Follow Us On

28

March

2024

Thursday

‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥന ഓസ്‌ട്രേലിയൻ പാർലമെന്റിൽനിന്ന് നീക്കം ചെയ്യാൻ നിരീശ്വരവാദി നേതാവിന്റെ ശ്രമം; പ്രതിഷേധവുമായി ക്രൈസ്തവർ

‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥന ഓസ്‌ട്രേലിയൻ പാർലമെന്റിൽനിന്ന് നീക്കം ചെയ്യാൻ നിരീശ്വരവാദി നേതാവിന്റെ ശ്രമം; പ്രതിഷേധവുമായി ക്രൈസ്തവർ

കാൻബറ: ഓസ്ട്രേലിയൻ ഫെഡറൽ പാർലമെന്റ് നടപടികൾ ആരംഭിക്കും മുമ്പ് ചൊല്ലുന്ന ‘സ്വർഗസ്ഥനായ പിതാവേ…’ എന്ന കർതൃപ്രാർത്ഥന നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആന്റണി ആൽബനീസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെ സെനറ്റ് പ്രസിഡന്റ് സ്യൂ ലൈൻസാണ് കർതൃപ്രാർത്ഥന നീക്കം ചെയ്യണമെന്ന വാദം ഉയർത്തിയത്. ഇതിനെതിരെ, ഇ മെയിൽ ക്യാംപെയിൻ ഉൾപ്പെടെയുള്ള പ്രതിരോധ പരിപാടികളുമായി ക്രൈസ്തവ സമൂഹം രംഗത്തെത്തിക്കഴിഞ്ഞു.

ഇക്കാര്യത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്തി തങ്ങളുടെ ജനപ്രതിനിധികൾക്ക് ഇ മെയിൽ അയക്കാനുള്ള ക്യാംപെയിന് തുടക്കം കുറിച്ചിരിക്കുന്നത് ‘ഫാമിലി വോയിസ് ഓസ്‌ട്രേലിയ’ എന്ന ക്രിസ്ത്യൻ സംഘടനയാണ്. (ഇ മെയിൽ അയക്കാനുള്ള വിലാസം familyvoice.org.au/campaigns) ഇതിനെതിരെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതും വിശ്വാസീസമൂഹത്തിന് കരുത്തേകുന്നുണ്ട്. വരുംദിനങ്ങളിൽ വിശ്വാസീസമൂഹത്തിൽനിന്നുള്ള സംഘടിതമായ പ്രതിരോധം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

പാർലമെന്റിന്റെ ജനപ്രതിനിധി സഭയിലും സെനറ്റിലും നടപടി ക്രമങ്ങൾ ആരംഭിക്കുംമുമ്പ് കർതൃപ്രാർത്ഥന ചൊല്ലുന്ന പതിവിന് 120 വർഷത്തെ ചരിത്രമുണ്ട്. 1901 മുതൽ പ്രിസൈഡിംഗ് ഓഫീസർമാർ പ്രാർത്ഥന ചൊല്ലിയാണ് പാർലമെന്റിലെ ഇരുസഭകളിലും നടപടികൾ ആരംഭിക്കുന്നത്. ഇതിനെതിരെ ഇക്കഴിഞ്ഞയാഴ്ചയാണ് സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായ സ്യൂ ലൈൻസ് രംഗത്തെത്തിയത്. പാർലമെന്റ് സാംസ്‌കാരികമായി കൂടുതൽ വൈവിധ്യം പുലർത്തുന്നതിനാൽ മതപരമായ പ്രാർത്ഥനയുടെ ആവശ്യമില്ലെന്ന വാദമാണ് അവർ ഉയർത്തുന്നത്.

ഇതിനെതിരെ പ്രമുഖ എം.പിയും കാറ്റേഴ്‌സ് ഓസ്‌ട്രേലിയൻ പാർടി നേതാവുമായ ബോബ് കാറ്റർ ശക്തമായ പ്രതികരണമാണ് രേഖപ്പെടുത്തിയത്. പ്രസ്തുത നിർദേശത്തെ യുക്തിരഹിതമെന്ന് വിലയിരുത്തിയ അദ്ദേഹം, തങ്ങൾക്ക് പ്രാർത്ഥന ചൊല്ലാതിരിക്കാനാവില്ലെന്നും അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. പാർലമെന്റ് നടപടികളുടെ ഒരോ ദിനാരംഭത്തിലും ചൊല്ലുന്ന കർതൃപ്രാർത്ഥന നീക്കം ചെയ്യാൻ ആലോചനയില്ലെന്ന് ജനപ്രതിനിധി സഭ സ്പീക്കർ മിൽട്ടൺ ഡിക് വ്യക്തമാക്കുകയും ചെയ്തു.

കർതൃപ്രാർത്ഥന ഫെഡറൽ പാർലമെന്റിൽനിന്ന് നീക്കം ചെയ്യാനുള്ള നീക്കം ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. എന്നാൽ, വിശ്വാസികളുടെ സംഘടിതമായ പ്രതിരോധംമൂലം അത് ഫലംകാണാതെ പോവുകയായിരുന്നു. പുതിയ നീക്കവും അതുപോലെ തകർക്കപ്പെടുമെന്ന കണക്കുകൂട്ടലിലാണ് വിശ്വാസീസമൂഹം. കഴിഞ്ഞ വർഷം വിക്‌ടോറിയൻ സംസ്ഥാനത്തെ പാർലമെന്റ് നടത്തിയ സമാനമായ നീക്കത്തെ പ്രതിരോധിച്ചതും വിഫലമാക്കിയതും വിശ്വാസികൾക്ക് കരുത്തേകുന്നുണ്ട്.

കർതൃപ്രാർത്ഥനയ്ക്ക് പകരം, മൗന പ്രാർത്ഥന ഏർപ്പെടുത്തണമെന്ന വിക്‌ടോറിയൻ പാർലമെന്റ് അംഗം രംഗത്തെത്തിയതായിരുന്നു പ്രസ്തുത സംഭവം. അതേ തുടർന്ന് സംസ്ഥാന പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കാനുള്ള സാഹചര്യം ഉടലെടുത്തപ്പോൾ അതിനെ പ്രതിരോദിക്കാൻ ഇ മെയിൽ ക്യാംപെയിൻ ഉൾപ്പെടെയുള്ള മാർഗങ്ങളാണ് ക്രൈസ്തവർ ആവിഷ്‌ക്കരിച്ചത്. പ്രധാന രാഷ്ട്രീയകക്ഷികളുടെ പിന്തുണ നേടാനാകാതെ പ്രമേയം പരാജയപ്പെടാനുള്ള കാരണങ്ങളിൽ പ്രസ്തുത ക്യാംപെയിൻ നിർണായകമായെന്നാണ് റിപ്പോർട്ടുകൾ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?