വത്തിക്കാൻ സിറ്റി: പതിവുകൾ തെറ്റിക്കുന്ന പാപ്പ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും, അപ്പസ്‌തോലിക പര്യടനവുമായി ബന്ധപ്പെട്ട് ഫ്രാൻസിസ് പാപ്പ ഇതുവരെ തെറ്റിക്കാത്ത രണ്ട് പതിവുകളാണ് മരിയ മജിയോരെ ബസിലിക്കയിലെ സന്ദർശനം. അപ്പസ്‌തോലിക പര്യടനത്തിനുമുമ്പും ശേഷവും മരിയ മജിയോരെ ബസിലിക്കയിലെ ‘റോമൻ ജനതയുടെ സംരക്ഷക’ (സാളൂസ് പോപുളി റൊമാന) എന്ന വിശേഷണത്തോടെ വണങ്ങുന്ന മരിയൻ തിരുരൂപത്തിന് മുന്നിൽ പ്രാർത്ഥിക്കാൻ പാപ്പ വന്നെത്തും.
ഇത്തവണയും അതിൽ മാറ്റമുണ്ടായിട്ടില്ല, കാനഡയിലെ അപ്പസ്‌തോലിക പര്യടനം പൂർത്തിയാക്കി റോമിൽ വിമാനമിറങ്ങിയശേഷം പാപ്പ ആദ്യം എത്തിയതും പരിശുദ്ധ അമ്മയ്ക്ക് കൃതജ്ഞത അർപ്പിക്കാനാണ്. ജൂലൈ 24മുതൽ 29വരെ നീണ്ട പര്യടനം പൂർത്തിയാക്കി ഇന്ന് രാവിലെയാണ് റോമിലെ ഫ്യുമിചിനോ വിമാനത്താവളത്തിൽ എത്തിയത്. ‘വത്തിക്കാൻ പ്രസ് ഓഫീസ്’ പുറത്തുവിട്ട കുറിപ്പുപ്രകാരം, ബസിലിക്കയിലെ സന്ദർശനത്തിനുശേഷമാണ് പാപ്പ താമസസ്ഥലത്തേക്ക് യാത്രയായത്.
ആറ് ദിനം ദീർഘിച്ച മാൾട്ടയിലെ പര്യടനദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ദൈവമാതാവിന് നന്ദി അർപ്പിച്ച് ഏതാനും സമയം അൾത്താരയ്ക്ക് മുന്നിലിരുന്ന് മൗനമായി പ്രാർത്ഥിച്ചശേഷമാണ് പാപ്പ മടങ്ങിയത്. പരിശുദ്ധ അമ്മയ്ക്ക് പൂച്ചെണ്ട് സമർപ്പിക്കുകയും ചെയ്തു. കാനഡയിലെ തദ്ദേശീയ ജനതയോട് സഭ ചെയ്ത തെറ്റുകുറ്റങ്ങൾക്ക് അവരുടെ നാട്ടിലെത്തി മാപ്പ് പറയുക, അതുവഴി അവരുമായുള്ള അനുരജ്ഞനം ശക്തമാക്കുക എന്നിവയായിരുന്നു കനേഡിയൻ പേപ്പൽ പര്യടനത്തിന്റെ ലക്ഷ്യങ്ങൾ.
ഫ്രാൻസിസ് പാപ്പ വളരെയേറെ ഹൃദയൈക്യം കാത്തുസൂക്ഷിക്കുന്ന ദൈവാലയം കൂടിയാണ് റോമിലെ നാല് പേപ്പൽ ബസിലിക്കയിൽ ഒന്നായ മരിയ മജിയോരെ ബസിലിക്ക. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പിറ്റേദിനംതന്നെ (2013 മാർച്ച് 14) ഇവിടെയെത്തിയ പാപ്പ തന്റെ പരമാചാര്യ ശുശ്രൂഷ ദൈവമാതാവിന്റെ സംരക്ഷണത്തിനായി ഭരപ്പെടുത്തിയതും സവിശേഷമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *