്‍’ എന്ന തന്റെ ആത്മകഥയില്‍ (പേജ് നമ്പര്‍ 271) 1993ല്‍ തന്നെ, ഐഎസ്ആര്‍ഒയിലെ ജോലി ഉപേക്ഷിക്കാന്‍ താന്‍ ചിന്തിച്ചിരുന്നതായി നമ്പി നാരായണന്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.

സിബിഐയുടെ കേസ് അന്വേഷണം

സിബിഐക്ക് ചലച്ചിത്രത്തില്‍ ലഭിച്ചിരിക്കുന്നത് വളരെ നല്ല പരിവേഷമാണ്. കേരളാപോലീസ് വ്യാജമായി കെട്ടിച്ചമച്ച ഒരു കേസ് ‘പൊളിച്ചടുക്കി’ ഹീറോയാവുകയാണ് സിബിഐ ഉദ്യോഗസ്ഥര്‍. ചില വാസ്തവങ്ങള്‍ അവിടെയും വിസ്മരിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം നവംബര്‍ 30 ന് കേരളാപോലീസിന്റെ ഭാഗത്തുനിന്നുള്ള അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് അന്നത്തെ ഡിജിപിക്ക് മുന്നില്‍ ഉന്നയിച്ചത്.

വലിയ രാഷ്ട്രീയവിവാദമായി ചാരക്കേസ് വളര്‍ന്നിരുന്നതിനാല്‍, ഉടന്‍തന്നെ തീരുമാനമുണ്ടാവുകയും ഡിസംബര്‍ ആദ്യ ആഴ്ച തന്നെ സിബിഐ കേസ് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് ഒന്നര വര്‍ഷം കേസന്വേഷണം നടത്തിയാണ് 1996 ഏപ്രില്‍ മാസത്തില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയത്. ആ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമായിരുന്നു എന്ന ആരോപണം ശക്തമാണ്.

ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ മുതലെടുപ്പുകള്‍ മറ്റൊരു വിധത്തില്‍ കേന്ദ്ര മന്ത്രിസഭയെയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. സ്വാഭാവികമായും, എങ്ങനെയും കേസ് അവസാനിപ്പിക്കാന്‍ കാര്യമായ ശ്രമങ്ങള്‍ മിനിസ്ട്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായി. പക്ഷേ, അതിന് സിബിഐ കണ്ടെത്തിയ വഴികള്‍ കേരളാപോലീസിനെ പ്രതിക്കൂട്ടിലാക്കി.

കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംനേടിയതും ലോകത്തിന് മുന്നില്‍ മാനക്കേടായി തീര്‍ന്നതുമായ ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ദുരൂഹതകള്‍ പലതും തുടരുകയാണ്. ഈ ചലച്ചിത്രം ഏതെങ്കിലും വിധത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നില്ല. വാസ്തവത്തില്‍ അത്തരത്തിലൊരു ചാരപ്രവൃത്തി നടന്നിട്ടുണ്ടോ എന്നുള്ളതിനേക്കാള്‍ പ്രധാനമായി വിശദീകരണവും ഉത്തരവും ലഭിക്കേണ്ട ചോദ്യങ്ങള്‍ അനവധിയാണ്. ഈ കേസിലൂടെ ജീവിതവും കുടുംബാംഗങ്ങളും പ്രതിസന്ധിയിലകപ്പെട്ട ഒരേയൊരാളല്ല നമ്പി നാരായണന്‍.

അന്വേഷണത്തിന്റെ ഏതോ ഘട്ടത്തില്‍ ഇടപെട്ടു എന്ന കാരണംകൊണ്ട് കുറ്റക്കാരായി മാറിയ പോലീസ് ഉദ്യോഗസ്ഥരും അതില്‍പ്പെടും. തോന്നിയതുപോലെ മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞതും, പ്രഥമദൃഷ്ട്യാ നിരപരാധികള്‍ എന്നോ കുറ്റക്കാരെന്നോ തോന്നിയവരെ കഥാപാത്രങ്ങളാക്കി പരമ്പരകള്‍ എഴുതിയതും ഇത്തരം നിറംപിടിപ്പിച്ചതും പൊലിപ്പിച്ചതുമായ കഥകള്‍ രാഷ്ട്രീയമായി ദുരുപയോഗിച്ചതും തുടങ്ങി പലതും ഈ വിവാദങ്ങള്‍ക്ക് മറവിലുണ്ട്. സത്യങ്ങള്‍ എന്നെങ്കിലും മറനീക്കി വെളിയില്‍ വരുമെന്ന് പ്രതീക്ഷിക്കാം.

സിനിമയെ സിനിമയായി മാത്രം കണ്ടാല്‍ മതിയെങ്കില്‍ റോക്കട്രി എന്ന ചലച്ചിത്രം തീരെ മോശമല്ലാത്തൊരു ഫിക്ഷനാണെന്ന് പറയാം. അല്ല, ഒരു ചരിത്രസിനിമയായാണ് ഈ സിനിമയെ കാണേണ്ടതെങ്കില്‍ ഇതൊരു പരാജയം തന്നെയാണ്. ഇത്തരം വികലമാക്കപ്പെട്ട അര്‍ത്ഥസത്യങ്ങള്‍ ഇനി സിനിമയാകാതിരിക്കട്ടെ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?