താമരശേരി രൂപതയിലെ നല്ലൊരു ശതമാനം വൈദികരും ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി നിലപാടെടുത്തിട്ടുള്ളവരായിരുന്നു. എങ്കിലും കുര്‍ബാന ഏകീകരണത്തിനുള്ള സിനഡ് തീരുമാനത്തിന് അവര്‍ കീഴ്‌വഴങ്ങി. പുതിയ കുര്‍ബാന അര്‍പ്പണാരീതി നടപ്പിലായ ദിവസം പല ദൈവാലയങ്ങളിലും വികാരിയച്ചന്മാര്‍ ദിവ്യബലിമധ്യേ ഇപ്രകാരം പറഞ്ഞു:
”ഇത്രയും കാലം ജനാഭിമുഖ കുര്‍ബാനയ്ക്കുവേണ്ടി വാദിച്ചിട്ടുള്ള ഒരാളാണ് ഞാന്‍. ഇപ്പോഴും എന്റെ വ്യക്തിപരമായ നിലപാട് അതുതന്നെയുമാണ്. എന്നാല്‍, സഭയുടെ നന്മയ്ക്കും വിശ്വാസികളായ ജനങ്ങള്‍ക്ക് ഉതപ്പ് ഉണ്ടാകാതിരിക്കാനും ദൈവമഹത്വത്തിനുമായി സിനഡിന്റെ തീരുമാനത്തെ അനുസരിക്കുന്നു.”
എത്രയോ ഉന്നതമായ കാഴ്ചപ്പാടാണത്. ”സഭയുടെ നന്മ, വിശ്വാസികള്‍ക്ക് ഉതപ്പ് കൊടുക്കാതിരിക്കല്‍, ദൈവമഹത്വം” ഇവയ്ക്കുവേണ്ടി സ്വന്തം നിലപാടുകളെ അവര്‍ ബലികഴിച്ചു.
സഭയോടും ദൈവജനത്തോടുമുള്ള പ്രതിബദ്ധത മുറുകെപിടിച്ച ആ വൈദികര്‍ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത ഇതിലൂടെ ഉയര്‍ത്തിക്കാട്ടുകയാണ് ചെയ്തത്. സഭയില്‍ എല്ലാക്കാലത്തും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. നാളെയും ഉണ്ടാകും. അപ്പോഴൊക്കെ നമ്മുടെ തീരുമാനങ്ങളെയും നിലപാടുകളെയും നയിക്കേണ്ട ചിന്ത ഇതുതന്നെയായിരിക്കണം. സഭയുടെ നന്മ, ദൈവമഹത്വം. കര്‍ത്താവിനെയും അവിടുത്തെ സഭയെയും സ്‌നേഹിക്കുന്നവര്‍ക്ക് അങ്ങനെയേ തീരുമാനമെടുക്കുവാന്‍ കഴിയൂ.
എറണാകുളം-അങ്കമാലി അതിരൂപതയില്‍ അനേക വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആരാധനാക്രമ പ്രശ്‌നങ്ങളിലും സ്ഥലംവില്പനയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ദൈവനാമം കളങ്കപ്പെടുന്നതിനെക്കുറിച്ചോ സഭയുടെ തകര്‍ച്ചയെക്കുറിച്ചോ അധികമാരും ഭാരപ്പെട്ടു കണ്ടിട്ടില്ല. യുദ്ധത്തിനിറങ്ങിയാല്‍ ജയിച്ചേ അടങ്ങൂ എന്ന വാശി സ്വാഭാവികം. പക്ഷേ ‘എല്ലാ യുദ്ധങ്ങളിലും വിജയിക്കുന്നത് പിശാചാണ്’ എന്ന ചൊല്ല് ഇവിടെ യാഥാര്‍ത്ഥ്യമായി.
കര്‍ദിനാള്‍ ആലഞ്ചേരി പിതാവ് സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമാണ്. അദ്ദേഹത്തിന്റെ മുഖം വികൃതമാക്കിയപ്പോള്‍ സഭയുടെ മുഖമാണ് ലോകത്തിന്റെ മുന്നില്‍ വികൃതമാക്കിയത്. അതുവഴി യേശുവിന്റെ മുഖംതന്നെയാണ് വികൃതമായിത്തീര്‍ന്നത്. സഭാധ്യക്ഷന്റെ കോലം കത്തിച്ച് സന്തോഷിക്കുമ്പോള്‍ അതിലൊരു പൈശാചികതയില്ലേ എന്നു ഞാന്‍ ശങ്കിക്കുന്നു. സഭയും ക്രിസ്തീയ വിശ്വാസവും മാത്രമല്ല പൗരോഹിത്യംപോലും പരിഹസിക്കപ്പെടാനായി ഇടയാക്കിയ ഈ സംഭവങ്ങളെക്കുറിച്ചുള്ള ഗൗരവമായ പരിചിന്തനം ഉണ്ടായില്ലെങ്കില്‍ അത് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പൊതുവെ ദൈവാനുഗ്രഹം തടയപ്പെടാന്‍ കാരണമായേക്കാം.
