Follow Us On

15

August

2022

Monday

ചാവറയച്ചനും ഹാഗിയ സോഫിയയും മാത്രമാണോ വിഷയം?

ചാവറയച്ചനും ഹാഗിയ സോഫിയയും  മാത്രമാണോ വിഷയം?

– വിനോദ് നെല്ലയ്ക്കല്‍

പല കാലഘട്ടങ്ങളിലായി ചര്‍ച്ച ചെയ്യപ്പെടുകയും സാമാന്യജനത വ്യക്തമായി മനസിലാക്കുകയും ചെയ്തിട്ടുള്ള രണ്ടു വസ്തുതകളാണ്, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍ കേരളത്തിന് നല്‍കിയിട്ടുള്ള അമൂല്യമായ സംഭാവനകളും, ആഗോള ക്രൈസ്തവ ചരിത്രത്തില്‍ ഹാഗിയ സോഫിയ എന്ന പുരാതന കത്തീഡ്രലിനുള്ള സ്ഥാനവും. കേരളചരിത്രത്തില്‍ എത്രമാത്രം നവോത്ഥാന നായകര്‍ പില്‍ക്കാലത്ത് ജന്മം കൊണ്ടിട്ടുണ്ടെങ്കിലും ചാവറയച്ചന്റെ സംഭാവനകള്‍ അപ്രസക്തമാകുന്നില്ല എന്നുമാത്രമല്ല, അവ കൂടുതല്‍ മിഴിവാര്‍ജ്ജിക്കുകയാണ്. കാരണം, ആധുനിക കേരളത്തിന് അടിത്തറയിടുകയാണ് ചാവറയച്ചന്‍ ഉള്‍പ്പെടെയുള്ള മുന്‍ഗാമികള്‍ ചെയ്തിട്ടുള്ളത്. അതുപോലെതന്നെ, പില്‍ക്കാലത്ത് കൂടുതല്‍ വലുതും മഹത്തരവുമായ എത്ര കത്തീഡ്രലുകള്‍ പണികഴിപ്പിച്ചാലും എഡി 360 ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച, പന്ത്രണ്ട് നൂറ്റാണ്ടുകളോളം ക്രൈസ്തവ സമൂഹം ആരാധന നടത്തിയ ഹാഗിയ സോഫിയയുടെ പ്രാധാന്യം കുറയുന്നില്ല.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഈ രണ്ടു വിഷയങ്ങള്‍ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുന്നു. കേരള സിലബസിലെ ഏഴാംക്ലാസ് പാഠപുസ്തകമാണ് ചര്‍ച്ചകള്‍ക്ക് അടിസ്ഥാനം. കേരളചരിത്രത്തിലെ നവോത്ഥാന നായകരെക്കുറിച്ച് പറഞ്ഞിരിക്കുന്ന അദ്ധ്യായത്തില്‍ ചാവറയച്ചന്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നതും, ആദ്യ അധ്യായത്തില്‍ ഹാഗിയ സോഫിയയെക്കുറിച്ച് തെറ്റിദ്ധാരണാജനകമായി പരാമര്‍ശിച്ചിരിക്കുന്നതുമാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ചാവറയച്ചനെക്കുറിച്ചുള്ള വിവരങ്ങള്‍ വരുന്ന അധ്യയന വര്‍ഷത്തില്‍ത്തന്നെ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ അറിയിക്കുകയുണ്ടായി. വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സ്ഥിതിക്ക് ഹാഗിയ സോഫിയ സംബന്ധിച്ചും തിരുത്തലുകള്‍ ഉണ്ടായേക്കാം. എന്നാല്‍, ഇവരണ്ടും മാത്രമാണോ യഥാര്‍ത്ഥ വിഷയങ്ങള്‍ എന്നുള്ളതാണ് ചോദ്യം.

