Follow Us On

04

June

2023

Sunday

സംസാരിക്കാന്‍ സമയമില്ല, ചാറ്റു ചെയ്യാം

സംസാരിക്കാന്‍ സമയമില്ല, ചാറ്റു ചെയ്യാം

 റ്റോം ജോസ് തഴുവംകുന്ന്

ലോകത്തിനു മാതൃകയായിരുന്നു മലയാളക്കര! കുടുംബജീവിതം, സന്മാര്‍ഗബോധം, ധാര്‍മികാടിത്തറ, അച്ചടക്കമുള്ള തലമുറ; കൂടാതെ പ്രകൃതിയും കൃഷിയും വിഭവങ്ങളും ഒപ്പം വിനോദസഞ്ചാര മേഖലയും! എല്ലാത്തിലുമുപരി മലയാളഭാഷയും, മലയാളത്തിലൂടെ ലോകത്തിന്റെ നെറുകയിലേക്കെത്തിയ സാഹിത്യവും സാഹിത്യകാരന്മാരും! എല്ലാം അമൂല്യമായ ഒരു സംസ്‌കാരത്തിന്റെയും പൈതൃകമായ നിലപാടുകളുടെയും ഗുണഫലങ്ങളായിരുന്നുവെന്നുതന്നെ പറയാം. താരാട്ടിന്റെ ഈണവും താളവും മാതൃഭാഷയ്ക്കുണ്ട്. മലയാളത്തിനും ശ്രേഷ്ഠഭാഷാപദവി ലഭിച്ചിട്ടുണ്ട്. രണ്ടായിരം വര്‍ഷം പഴക്കമാണ് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനുള്ള യോഗ്യത!

അമ്മയോളം വലുതാണ് മാതൃഭാഷാ. മാതൃഭാഷയോടു ചുവടു പിടിച്ചാണ് ഇതരഭാഷകളില്‍ നാം ചുവടുറപ്പിക്കേണ്ടത്. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (SCERT) ഇപ്പോഴും മലയാള അക്ഷരമാലയും അതിനോടു ബന്ധപ്പെട്ട ഭാഷാപഠനവും പരിഗണിക്കുന്നില്ല. അക്ഷരമാലയില്ലാത്ത മലയാളിയുടെ പഠനം എവിടെയെത്തും?! മലയാളം പഠിക്കുന്നത് ‘കഴിവുകേടായി’ കാണുന്ന അവസ്ഥയിലാണ് ഇന്ന്. മലയാളമുപേക്ഷിച്ച് മലയാളിക്ക് എത്രകാലം മലയാളിയായി നിലനില്‍ക്കാനാകും?

മക്കള്‍ക്ക് മലയാളം അറിയില്ലെന്നു പറയുന്നതില്‍ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു ‘ഗര്‍വു നിറഞ്ഞ അഭിമാനബോധം’ ഇന്നു കണ്ടുവരുന്നു. നന്മയില്‍ ഊട്ടിവളര്‍ത്തി തലമുറകളെ ഇന്നോളമെത്തിച്ച മാതൃഭാഷയെയും സ്വന്തം നാടിനെയും ‘പുച്ഛ’ത്തോടെ കാണുന്ന തലമുറ കടന്നുവന്നു കഴിഞ്ഞു. വായനയില്ല, പത്രമാസികകള്‍ വെറും ‘കടലാസുകള്‍’ മാത്രമായി ‘ഡിജിറ്റല്‍ മക്കള്‍’ കണ്ടുകഴിഞ്ഞു!

ബലം നഷ്ടപ്പെടുന്ന സൗഹൃദങ്ങള്‍

മാതൃഭാഷ അറിയാത്തതുമൂലം തലമുറകളുടെ വിടവ് വര്‍ധിച്ചിരിക്കുന്നു. പരസ്പരം സംസാരിക്കാനുതകുന്ന ‘സമ്പര്‍ക്കമാധ്യമം’ മലയാളക്കരയ്ക്ക് നഷ്ടമാകുന്നു. മുത്തച്ഛനും മുത്തശിയും കൊച്ചുമക്കളെ സ്‌കൂളിലാക്കാന്‍ കൊണ്ടുപോകുമ്പോഴും പഴയകാല സൗഹൃദഭാഷണമില്ല. മറിച്ച്, ‘നിശബ്ദത’യാണ് ഇന്നിന്റെ ഭാഷയത്രയും! സൗഹൃദങ്ങളുടെ ബലം നഷ്ടപ്പെടുന്നു. നാടിന്റെ സംസ്‌കൃതി വിസ്മൃതിയിലാകുന്നതിലെ ഗൗരവം നാം തിരിച്ചറിയാതെ സ്വപ്‌നാടനത്തിലാണ്. പുതിയ തലമുറ നാടുവിടാന്‍ പഠിക്കുന്നവരാണ്. എങ്ങനെയും അന്യനാട്ടിലേക്ക് കുടിയേറുക, കഴിയുമെങ്കില്‍ പോകുന്നതിനുമുമ്പുതന്നെ അവിടുത്തെ ‘പിആര്‍’ തരപ്പെടുത്തുക പിന്നെ ‘രക്ഷപ്പെട്ടു’ എന്നൊരു സാധാരണ സംസാരവും! നമ്മുടെ വീടുകളിലൊന്നും ഇന്ന് ആളില്ലെന്നായിരിക്കുന്നു. വീടും സൗകര്യങ്ങളും ‘ഡിജിറ്റല്‍’ ആണെങ്കിലും മനഃസുഖം ഇല്ല; ഒപ്പം സകലവിധ ജീവിതശൈലി രോഗങ്ങളും. നാടിന്റെ യുവത്വം നാടുവിടുന്നതിനെക്കുറിച്ച് ജാഗ്രതയില്ലാത്തതും വരുംതലമുറയെകുറിച്ച് കരുതലില്ലാത്തതും കഷ്ടമല്ലേ?

വിദേശത്തേക്കില്ല, സര്‍ക്കാര്‍ ജോലി മതി

സര്‍ക്കാര്‍ ജോലിക്കായി ഒരു ജനവിഭാഗം പരീക്ഷകളും ഇന്റര്‍വ്യൂകളും അഭിമുഖീകരിക്കാന്‍ മത്സരിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അന്യഭാഷാ പാണ്ഡിത്യം നേടാനും ഗ്രേഡും പോയിന്റും നേടി അന്യദേശത്തേക്ക് പറക്കാനുള്ള മത്സരത്തിലാണ്. പലരും നാടുവിട്ട് സ്വന്തം വീടും ബന്ധുബലവുമൊക്കെ നഷ്ടപ്പെടുത്തുമ്പോഴും ചിലരുടെയൊക്കെ വീടുകളില്‍ മക്കളുടെ എണ്ണവും ബന്ധുമിത്രാദികളുടെ കൂട്ടായ്മയും ഒത്തൊരുമയും വര്‍ധിക്കുകയാണ്. ക്രൈസ്തവരുടെ വീടുകളാണ് ഏറെയും ഇല്ലായ്മയാകുന്നത്. നാട്ടില്‍ സുഖമായി ജീവിക്കാനാകുന്നവരും വിദേശത്തേക്ക് പറക്കുന്നതിലെ സാംഗത്യം ‘ഡിജിറ്റല്‍ ഇന്ത്യ’ പഠനവിധേയമാക്കണം. ക്രൈസ്തവര്‍ ‘സൈന്യബല’മില്ലാത്തവരായി മാറുകയും നാട്ടിലെ ആരാധനാലയങ്ങളില്‍പോലും വിശ്വാസിസമൂഹം ഇല്ലാതാകുകയും ചെയ്യുന്നതിലേക്ക് കാലം മാറുന്നു.

മലയാളത്തിന്റെ ഹൃദയം

ഏതു ഭാഷണങ്ങളും നമ്മുടെ ഭാഷയിലേക്കെത്തുമ്പോള്‍ അതിന്റെ ആഴത്തിന് ഹൃദയത്തെ തൊടുവാനുള്ള ശക്തിയുണ്ട്. ആധുനിക സമൂഹത്തില്‍ സംഭാഷണങ്ങള്‍ തീരെയില്ലെന്നായിരിക്കുന്നു. അകലത്തായിരിക്കുന്നവരുമായി ‘ചാറ്റ്’ ചെയ്തുകൊണ്ടിരിക്കുമ്പോഴും അടുത്തിരിക്കുന്ന കുടുംബാംഗങ്ങളെയോ ബന്ധുമിത്രാദികളെയോ സുഹൃത്തുക്കളെയോ അയല്‍ക്കാരെയോ മനസിലാക്കാന്‍ ശ്രമിക്കാത്തവരുടെ തലമുറ വന്നുകഴിഞ്ഞു. സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത തലമുറ സെല്‍ഫോണില്‍ കൂനിക്കുത്തി നേരം കളയുന്നതിന്റെ സാംഗത്യത്തെക്കുറിച്ച് വിചിന്തനം നടത്തണം.
വീടുകളിലെ ആഘോഷങ്ങളെല്ലാം വിദേശത്തുള്ളവര്‍ വീടുകളിലെത്തുന്നതുമായി ബന്ധപ്പെട്ടാണ് അരങ്ങേറുന്നത്. ആളും ആള്‍ക്കൂട്ടവുമായി നമ്മുടെ വീടുകളില്‍ ആഘോഷം പൊടിപൊടിക്കുമ്പോഴും മാറിനിന്ന് ഒന്നു ശ്രദ്ധിക്കുക; സൗഹൃദസംഭാഷണങ്ങളും മാതാപിതാക്കളും കൊച്ചുമക്കളും ഇതരബന്ധുമിത്രാദികളും തമ്മിലുള്ള ഭാഷണവും തീരെയില്ല. ബന്ധങ്ങള്‍ അറ്റുപോകുന്ന വിങ്ങലിന്റെ നാളുകളിലാണ് നാം ജീവിക്കുന്നതെന്ന് മറക്കാതിരിക്കുക!

