പാരീസ്: അഗ്നിബാധയിൽ സാരമായ കേടുപാടുകൾ സംഭവിച്ച, വിശ്വവിഖ്യാതമായ നോട്രഡാം കത്തീഡ്രൽ 2024ൽ പുനർനിർമാണം പൂർത്തിയാക്കി വിശ്വാസികൾക്ക് തുറന്നുനൽകുമെന്ന് സ്ഥിരീകരിച്ച് ഫ്രഞ്ച് സർക്കാർ. കഴിഞ്ഞ ദിവസം ഫ്രഞ്ച് സാംസ്ക്കാരിക മന്ത്രി റിമ അബ്ദുൽ മലാക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിലെ സുപ്രധാനമായ ഒരു ഘട്ടം പൂർത്തിയായെന്നും അവർ അറിയിച്ചു. അറ്റകുറ്റപണികൾ നടക്കവെ 2019 ഏപ്രിൽ 12ന് ഉണ്ടായ തീപിടുത്തത്തിൽ മേൽക്കൂര ഉൾപ്പെടെ ദൈവാലയത്തിന്റെ നല്ലൊരുഭാഗവും ആഗ്നി വിഴുങ്ങുകയായിരുന്നു.
‘വേനൽ അസാനത്തോടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങാനാകും വിധം പുനരുദ്ധാരണത്തിലെ സുപ്രധാനമായ ശുചീകരണ ഘട്ടം പൂർത്തിയായി. 2024 നിർമാണ പ്രവൃത്തിയുടെ വലിയൊരു ഭാഗം ജോലിയും പൂർത്തിയാക്കുന്ന വർഷമായിരിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്, വിശ്വാസികൾക്കും പൊതുജനങ്ങൾക്കും കത്തീഡ്രൽ തുറന്നുകൊടുക്കുന്ന വർഷം കൂടിയായിരിക്കും അത്,’ മന്ത്രി വ്യക്തമാക്കി. ലോകത്തിന്റെ മുമ്പിൽ പാരീസിന്റെ പ്രതീകമെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന നോട്രഡാം കത്തീഡ്രൽ പാരീസ് അതിരൂപതയുടെ ആസ്ഥാന ദൈവാലയമാണ്.
1345ൽ ഫ്രഞ്ച് ഗോതിക് വാസ്തുഭംഗിയിൽ നിർമിച്ച ബൃഹത്തും അതിമനോഹരവുമായ നോട്രഡാം കത്തീഡ്രൽ കത്തിയമരുന്ന രംഗങ്ങൾ ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടയിൽ വലിയ നടുക്കമാണ് സൃഷ്ടിച്ചത്. വാസ്തുകലാ വിദഗ്ദ്ധൻ യൂജിൻ വയലെറ്റ് ലെ ഡുക്ക് രൂപകൽപ്പന ചെയ്ത, 96 മീറ്റർ ഉയരമുള്ള ഗോപുരവും ഓക് മരംകൊണ്ട് നിർമിച്ച മേൽക്കൂര പൂർണമായും ചാമ്പലായിരുന്നു. അതിന് പിന്നാലെ തന്നെ 2024ൽ പുനർനിർമാണം പൂർത്തിയാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പുനർനിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായ ചില നിർദേശങ്ങൾ വിവാദമായിരുന്നു.
ദൈവാലയം എന്നതിനേക്കാളുപരി ചരിത്ര നിർമിതി, മ്യൂസിയം എന്നീ തരത്തിൽ കത്തീഡ്രൽ പുനർനിർമാണ ആലോചനകൾ മുന്നോട്ടുപോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മേൽക്കൂരയിൽ പച്ചക്കറിത്തോട്ടം മുതൽ നീന്തൽ കുളംവരെ നിർമിക്കണമെന്ന ആവശ്യം ഉന്നത അധികാരികളിൽനിന്നുതന്നെ ഉണ്ടായ സാഹചര്യത്തിൽ വിശ്വാസീസമൂഹം പ്രതിഷേധവുമായി രംഗത്തിറങ്ങി. പുനർനിർമിക്കുന്ന നോട്രഡാം കത്തീഡ്രലിന്റെ അടിസ്ഥാന രൂപഭാവങ്ങളിലും ലക്ഷ്യങ്ങളും മാറ്റം വരുത്തരുതെന്ന് വത്തിക്കാനും യുനസ്ക്കോയോട് ആവശ്യപ്പെട്ടു.
1991ൽ യുനസ്കോ കത്തീഡ്രലിനെ സാംസ്കാരിക പൈതൃക കേന്ദ്രമായി അംഗീകരിച്ചതാണെങ്കിലും പുനർനിർമിതയുടെ ഓരോ ഘട്ടത്തിലും അവിടെ വിശ്വാസികളും അവിശ്വാസികളും മാനവകുലം മുഴുവനും അനുഭവിച്ചിട്ടുള്ള ആത്മീയതയുടെയും ആരാധനയുടെയും അഭൗമശോഭയുടെ പ്രതീകമായി നോട്രഡാം കത്തീഡ്രൽ പുനിർമിക്കപ്പെടണമെന്ന ആവശ്യമാണ് വത്തിക്കാൻ മുന്നോട്ടുവെച്ചത്. അതിന്റെയെല്ലാം ഫലമെന്നോണം, അഗ്നിബാധയേൽക്കുംമുമ്പ് ഉണ്ടായിരുന്ന അവസ്ഥയിൽതന്നെ കത്തീഡ്രൽ പുനർനിർമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ബിൽ സെനറ്റ് പാസാക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുനർനിർമാണം പുരോഗമിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *