Follow Us On

15

August

2022

Monday

യേശുക്രിസ്തു യഥാർത്ഥ സമാധാനം നൽകുന്ന ഏക കർത്താവ്; ക്രിസ്തുവിന്റെ ചാരെയണയാൻ യുവജനങ്ങളെ ക്ഷണിച്ച് പാപ്പ

യേശുക്രിസ്തു യഥാർത്ഥ സമാധാനം നൽകുന്ന ഏക കർത്താവ്; ക്രിസ്തുവിന്റെ ചാരെയണയാൻ യുവജനങ്ങളെ ക്ഷണിച്ച് പാപ്പ

ബോസ്‌നിയ: യഥാർത്ഥ ആശ്വാസവും സമാധാനവും പ്രദാനം ചെയ്യുന്ന ഏക കർത്താവ് യേശുക്രിസ്തു മാത്രമാണെന്നും ഹൃദയത്തിലുള്ള സകലവും പേറിക്കൊണ്ട് യേശുവിന്റെ പക്കലണയാൻ ഭയപ്പെടേണ്ടെന്നും യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. സമാധാനത്തിനായി യേശുവിന്റെ പക്കൽ അണഞ്ഞ് അവിടുന്നിൽനിന്ന് പഠിക്കാൻ യുവജനങ്ങൾളോട് ആഹ്വാനം ചെയ്യുകയും ചെയ്തു അദ്ദേഹം. യൂറോപ്പിലെ വിഖ്യാത മരിയൻ തീർത്ഥാടനകേന്ദ്രമായ മെഡ്ജുഗോറിയയിൽ നടക്കുന്ന ‘മ്‌ളാഡിഫെസ്റ്റ്’ യുവജനസംഗമത്തെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം വ്യക്തമാക്കിയത്.

‘അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം,’ എന്ന തിരുവചനത്തെ ആസ്പദമാക്കി പാപ്പ തയാറാക്കിയ സന്ദേശം മെഡ്ജുഗോറിയയിലെ അപ്പസ്‌തോലിക് വിസിറ്റേറ്റർ മോൺ. അൽഡോ കാവെല്ലിയാണ് വായിച്ചത്. ജീവിതത്തിലുണ്ടാകുന്ന ഇരുളടഞ്ഞ നിമിഷങ്ങൾ ഈശോയിലേക്ക് കണ്ണുകളുയർത്താനും അവിടുന്നുമായുള്ള ബന്ധത്തിൽ ആഴപ്പെടാനുമുള്ള ക്ഷണമാണെന്നും പാപ്പ ഓർമിപ്പിച്ചു. ജീവിതത്തിനു മുന്നിൽ ഭയന്ന് മരവിച്ചു നിൽക്കാതെ അവിടത്തെപ്പക്കലണയാനും അവിടുന്നിൽ വിശ്വാസമർപ്പിക്കാനുമുള്ള ഈ ക്ഷണം നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

‘നമുക്ക് നിരാശയും ഗതകാലമുറിവുകളും അനീതികളും സഹിക്കേണ്ടിവരുമ്പോൾ, നിരവധിയായ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും അനുഭവിക്കേണ്ടിവരുമ്പോൾ യേശു നമ്മെ അവിടത്തെപ്പക്കലേക്ക് വിളിക്കുകയും തന്നിൽനിന്ന് പഠിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് ചലനാത്മകതയ്ക്കുള്ള ഒരു ക്ഷണമാണ്. ഇരുളടഞ്ഞ വേളകളിൽ അവനവനിൽത്തന്നെ അടച്ചുപൂട്ടുന്നതിനുള്ള പ്രവണതയുണ്ടാകുക സ്വാഭാവികം. എന്നാൽ, നമ്മെ യഥാർത്ഥത്തിൽ സ്‌നേഹിക്കുന്നവനുമായി ബന്ധത്തിലാകുകയും അവിടുത്തെ നേർക്ക് കണ്ണുകളുയർത്തുകയുമാണ് അതിൽനിന്ന് മുക്തരാകാനുള്ള പോംവഴി,’ പാപ്പ കൂട്ടിച്ചേർത്തു.

പ്രത്യാശ പകരുന്ന വിശ്വാസസാക്ഷ്യങ്ങളും പ്രബോധന പരമ്പരകളും ദിവ്യകാരുണ്യ ആരാധനയുടെ തിരുമണിക്കൂറുകളുമായി ആഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് 33-ാമത് മെഡ്ജുഗോറിയയിൽ ‘മ്ളാഡിഫെസ്റ്റ്’ സമ്മേളിക്കുന്നത്. ലോക യുവജന സംഗമം കഴിഞ്ഞാൽ, തുടർച്ചയായി സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ കത്തോലിക്കാ യുവജന സംഗമങ്ങളിൽ ഒന്നാണ് ‘മ്ളാഡിഫെസ്റ്റ്’. ഫ്രാൻസിസ്‌ക്കൻ സഭാംഗങ്ങളായ ഫാ. സ്ളാവ്കോ ബാർബറിക്, ഫാ. ടൊമിസ്ലാവ് വ്ളാസിക് എന്നിവർ 1989ൽ തുടക്കം കുറിച്ച യുവജനക്കൂട്ടായ്മ അര ലക്ഷത്തിൽപ്പരം പേർ പങ്കെടുക്കുന്ന മഹാസംഗമമാണിപ്പോൾ. കൂടാതെ, 20 ലക്ഷത്തിൽപ്പരം പേർ ഓൺലൈനായി ഈ വർഷത്തെ സംഗമത്തിൽ പങ്കെടുക്കുന്നുമുണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?