Follow Us On

15

August

2022

Monday

വ്യവസായികള്‍ക്ക് സംരക്ഷണമൊരുക്കുന്ന റബര്‍ നിയമം

വ്യവസായികള്‍ക്ക്  സംരക്ഷണമൊരുക്കുന്ന  റബര്‍ നിയമം

അഡ്വ. വി.സി സെബാസ്റ്റ്യന്‍

റബര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുക എന്ന ലക്ഷ്യം ഉയര്‍ത്തിക്കാട്ടി വീണ്ടുമൊരു റബര്‍ മീറ്റ് രണ്ടാഴ്ച മുമ്പ് കേരളത്തില്‍ നടന്നു. ആറാമത്തെ മീറ്റാണ് കൊച്ചിയിലെ ലേ മെരിഡിയന്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്നത്. റബര്‍ബോര്‍ഡും വന്‍കിട റബര്‍ വ്യാപാരികളും വ്യവസായികളും നേതൃത്വം കൊടുത്ത് വര്‍ഷങ്ങളായി തുടരുന്ന ഇത്തരം മീറ്റുകള്‍ക്ക് റബര്‍ മേഖലയെ പ്രത്യേകിച്ച് റബര്‍കര്‍ഷകരെയും വിപണിയെയും രക്ഷപെടുത്താനായോ? റബര്‍ വ്യവസായത്തിന്റെ അടിസ്ഥാനഘടകം റബര്‍കൃഷിയും പ്രകൃതിദത്ത റബറിന്റെ ഉത്പാദനവുമാണ്.

റബര്‍ ആക്ടും കരടുബില്ലും
നിലവിലുള്ള റബര്‍ ആക്ട് റദ്ദാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന പുതിയ റബര്‍ നിയമത്തിലെ കരട് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വന്‍ പ്രതിക്ഷേധമാണുയര്‍ന്നത്. പ്രമുഖ റബര്‍ ഉത്പാദന രാജ്യങ്ങളുമായുള്ള ആസിയാന്‍ സ്വതന്ത്രവ്യാപാരക്കരാറിന്റെ നടപടിക്രമങ്ങളുടെ ഭാഗമാണ് നിലവിലുള്ള നിയമം റദ്ദാക്കലിന്റെ പിന്നിലുള്ളത്. കര്‍ഷകരുടെയും നന്മയും ക്ഷേമവും ലക്ഷ്യംവെയ്ക്കുന്ന പല വകുപ്പുകളും നിലവിലുള്ള റബര്‍ ആക്ടിലുണ്ട്. പക്ഷെ അവ നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും റബര്‍ ബോര്‍ഡും പരാജയപ്പെട്ടു.

പുതിയ കരട് നിയമ നിര്‍ദ്ദേശങ്ങളാകട്ടെ റബറധിഷ്ഠിത ഉത്പന്നങ്ങളുടെ വ്യവസായ വിപണനവും കുറഞ്ഞ ചെലവില്‍ അസംസ്‌കൃത റബര്‍ ലഭ്യമാക്കുന്നതിനുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ അജണ്ടകള്‍ നടപ്പിലാക്കുവാനും ഉദ്ദേശിച്ചുള്ളതാണ്. റബറിനെ കാര്‍ഷികോത്പന്നമാക്കുമെന്ന് മുന്‍കാലങ്ങളില്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങളും റബര്‍ ബോര്‍ഡും നടത്തിയ പ്രഖ്യാപനങ്ങള്‍ തട്ടിപ്പായിരുന്നുവെന്ന് കരട് നിയമത്തിലൂടെ വ്യക്തമാകുന്നു. കരടുബില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും സംരക്ഷണകവചമൊരുക്കും.