ഈ രണ്ടു വിഷയങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പാഠപുസ്തക രചനാ പ്രക്രിയയെ വിലയിരുത്തിയാല്‍ അവിടെ ചില സ്വാധീനങ്ങളോ കൈകടത്തലുകളോ ഉണ്ടായിരുന്നതായി മനസിലാക്കാം. കാരണം, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത രീതിയിലുള്ള ഒഴിവാക്കലുകളും മറച്ചുവയ്ക്കലുകളുമാണ് സംഭവിച്ചിരിക്കുന്നത്.

പന്ത്രണ്ട് നൂറ്റാണ്ടുകാലം ഒരു ക്രൈസ്തവ ദൈവാലയം മാത്രമായിരുന്ന, ലോകത്തിലെ ഏറ്റവും പുരാതനമായതും ഇന്നും നിലനില്‍ക്കുന്നതുമായ മഹത്തായ ഒരു നിര്‍മ്മിതി, അതൊരു ക്രൈസ്തവ ദൈവാലയമായിരുന്നു എന്ന വസ്തുത മറച്ചുവച്ചിരിക്കുന്നതാണ് ഏറ്റവും വലിയ ഉദാഹരണം. സാമാന്യബുദ്ധ്യാ അതൊരിക്കലും സംഭവിക്കില്ല. അത്തരം ഒരു ഉദാഹരണമാണ് ചാവറയച്ചന്റെ കാര്യവും.

നവോത്ഥാനത്തിലെ ക്രൈസ്തവ സംഭാവനകളുടെ സവിശേഷതകള്‍
പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായി ഉയര്‍ന്നുവന്നിട്ടുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കളില്‍ ഏറെപ്പേരും ആത്മീയ -മത പരിവേഷങ്ങള്‍ ഉള്ളവരാണ്. ഹൈന്ദവ ആചാര്യന്മാരും സ്വാമിമാരുമായിരുന്ന അവരില്‍ ബഹുഭൂരിപക്ഷവും സ്വസമുദായത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിച്ചിരുന്നവരും, ആ വേലിക്കെട്ടുകള്‍ ഒരിക്കലുംതന്നെ ഭേദിക്കാത്തവരുമായിരുന്നു. എന്നാല്‍, വിവിധ ക്രൈസ്തവ സമൂഹങ്ങളും സന്യാസസഭകളും മിഷനറിമാരും ജാതിമതഭേദമില്ലാതെ സമൂഹത്തിലേക്കിറങ്ങി സേവനം ചെയ്തിരുന്നവരായിരുന്നു.

അത്തരമൊരു വലിയ അന്തരം ചാവറയച്ചന്‍ മുതലായ സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെയെല്ലാം പ്രവര്‍ത്തനങ്ങളില്‍ കാണാം. 1946ല്‍ മാന്നാനത്തെ ആശ്രമത്തോട് ചേര്‍ന്ന് അദ്ദേഹം സംസ്‌കൃത വിദ്യാലയം ആരംഭിച്ചത് ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയോ, ഉന്നത കുലജാതര്‍ക്ക് വേണ്ടിയോ ആയിരുന്നില്ല. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട അധഃസ്ഥിത വര്‍ഗത്തിനുവേണ്ടിയായിരുന്നു. തുടര്‍ന്ന് രണ്ടുപതിറ്റാണ്ടിന് ശേഷം കേരളത്തിലങ്ങോളം ഇങ്ങോളം ദൈവാലയത്തോടുചേര്‍ന്ന് പണിതുയര്‍ത്തപ്പെട്ട 167ഓളം വിദ്യാലയങ്ങളില്‍ ഒന്നുപോലും ക്രൈസ്തവരായ വിദ്യാര്‍ത്ഥികളെ മാത്രം ഉദ്ദേശിച്ചുള്ളത് ആയിരുന്നില്ല.