നമ്മുടെ എല്ലാ പ്രവൃത്തികളെയും നമുക്ക് ന്യായീകരിക്കാനാകും. എന്നാല്‍ ഹൃദയം കാണുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാ ന്യായീകരണങ്ങളും ഇല്ലാതാകും. അനുസരിക്കാതിരിക്കാന്‍ അനുസരണയ്ക്ക് പുതിയ നിര്‍വചനങ്ങള്‍ ഉണ്ടാക്കിയവരും ജനവികാരങ്ങള്‍ ഉണര്‍ത്താന്‍ വിഷയങ്ങള്‍ സൃഷ്ടിച്ചെടുത്തവരും അങ്ങനെയൊക്കെ ചെയ്യുന്നത് എന്തുകൊണ്ടാണ്? യാക്കോബായ സഭയിലെ കക്ഷിവഴക്കുകളുടെ ആരംഭകാലത്ത് എതിര്‍പക്ഷത്തെ ഇല്ലായ്മ ചെയ്യാന്‍ ഉപയോഗിക്കുന്ന ഹീനതന്ത്രങ്ങള്‍ കണ്ട് നൊമ്പരപ്പെട്ട ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവ് ഇങ്ങനെ പറഞ്ഞു: ”ദൈവഭയം നമുക്കില്ലാതായിരിക്കുന്നു. അതാണ് ഇതിന്റെയെല്ലാം കാരണം.” ദൈവഭയം നഷ്ടപ്പെടുന്ന വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും എന്തും പറയാം, എന്തും ചെയ്യാം. സഭയിന്ന് അഭുമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളുടെയും കാരണവും ഇതുതന്നെയാണ്.
എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് ആരാധനക്രമവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വേദനകളും മുറിവുകളും ഉണ്ടായിട്ടുണ്ട് എന്ന് എല്ലാവര്‍ക്കും അറിയാം. ആ നൊമ്പരങ്ങളെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, അവയോടുള്ള പ്രതികരണം സഭയുടെ മഹത്വം കെടുത്തിക്കളയുന്നതായിരുന്നു. മറ്റുള്ളവരെ ബലി കൊടുത്തുകൊണ്ടല്ല, പ്രത്യുത സ്വയം ബലിയായിത്തീര്‍ന്നുകൊണ്ടേ സഭയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. ശരി-തെറ്റുകള്‍ വിലയിരുത്തിയും പുതിയ പോര്‍മുഖങ്ങള്‍ തുറന്നും നമ്മുടെ വിലയേറിയ ആയുസ് വേണമെങ്കില്‍ ഇനിയും നഷ്ടപ്പെടുത്താം. എന്നാല്‍ ദൈവം നമ്മെ തിരിച്ചു വിളിക്കുകയാണ്. തോല്‍ക്കാന്‍… ചെറുതാകാന്‍… അനുരഞ്ജനത്തിലാകാന്‍. നാം ചെയ്യേണ്ടത് ചെയ്യാന്‍ തയാറാകുമ്പോള്‍ ദൈവം ചെയ്യേണ്ടത് അവിടുന്നും ചെയ്തിരിക്കും.
സഭയുടെ തലവനും പിതാവുമായ വ്യക്തിയോടുള്ള വെറുപ്പും വൈരാഗ്യവും ഉള്ളില്‍ സൂക്ഷിക്കുകയും പുറമേ പ്രചരിപ്പിക്കുകയും ജനങ്ങളില്‍ കുത്തിനിറയ്ക്കുകയും ചെയ്തുകൊണ്ടുള്ള ദിവ്യബലിയര്‍പ്പണം അനുഗ്രഹത്തിനായുള്ളതോ അതോ ശാപത്തിനായുള്ളതോ? ഓരോരുത്തരും സ്വയം ചിന്തിക്കേണ്ട സമയമാണിത്. എറണാകുളം-അങ്കമാലി അതിരൂപതാ സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചയ്ക്കും സുസ്ഥിരതയ്ക്കും സഭാധ്യക്ഷനുമായുള്ള അനുരഞ്ജനപ്പെടല്‍ അനിവാര്യമാണ്.
അതിന് മുന്‍കൈ എടുക്കാന്‍ വലിയ ആത്മീയശക്തി ആവശ്യമാണ്. അതിനായി സഭ മുഴുവന്‍ പ്രാര്‍ത്ഥിക്കട്ടെ. അപ്പോള്‍ ഉത്തരവാദിത്വപ്പെട്ടവരുടെ ഹൃദയങ്ങളില്‍ പരിശുദ്ധാത്മാവ് അനുരഞ്ജനത്തിനായുള്ള ദാഹം വര്‍ധിപ്പിക്കും.
”സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തിന്റെ പുത്രന്മാരെന്ന് വിളിക്കപ്പെടും” (മത്തായി 5:9).
Leave a Comment
Your email address will not be published. Required fields are marked with *