ന്യൂയോർക്ക്: ഗർഭച്ഛിദ്രത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട വൈദീകൻ ഉൾപ്പെടെ മൂന്ന് പ്രോ ലൈഫ് പ്രവർത്തകർക്ക് 90 ദിവസത്തെ ജയിൽ ശിക്ഷ വിധിച്ച് യു.എസ് കോടതി. വൈറ്റ് പ്ലെയിൻസിലെ ഗർഭച്ഛിദ്ര ക്ലിനിക്കിൽ അതിക്രമിച്ച് കയറിയെന്ന കുറ്റത്തിന് ഫാ. ഫിഡെലിസ് മോസിൻസ്കി, മാത്യു കനോലി, വില്യം ഗുഡ്മാൻ എന്നിവരെ കഴിഞ്ഞ ദിവസമാണ് ന്യൂയോർക്കിലെ വൈറ്റ് പ്ലെയിൻസ് സിറ്റി കോടതി 90 ദിവസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. പ്രോ ലൈഫ് മുന്നേറ്റമായ ‘റെഡ് റോസ് റെസ്ക്യു’ ക്യാംപെയിനിൽ പങ്കെടുക്കവേയാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്.
ഗർഭച്ഛിദ്രം നടത്താനെത്തുന്നവർക്ക് റോസാപ്പൂ നൽകിയും ഗർഭച്ഛിദ്രത്തിന്റെ അധാർമിക ബോധ്യപ്പെടുത്തിയും അവരെ അതിൽനിന്ന് പിന്തിരിപ്പിക്കുന്ന മുന്നേറ്റമാണ് ‘റെഡ് റോസ് റെസ്ക്യു’. 2021 നവംബറിലാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്. തുടർന്ന്, മാസങ്ങൾ നീണ്ട വാദത്തിനുശേഷം കഴിഞ്ഞ മാർച്ചിൽ ഇവരെ കോടതി കുറ്റവാളികളായി വിധിച്ചിരുന്നു. അതിന്റെ ശിക്ഷയാണ് ഇക്കഴിഞ്ഞ ദിവസം കോടതി പ്രഖ്യാപിച്ചത്. തടവുശിക്ഷയ്ക്കു പുറമെ 750 ഡോളർ പിഴയും ഇവർ അടയ്ക്കേണ്ടതുണ്ടെന്ന് ‘റെഡ് റോസ് റെസ്ക്യൂ’ പ്രസ്താവനയിൽ അറിയിച്ചു.
‘നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവർക്ക് അയ്യോ കഷ്ടം, ഗർഭച്ഛിദ്രത്തെ അവകാശം എന്ന് വിളിക്കുന്നവർക്ക് അയ്യോ കഷ്ടം,’ എന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ് ഫാ. ഫിഡെലിസ് കോടതി വിധിയോട് പ്രതികരിച്ചത്. കോടതിമുറിയിൽനിന്ന് വിൽ ഗുഡ്മാൻ പുറത്തേക്ക് വന്നതാവട്ടെ, ‘ക്രിസ്തുരാജൻ നീണാൾ വാഴട്ടെ’ (വിവോ ക്രിസ്റ്റോ റേ) എന്ന മുദ്രാവാക്യം മുഴക്കിയും! തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെ പ്രോ ലൈഫ് ചാംപ്യന്മാർക്കായി പ്രാർത്ഥിക്കണമെന്ന അഭ്യർത്ഥന ‘റെഡ് റോസ് റെസ്ക്യൂ’ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഗർഭസ്ഥ ശിശുക്കളെ വധിക്കാൻ തീരുമാനിക്കുന്ന ഗർഭിണികളെ അതിൽനിന്ന് പിന്തിരിപ്പിക്കാൻ ആരംഭിച്ച ‘റെഡ് റോസ് റെസ്ക്യു’ ക്യാംപെയിനിലൂടെ നിരവധി കുഞ്ഞുങ്ങളാണ് ഇതിനകം ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത്. കനേഡിയൻ പ്രോ ലൈഫ് ആക്ടിവിസ്റ്റായ മേരി വാഗ്നറാണ് ഇതിന് പ്രചോദനമായത്. പ്രോ ലൈഫ് പ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ചില വിജയകരമായ മാർഗങ്ങൾ വീണ്ടും പ്രയോഗിക്കുകയാണ് ‘റെഡ് റോസ് റെസ്ക്യൂ’ പ്രചാരകർ. ഗർഭച്ഛിദ്ര ക്ലിനിക്കുകളിൽ എത്തുന്നവർക്ക് ഗർഭച്ഛിദ്രത്തിന്റെ അധാർമിക ബോധ്യപ്പെടുത്തുന്ന ലീഫ് ലെറ്റുകൾ കൈമാറുന്നതും പതിവാണ്.
നിങ്ങൾ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ഗർഭം ധരിക്കുന്ന സാഹചര്യത്തിൽ നിങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേക്കാൾ വലുതാണ് നിങ്ങളുടെ നന്മ, എത്ര ചെറുതാണെങ്കിലും എത്ര ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെങ്കിലും ഒരു പുതിയ ജീവിതം വലിയ സന്തോഷം വാഗ്ദാനം ചെയ്യും എന്നിങ്ങനെ പ്രചോദനാത്മകമായ വരികളാണ് ലീഫ് ലെറ്റിന്റെ ഉള്ളടക്കം. അറസ്റ്റ് ചെയ്യപ്പെടുന്നത് പതിവാണെങ്കിലും അതൊന്നും വകവെക്കാതെ ശുശ്രൂഷ തുടരുകയാണ് ‘റെഡ് റോസ് റെസ്ക്യു’ പ്രവർത്തകർ. തങ്ങൾ രക്ഷിക്കാൻ ശ്രമിക്കുന്ന ജീവന്റെ മൂല്യത്തെ കുറിച്ചുള്ള ഉത്തമബോധ്യംതന്നെ അതിന് കാരണം.
Leave a Comment
Your email address will not be published. Required fields are marked with *