കര്‍ഷക വിരുദ്ധത
കേരളത്തില്‍ പരസ്യമായി കര്‍ഷക സ്‌നേഹം പ്രസംഗിക്കുന്ന റബര്‍ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ മുമ്പില്‍ രഹസ്യമായി കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിച്ചതെന്ന് ഒട്ടേറെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. റബറിനെ കാര്‍ഷികോത്പന്നമാക്കുന്നതില്‍ ഉറച്ചനിലപാട് എടുക്കുന്നതില്‍ ബോര്‍ഡ് പരാജയപ്പെട്ടു. മാറിമാറി കേന്ദ്രം ഭരിച്ച സര്‍ക്കാരുകളുടെ മുമ്പില്‍ ഇക്കാര്യം അവതരിപ്പിച്ച് നടപടി ഉണ്ടാക്കുന്നതില്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും പരാജയപ്പെട്ടു. എന്നിട്ടിപ്പോഴും റബറിനെ കാര്‍ഷികോത്പന്നമാക്കണമെന്ന് ചിലര്‍ മുറവിളി കൂട്ടുന്നത് മുഖവിലക്കെടുക്കുവാന്‍ മാത്രം വിഢികളല്ല കര്‍ഷകര്‍. കാരണം പ്രകൃതിദത്ത റബര്‍ ആഗോള വ്യാപാരക്കരാറുകളില്‍ വ്യവസായ അസംസ്‌കൃത വസ്തുവാണ്. അതിന് മാറ്റം വരുത്തണമെങ്കില്‍ ലോക വ്യാപാരസംഘടയുടെ അംഗീകാരം വേണം. 2022 ജൂണില്‍ ജനീവയില്‍ നടന്ന ലോകവ്യാപാര സംഘടനാ മന്ത്രിതല സമ്മേളനത്തില്‍ ഈ വിഷയം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചില്ല.

വ്യവസായ വാണിജ്യ മന്ത്രിയായിരുന്ന സുരേഷ്പ്രഭു 2018 ഫെബ്രുവരി 9ന് സംസ്ഥാനതലത്തിലുള്ള റബറിന്റെ ഉത്പാദനച്ചെലവ് സൂചിപ്പിച്ചുള്ള കണക്ക് അവതരിപ്പിക്കുകയുണ്ടായി. പലിശയും ഭൂമിവാടകയും കൃഷിവികസനചെലവും മാനേജ്മെന്റ് ചെലവും ഉള്‍പ്പെടെ ഒരുകിലോ റബറിന്റെ കേരളത്തിലെ 2015-16 വര്‍ഷത്തെ ഉത്പദനച്ചെലവ് 172.07 രൂപയെന്ന് വ്യക്തമാക്കിയിരുന്നു. അതിനാല്‍ 172.07 രൂപയില്‍ ഉയര്‍ന്ന തുക റബറിന് അടിസ്ഥാനവിലയായി പ്രഖ്യാപിക്കുവാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനും റബര്‍ബോര്‍ഡിനുമുള്ളത് അട്ടിമറിച്ചതിനുപിന്നില്‍ റബര്‍ബോര്‍ഡാണെന്നുള്ളതിന്റെ തെളിവാണ് 2021 ഡിസംബറില്‍ ഒരു കിലോഗ്രാം റബറിന്റെ ഉത്പാദനചെലവ് ഏകദേശം 99.46 രൂപയാണെന്ന് വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ലോക്‌സഭയില്‍ ചോദ്യത്തിന് നല്‍കിയ മറുപടി. 2019-20ല്‍ 101.92 രൂപയും, 2020-21ല്‍ 99.46 രൂപയുമായി, ഓപ്പറേഷണല്‍ കോസ്റ്റ് എന്ന ലേബലില്‍ റബറിന്റെ ഉത്പാദന ചെലവുകള്‍ കുറച്ചുകാണിച്ചുള്ള റിപ്പോര്‍ട്ടാണ് റബര്‍ബോര്‍ഡ് നല്‍കിയത്. ഈ അട്ടിമറി വ്യവസായികളെ സംരക്ഷിക്കാനും ഇറക്കുമതിക്ക് അവസരമൊരുക്കാനുമാണ്. ഇതോടൊപ്പം കേരളത്തിലെ റബര്‍ കൃഷിയുടെ വിസ്തീര്‍ണ്ണത്തില്‍ കഴിഞ്ഞ 5 വര്‍ഷമായി ഒരു കുറവും വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കിയത് റബര്‍ബോര്‍ഡ് നല്‍കിയ തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിലാണ്.

