Follow Us On

19

April

2024

Friday

വിശുദ്ധ ജോൺ പോളിന്റെ കാൽപ്പാദം പതിഞ്ഞ കസാഖിസ്ഥാനിലേക്ക് ഫ്രാൻസിസ് പാപ്പ; പേപ്പൽ പര്യടനം സെപ്തം. 13- 15

വിശുദ്ധ ജോൺ പോളിന്റെ കാൽപ്പാദം പതിഞ്ഞ കസാഖിസ്ഥാനിലേക്ക് ഫ്രാൻസിസ് പാപ്പ; പേപ്പൽ പര്യടനം സെപ്തം. 13- 15

വത്തിക്കാൻ സിറ്റി: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാനിലേക്കുള്ള ഫ്രാൻസിസ് പാപ്പയുടെ അപ്പസ്‌തോലിക പര്യടനം സ്ഥിരീകരിച്ച് വത്തിക്കാൻ. കസാഖ് തലസ്ഥാനമായ നൂർ സുത്താൻ നഗരം സർവമത സമ്മേളനത്തിന് വേദിയാകുന്ന പശ്ചാത്തലത്തിൽ സെപ്തംബർ 13മുതൽ 15വരെയാണ് ഫ്രാൻസിസ് പാപ്പ രാജ്യത്ത് എത്തുന്നത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ 2001ൽ നടത്തിയ സന്ദർശനത്തിനുശേഷം ഇതാദ്യമായാണ് കസാഖിസ്ഥാനിൽ പേപ്പൽ പര്യടനത്തിന് കളമൊരുങ്ങുന്നത്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിളിച്ചുചേർത്ത അസീസിയിലെ സർവമത സമ്മേളനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 2003ൽ കസാഖ് മുൻ പ്രസിഡന്റ് നൂർ സുൽത്താൻ നസർ ബബേവ് തുടക്കം കുറിച്ചതാണ് കസാഖിലെ സർവമത സമ്മേളനം. മൂന്ന് വർഷത്തിൽ ഒരിക്കൽ വിളിച്ചു ചേർക്കുന്ന സമ്മേളനം ഇത് ഏഴാം തവണയാണ് നടക്കുന്നത്. ‘മഹാമാരിക്കുശേഷം മാനവികതയുടെ സാമൂഹിക, ആത്മീയ വികസനത്തിൽ ലോക നേതാക്കളുടെയും പരമ്പരാഗത വിശ്വാസങ്ങളുടെയും നേതാക്കളുടെയും പങ്ക്,’ എന്നതാണ് ഇത്തവണത്തെ പ്രമേയം.

മതാന്തര സംവാദം, സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രധാനമാണ് ഇറ്റാലിയൻ മലയോര പട്ടണമായ അസീസിയിൽ 1986ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ വിളിച്ചുകൂട്ടിയ സമാധാന പ്രാർത്ഥനാദിനം. ഇതിന്റെ അന്തസത്ത ഉൾക്കൊണ്ട് സംഘടിപ്പിക്കുന്ന സമ്മേളനങ്ങൾ ഓരോ വർഷവും യൂറോപ്പിലെ വ്യത്യസ്ത നഗരങ്ങളിൽ അരങ്ങേറുന്ന വാർഷിക പാരമ്പര്യമായി മാറി. അതിന്റെ പ്രചോദനത്താലാണ് കസാഖിസ്ഥാനിലും സർവമത സമ്മേളനം സംഘടിപ്പിക്കപ്പെട്ട് തുടങ്ങിയത്.

കസാഖ് സന്ദർശിക്കാനുള്ള ആഗ്രഹം പാപ്പ മുൻപേ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം വത്തിക്കാൻ പ്രസ് ഡയറക്ടർ മാറ്റിയോ ബ്രൂണിയാണ് പര്യടന വാർത്ത സ്ഥിരീകരിച്ചത്. കസാഖിസ്ഥാനിലെ സഭാ നേതൃത്വത്തിന്റെയും ഭരണകൂടത്തിന്റെയും ക്ഷണം സ്വീകരിച്ച് നടത്തുന്ന പര്യടനത്തിന്റെ കാര്യപരിപാടികൾ പിന്നീട് പുറത്തുവിടും. ‘പരസ്പരം സ്‌നേഹിക്കുക’ എന്ന ആപ്തവാക്യവുമായി 2001 വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ കസാഖ് പര്യടനം ചരിത്രമായിരുന്നു.

ഒരുകാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, 1991 ഡിസംബർ 16ന് സ്വാതന്ത്ര്യം നേടിയ കസാഖിസ്ഥാനിലെ ജനസംഖ്യയിൽ 70% മുസ്ലീങ്ങളും 25% ക്രിസ്ത്യാനികളുമാണുള്ളത്. ഇതിൽ ഒരു ശതമാനത്തിൽ താഴെയാണ് കത്തോലിക്കർ. ഏതാണ്ട് രണ്ടര ലക്ഷം വരുന്ന കത്തോലിക്കാ ജനസംഖ്യയിൽ ഭൂരിപക്ഷവും പോളിഷ്, ജർമൻ, ലിത്വാനിയൻ വംശജരാണ്. കൂടാതെ ഗ്രീക്ക്, പൗരസ്ത്യ സഭാ സമൂഹവുമുണ്ട്. ഒരു അതിരൂപതയും രണ്ട് രൂപതയും ഒരു അപ്പസ്‌തോലിക് വികാരിയത്തുമാണ് കസാഖിസ്ഥാനിലുള്ളത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?