ടാലന്റുകള്‍ തിരിച്ചറിയണം

സ്വാതന്ത്ര്യാനന്തര ഭാരതം എഴുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴും സ്വാശ്രയഭാരതമെന്ന മഹാത്മജിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുന്നുണ്ടോ? വിദേശത്തെല്ലാം ‘സിമ്പിള്‍ എഡ്യുക്കേഷന്‍’ എന്നതാകുമ്പോഴും ഇവിടുത്തെ ‘ടഫ് എഡ്യുക്കേഷന്‍’കൊണ്ട് എന്തു പ്രയോജനം? തൊഴില്‍ ലഭ്യമല്ലാത്ത ഉന്നത വിദ്യാഭ്യാസത്തിനു പകരം പ്രാഥമികതലം മുതല്‍ മക്കളുടെ ‘ടാലന്റ്’ തിരിച്ചറിഞ്ഞ് ബഹുമുഖ പ്രതിഭകളെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും മത്സരങ്ങളുമാണ് അനിവാര്യം! ഇവിടെ ഭാരിച്ച പണം മുടക്കി പഠിച്ചിറങ്ങുന്ന ‘യോഗ്യര്‍’ക്ക് എവിടെയാണ് വിദ്യാഭ്യാസ വായ്പയെങ്കിലും തിരിച്ചടക്കാനുള്ള ജോലി ലഭിക്കുക?
പഠനവും തൊഴിലും നിലനില്‍പ്പും വളര്‍ച്ചയും നാട്ടില്‍ത്തന്നെയാകുന്നതിലേക്ക് നാം വളരണം.

വിദേശത്തു എന്തു തൊഴിലും ചെയ്യുവാന്‍ ഓടി നടക്കുന്ന പ്രവാസി സ്വന്തം നാട്ടില്‍ ‘വൈറ്റ് കോളര്‍’ സ്വപ്‌നത്തില്‍ അലസതയില്‍ ‘ആഡംബര’ജീവിതം നയിക്കാന്‍ ശ്രമിക്കുന്നതിലെ സാംഗത്യം എന്താണ്? കൂടുമ്പോഴുള്ള ഇമ്പം വാട്‌സാപ്പിലൂടെ ലഭിക്കുമോ? ഇന്‍സ്റ്റഗ്രാമിന് മാതാപിതാക്കളെയും ഉറ്റവരെയും പരിപാലിക്കാനുള്ള ശക്തിയുണ്ടോ? ഫേസ്ബുക്കിന് ഹൃദയത്തെ തൊടാനാകുമോ? പേറ്റിയെമ്മിനും ഗൂഗിളിനും വാര്‍ധക്യത്തിന്റെ നൊമ്പരം അകറ്റാനാകുമോ? സിസി ടിവിക്ക് രക്തബന്ധത്തിന്റെ ജാഗ്രതയുണ്ടാകുമോ? ‘യന്തിരന്‍’ വാരിക്കൊടുക്കുന്ന ഭക്ഷണത്തിന് മക്കള്‍ കൊടുക്കുന്ന ഭക്ഷണത്തിന്റെയത്ര രുചി വരുമോ? മക്കളോടൊപ്പം കഴിയുന്നതിന്റെ സംതൃപ്തി പകല്‍വീട്ടില്‍ കാണുമോ? കരുത്തും കാവലുമായി കുടുംബവും കുടുംബാംഗങ്ങളും സ്വന്തം നാട്ടില്‍ കഴിയുന്നതിന്റെ സുഖം മക്കളെ ബോധ്യപ്പെടുത്തണം. ദേശാടനപക്ഷിക്കും ദേശമുണ്ട്; ഒരുനാള്‍ അവയും സ്വദേശത്തേക്കു മടങ്ങുമെന്നോര്‍ക്കുക!

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?