ആഭ്യന്തരവിപണിയിലെ അട്ടിമറികള്‍
ആഗോള കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനം കുറഞ്ഞ് രാജ്യാന്തരവിപണിയില്‍ റബര്‍വില കുതിക്കുമ്പോഴും ആഭ്യന്തരവിപണി അട്ടിമറിക്കുന്ന വ്യവസായികളുടെയും വന്‍കിട വ്യാപാരികളുടെയും നീക്കങ്ങള്‍ക്ക് റബര്‍ ബോര്‍ഡ് ഒത്താശചെയ്യുകയാണ്. 2022 ജൂണ്‍ 6ന് കൊച്ചിയിലെ മാരേം പ്രൊഡക്ട്സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ഹെഡ് ഓഫിസില്‍ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ വിളിച്ചുചേര്‍ത്ത റബര്‍ ബോര്‍ഡ് ഉന്നതരുടെയും വിവിധ സംഘടനാ പ്രതിനിധികളുടെയും സമ്മേളനത്തില്‍ ലാറ്റക്സിന്റെ നിലവിലുള്ള ഇറക്കുമതിച്ചുങ്കം എടുത്തുമാറ്റണമെന്ന നിര്‍ദ്ദേശം ചിലര്‍ കൊണ്ടുവന്നിരുന്നു.

ഈ വിഷയം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വാണിജ്യമന്ത്രി റബര്‍ ബോര്‍ഡിനോട് മീറ്റിംഗില്‍ ആവശ്യപ്പെടുകയും ചെയ്തു. അനുകൂല റിപ്പോര്‍ട്ട് റബര്‍ബോര്‍ഡ് ഇതിനോടകം നല്‍കിയിട്ടുണ്ടെങ്കില്‍ റബര്‍മേഖലയില്‍ പ്രത്യാഘാതം വരുംനാളുകളില്‍ വളരെ വലുതായിരിക്കും.
ലാറ്റക്‌സ് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നവര്‍ക്ക് അഡ്വാന്‍സ് ലൈസന്‍സ് സ്‌കീമിലൂടെ നികുതിരഹിത ലാറ്റക്‌സ് ഇറക്കുമതിക്ക് ഇപ്പോള്‍തന്നെ അവസരമുണ്ട്. ഉയര്‍ന്ന ഇറക്കുമതിച്ചുങ്കം നിലനിര്‍ത്തി ആഭ്യന്തരവിപണി സംരക്ഷിക്കാനും കേന്ദ്രസര്‍ക്കാരിനാവും. അതേസമയം ഇറക്കുമതിച്ചുങ്കം കുറച്ചും എടുത്തുകളഞ്ഞും വിപണി അട്ടിമറിക്കാന്‍ വ്യവസായികള്‍ നടത്തുന്ന നീക്കം കര്‍ഷകന് ഇരുട്ടടിയാകും.

വ്യവസായികള്‍ റബര്‍കൃഷി ഏറ്റെടുക്കുമ്പോള്‍
വന്‍കിട വ്യവസായികള്‍തന്നെ കൃഷിയെ നിയന്ത്രിക്കുകയും കൃഷി പ്രോത്സാഹനമെന്ന പേരില്‍ വന്‍ നിക്ഷേപമിറക്കുകയും ചെയ്യുന്ന പ്രക്രിയയിലേക്ക് കാര്യങ്ങളെത്തി. ആസിയാന്‍ കരാറിനെതുടര്‍ന്ന് ലാവോസ് ഉള്‍പ്പെടെ വിവിധ ആസിയാന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ ടയര്‍ നിര്‍മ്മാതാക്കള്‍ റബര്‍കൃഷിക്കായി വന്‍ നിക്ഷേപം ഇറക്കിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു മാത്രമല്ല ഗുജറാത്തിലേക്കും എന്തിനേറെ പശ്ചിമബംഗാളിലേക്കും റബര്‍കൃഷി വ്യാപിപ്പിക്കാനുള്ള ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്.

നോര്‍ത്ത് ഈസ്റ്റ് മിഷന്‍ ഓഫ് ടയര്‍ ഇന്‍ഡസ്ട്രി ഫോര്‍ റബര്‍ ഓഗ്മെന്റേഷന്‍ എന്ന പദ്ധതിയിലൂടെ റബര്‍ബോര്‍ഡുമായി ചേര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍തോട്ടം വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയില്‍ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും സജീവമായ പങ്കാളിത്തം ഉണ്ട്. റബര്‍കൃഷി വന്‍കിട കോര്‍പ്പറേറ്റുകളിലേക്ക് വഴിമാറുമ്പോള്‍ ചെറുകിട കര്‍ഷകര്‍ വഴിയാധാരമാകും. കേന്ദ്രസര്‍ക്കാര്‍ മാത്രമല്ല വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ സര്‍ക്കാരുകളും റബര്‍കൃഷി വ്യാപനത്തില്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്.