സമൂഹത്തെ മുഴുവന്‍ ഒന്നായി കണ്ട്, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരുമിച്ചിരുന്ന് പഠിക്കാനും ഒന്നിച്ച് വളരാനും അവസരമൊരുക്കപ്പെട്ടതാണ് ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായി മാറിയത്. സ്വാതന്ത്ര്യത്തിന് ശേഷം എയ്ഡഡ് പദവി ലഭിക്കുന്നതിന് മുമ്പും നൂറുകണക്കിന് വിദ്യാലയങ്ങള്‍ കേരളത്തിലുണ്ടായിരുന്നു. ജനാധിപത്യ ഭരണകാലത്തേക്ക് നാട് മാറ്റപ്പെട്ടപ്പോള്‍ വിദ്യാഭ്യാസം സര്‍ക്കാരുകളുടെ ഉത്തരവാദിത്തമായി മാറിയെങ്കിലും താങ്ങാനാവാത്ത സാമ്പത്തികച്ചെലവ് കണക്കിലെടുത്ത് നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഭാഗികമായ പിന്തുണനല്‍കി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തുവന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ ചരിത്രമുള്ളവയാണ് ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്ന ഒട്ടേറെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ജാതിമതഭേദമില്ലാതെയുള്ള വിദ്യാഭ്യാസമാണ് വളര്‍ച്ചയുടെ അടിസ്ഥാനമെന്ന തിരിച്ചറിവില്‍, അതിന് മുന്നിട്ടിറങ്ങിയ സാംസ്‌കാരിക നായകരും അത് ഏറ്റെടുത്ത വലിയൊരു സമുദായവുമാണ് ആധുനിക കേരളത്തിന്റെ പ്രധാന ശില്പികളെന്ന സത്യം വിസ്മരിക്കപ്പെടാന്‍ പാടില്ലാത്തതാണ്.

ലോകചരിത്രത്തിലെ തമസ്‌കരണങ്ങള്‍
സാംസ്‌കാരിക മുന്നേറ്റങ്ങള്‍, കല, സാഹിത്യം, ശില്‍പ്പകല, ശാസ്ത്രം, ലോക ചരിത്രം എന്നിങ്ങനെ ഒട്ടനവധി പശ്ചാത്തലങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് എക്കാലവും വിദ്യാര്‍ഥികള്‍ അറിവുകള്‍ ആര്‍ജ്ജിക്കുന്നത്. അതിനാല്‍ത്തന്നെ, അസത്യങ്ങളും അര്‍ത്ഥസത്യങ്ങളും ഗുരുതരമായ തമസ്‌കരണങ്ങളും തലമുറകളെ ദോഷകരമായി ബാധിക്കും എന്നത് തീര്‍ച്ചയാണ്. ഹാഗിയ സോഫിയയുമായി ബന്ധപ്പെട്ട ഏഴാംക്ലാസ് പാഠപുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഒരു ഉദാഹരണംതന്നെയാണ്.

രണ്ടായിരം വര്‍ഷം നീളുന്ന വലിയ ചരിത്രത്തിലൂടെ കടന്നുവന്ന ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും അത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പുമുതലുള്ള ഒട്ടേറെ അനുഭവങ്ങളില്‍നിന്നും പാളിച്ചകളില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ കാലഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ആദ്യ നൂറ്റാണ്ടുകള്‍ മുതലിങ്ങോട്ട് ലോകത്തിന്റെ എല്ലാവിധ മുന്നേറ്റങ്ങളും ആധുനികതയിലേക്കുള്ള വിവിധ പടവുകളും അതിന്റെതായ ചരിത്രങ്ങളും ക്രൈസ്തവ സമൂഹവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ ചരിത്രം പോലും ആരംഭിക്കുന്നത് അവിടെയാണ്.