വാണിജ്യമന്ത്രാലയത്തിന്റെ വാദങ്ങള്‍
റബര്‍കൃഷി വ്യാപനത്തിന്റെ ആവശ്യകത ഉയര്‍ത്തി കേന്ദ്ര വാണിജ്യമന്ത്രാലയം മുന്നോട്ടുവെയ്ക്കുന്ന ന്യായവാദങ്ങള്‍ പ്രത്യേകം ശ്രദ്ധേയമാണ്. ഓരോ വര്‍ഷം കഴിയുംതോറും റബറിന്റെ ഉപഭോഗം ഇന്ത്യയില്‍ കൂടുകയാണ്. വ്യവസായികള്‍ക്ക് ഗുണമേന്മയുള്ള പ്രകൃതിദത്ത റബര്‍ നിലവില്‍ ഇന്ത്യയില്‍ ആവശ്യത്തിന് ലഭ്യമല്ല. അതു ലഭ്യമാകണമെങ്കില്‍ ഉത്പാദനം വര്‍ധിക്കണം. റബര്‍ ഇറക്കുമതിയുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് വിവിധ വിദേശ റബറുത്പാദന രാജ്യങ്ങളിലേക്ക് ഒഴുകുന്നത് കോടികളാണ്. പ്രകൃതിദത്ത റബറിന്റെ ആഭ്യന്തര ഉത്പാദനം കൂടിയാല്‍ ഇറക്കുമതി കുറയ്ക്കാം. ഈ തുക ഇന്ത്യയില്‍തന്നെ നിക്ഷേപമായി മാറും. ഇതിന് ഒരു മറുവശമുണ്ട്. ഇന്ത്യയില്‍ ഉത്പാദനം കുറഞ്ഞിട്ടും റബറിന്റെ ആഭ്യന്തരവില ഉയരാത്ത സാഹചര്യമാണ് നിലവിലുള്ളത്. സംഘടിത റബര്‍ വ്യവസായികളുടെ കൈകളിലാണിപ്പോള്‍ ആഭ്യന്തരവിപണിയുടെ കടിഞ്ഞാണ്‍. വാണിജ്യമന്ത്രാലയംപോലും ഇവരുടെ മുമ്പില്‍ മുട്ടുമടക്കുന്നു.

കാരണം കൃഷിയും കര്‍ഷകനുമല്ല മറിച്ച് വ്യവസായിയും വ്യവസായ മേഖലയുടെ വളര്‍ച്ചയും മാത്രമാണ് വാണിജ്യമന്ത്രാലയത്തിന്റെ മുന്നിലുള്ളത്. കര്‍ഷകന്റെ ഭാവിയും നിലനില്പും സംരക്ഷണവും ഇക്കൂട്ടര്‍ക്ക് പ്രശ്‌നമല്ല. റബര്‍ ബോര്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചുകൊണ്ട് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം 2022 ജൂണ്‍ 28ന് ഉത്തരവിറക്കി. 16 അംഗങ്ങളെയാണ് പുതിയ സമിതിയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കര്‍ഷകരെ പ്രതിനിധീകരിക്കുന്നവര്‍ ആര് എന്നു ചോദിച്ചാല്‍ വട്ടപ്പൂജ്യമെന്ന് ഉത്തരം. റബര്‍ കൃഷിയെക്കുറിച്ച് യാതൊരു ധാരണയും അറിവുമില്ലാത്തവര്‍ രാഷ്ട്രീയ പിന്‍ബലത്തിന്റെ പിന്നാമ്പുറങ്ങളിലൂടെ റബര്‍ബോര്‍ഡിനെ നയിക്കാനിറങ്ങുമ്പോള്‍ ബോര്‍ഡ് ചിലരുടെ റബര്‍സ്റ്റാമ്പായി മാറും. കേന്ദ്രത്തെ പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കൊട്ടിഘോഷിച്ച പദ്ധതികളും പ്രഖ്യാപനങ്ങളും പാതിവഴിയില്‍ നിഷ്‌ക്രിയമായിരിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ നിലവിലുള്ള പെന്‍ഷന്‍ പദ്ധതിയില്‍ നിന്നുപോലും റബര്‍ കര്‍ഷകരെ പുറംതള്ളുന്ന ക്രൂരത വേറെയും. 2017 മെയ് 27ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ പങ്കുവെച്ച സിയാല്‍ മോഡല്‍ റബര്‍ കമ്പനി അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങുമ്പോള്‍ കര്‍ഷകരുടെ പ്രതീക്ഷകളും മങ്ങുകയാണ്.
(ലേഖകന്‍ ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലാണ് )

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?