പില്‍ക്കാല അധിനിവേശങ്ങള്‍ ചരിത്രത്തിന്റെ ഗതി മാറ്റിയെങ്കിലും അന്നോളമുള്ള വിവിധ സംസ്‌കാരങ്ങളുടെ തുടര്‍ച്ചയാണ് ഇന്നും നിലനില്‍ക്കുന്നത്. ആ ചരിത്രങ്ങള്‍ കലര്‍പ്പില്ലാതെ പഠിക്കാനുള്ള അവകാശം എല്ലാ തലമുറകള്‍ക്കുമുണ്ട്. ചില സമൂഹങ്ങളുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ മൂലം ചരിത്രങ്ങള്‍ തിരുത്തി എഴുതപ്പെടുന്നതും വെട്ടിനീക്കപ്പെടുന്നതും അംഗീകരിക്കാനാവില്ല.

വിശകലനങ്ങളും ഗവേഷണങ്ങളും അനിവാര്യം

നൂറ്റാണ്ടുകള്‍ പിന്നിലേക്ക് നോക്കിയാല്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രങ്ങളുടെ ഉറവിടങ്ങള്‍ ബഹുഭൂരിപക്ഷവും വിവിധ സഭാസംവിധാനങ്ങള്‍ ആണെന്നുകാണാം. ഇപ്പോഴും, അതത് കാലത്തെ സംഭവവികാസങ്ങള്‍ രേഖപ്പെടുത്തി വയ്ക്കുന്നതില്‍ കത്തോലിക്കാ സഭയുടെ അനുബന്ധ സംവിധാനങ്ങളും സന്യാസസമൂഹങ്ങളും മുമ്പിലാണ്. എന്നാല്‍, അത് പൊതുസമൂഹത്തിന് ലഭ്യമാകുന്ന രീതിയിലും സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭാഷയിലും അവതരിപ്പിക്കുന്ന കാര്യത്തില്‍ അത്തരം സംവിധാനങ്ങളെല്ലാം പിന്നിലാണ്. അവിടെയാണ് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതും പൊലിപ്പിക്കപ്പെട്ടതും പരിഷ്‌കരിക്കപ്പെട്ടതുമായ ചരിത്രങ്ങള്‍ സമൂഹത്തില്‍ ഇടംനേടിയത്.

അത്തരം ചരിത്രങ്ങള്‍ കടന്നുകൂടിയ ഇടങ്ങള്‍ കണ്ടെത്തുകയാണ് ഈ കാലഘട്ടത്തിന്റെ പ്രധാന ആവശ്യം. ഒപ്പം, യഥാര്‍ത്ഥ ചരിത്രങ്ങള്‍ കലര്‍പ്പില്ലാതെ സമൂഹത്തിലേക്ക് എത്തിക്കാനും, അത്തരം നിലപാടുകളിലേയ്ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെ എത്തിക്കാനും പരിശ്രമം ആവശ്യമാണ്. ഒപ്പം കാപട്യങ്ങളെയും സ്ഥാപിത താല്പര്യങ്ങളെയും സമൂഹത്തിന് മുന്നില്‍ തുറന്നുകാണിക്കാനും കഴിയേണ്ടതുണ്ട്.

ചാവറയച്ചനിലോ ഹാഗിയ സോഫിയയിലോ ഒതുങ്ങുന്നതല്ല കേരളത്തിന്റെ ചരിത്ര രചനകളിലും പാഠപുസ്തകങ്ങളിലും വന്നുചേര്‍ന്നിരിക്കുന്ന അപാകതകള്‍. കൂടുതല്‍ വിശാലമായ കണ്ണോടെയും, ഒത്തൊരുമിച്ചും പ്രയത്‌നിച്ച് ഈ കുറവുകള്‍ പരിഹരിക്കാന്‍ എല്ലാവരും തയ്യാറാവുകയാണ് ആവശ്യം. ചരിത്രത്തെ നീതിപൂര്‍വ്വം സമീപിക്കുന്ന ചരിത്രകാരന്മാരുടെ പിന്തുണയും പിന്‍ബലവും ഈ ദൗത്യത്തിന് കരുത്തു പകരും.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?