Follow Us On

15

August

2022

Monday

യന്ത്രങ്ങള്‍ക്ക് മനുഷ്യനാകാന്‍ കഴിയുമോ?

യന്ത്രങ്ങള്‍ക്ക് മനുഷ്യനാകാന്‍ കഴിയുമോ?

– വിനില്‍ ജോസഫ്

ചെസ് മത്സരത്തിനിടെ ഊഴം തെറ്റിച്ച് കരുനീക്കം നടത്തിയ കുട്ടിയുടെ കൈവിരല്‍ റോബോട്ട് ഒടിച്ച വാര്‍ത്ത വായിച്ചത് ഏതാനും ദിവസങ്ങള്‍ക്കുമുമ്പായിരുന്നു. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലാണ് സംഭവം. റോബോട്ടിന്റെ കരുനീക്കം പൂര്‍ത്തിയാകുംമുമ്പ് കുട്ടി കരു നീക്കാന്‍ തുടങ്ങിയതാണ് പ്രശ്‌നമായത്. കുട്ടിയുടെ കൈയ്ക്ക് മുകളില്‍ റോബോട്ട് കൈ എടുത്തുവയ്ക്കുകയായിരുന്നു. കൈ വലിക്കാന്‍ കഴിയാതെ വേദനകൊണ്ട് പുളഞ്ഞ കുട്ടിയെ സമീപത്തുണ്ടായിരുന്നവരാണ് രക്ഷിച്ചത്. റോബോട്ടിന്റെ കൈയ്ക്ക് അടിയില്‍പെട്ടതോടെ കുട്ടിയുടെ വിരലുകള്‍ ഒടിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. യാന്ത്രികമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന് ഈ വാര്‍ത്ത ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. വരാന്‍പോകുന്ന കാലത്ത് യന്ത്രകേന്ദ്രീകൃതമായ ജീവിതാവസ്ഥ ആയിരിക്കുമെന്ന ചിന്താഗതിയാണ് പലരും പുലര്‍ത്തുന്നത്.

പുഞ്ചിരിക്കുന്ന റോബോട്ട്
കഴിഞ്ഞ ദിവസം സമാനമായ മറ്റൊരു വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിരുന്നു. റോബോട്ടുകള്‍ക്ക് മനുഷ്യസമാനമായ ശരീരസ്വഭാവങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഫലമായി സൃഷ്ടിക്കപ്പെട്ട ‘അമേക’ എന്ന റോബോട്ടിനെ സംബന്ധിച്ചായിരുന്നു വാര്‍ത്ത. യുകെയിലെ എഞ്ചിനീയറിങ്ങ് ആര്‍ട്‌സ് എന്ന റോബോട്ടിക് സ്ഥാപനമാണ് ‘അമേക’യെ രൂപകല്‍പ്പന ചെയ്തത്. മനുഷ്യസമാനമായ മുഖഭാവങ്ങള്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുകയാണ് ഈ റോബോട്ട്. പുഞ്ചിരിയുടെയും ആശയക്കുഴപ്പത്തിന്റെയും അമ്പരപ്പിന്റെയുമെല്ലാമായ മുഖഭാവങ്ങള്‍ ‘അമേക’യുടെ മുഖത്ത് മിന്നിമറയുന്നതായുള്ള കാഴ്ചകളാണ് കമ്പനി പുറത്തുവിട്ട ദൃശ്യത്തിലുള്ളത്. നിലവില്‍ ഈ റോബോട്ടിന് നടക്കുവാനോ പ്രവൃത്തികള്‍ ചെയ്യുവാനോ സാധിക്കില്ല. താമസിക്കാതെ ഇത്തരം ‘കഴിവുകള്‍’ കൂടി റോബോട്ടിന് നല്‍കുമെന്നാണ് കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്.

ഇത്തരം വാര്‍ത്തകള്‍ ശാസ്ത്രലോകത്ത് സൃഷ്ടിക്കുന്ന അലയൊലികള്‍ വലുതാണ്. ശാസ്ത്രത്തിന്റെ വളര്‍ച്ചയും ശേഷിയും വെളിവാക്കുകയാണ് ഇത്തരം സംഭവങ്ങള്‍. ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പ്രശംസിക്കപ്പെടാനാണ് ഏറെയുള്ളത് എന്നതില്‍ തര്‍ക്കമില്ല. ഒട്ടുമിക്ക പരീക്ഷണ വിജയങ്ങളും മനുഷ്യരാശിയുടെ പുരോഗതിക്ക് ആക്കം കൂട്ടുന്നതാണെന്നും സമ്മതിക്കുന്നു. പക്ഷേ ചില ശാസ്ത്രവിപ്ലവങ്ങള്‍ക്ക് ഒരു മറുപുറം ഉണ്ടെന്നത് വാസ്തവമാണ്. പ്രത്യേകിച്ച് മനുഷ്യനെപ്പോലെയാകാന്‍ യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന പരീക്ഷണങ്ങള്‍. അവിടെ ചില ചതികള്‍ ഒളിഞ്ഞിരുന്നേക്കാം. സ്രഷ്ടാവിനെത്തന്നെ തകര്‍ക്കുന്ന പ്രവൃത്തികള്‍ ആ സൃഷ്ടിയിലൂടെ സംഭവിക്കാം. അത്തരം കാര്യങ്ങള്‍ മുന്‍നിര്‍ത്തി വേണം ഇത്തരം വിഷയങ്ങളെ നേരിടുവാന്‍.

ശാസ്ത്രലോകത്തിന്റെ കണ്ടുമുട്ടലുകള്‍
ശാസ്ത്ര പരീക്ഷണങ്ങളുടെ നല്ല വശങ്ങളെ കൊള്ളുകയും ദോഷവശത്തെ വിമര്‍ശിക്കുകയും വേണം. മോശമെന്നതിനെ വിവക്ഷിച്ചുവേണം ഈ ചര്‍ച്ചകളിലേക്ക് കടക്കുവാന്‍. മോശമെന്നത് എങ്ങനെയറിയും എന്നതിനെ ആശ്രയിച്ചാണ് ഇത്തരം ചര്‍ച്ചകളുടെ പ്രസക്തി. അതിനാല്‍ രണ്ട് ചോദ്യങ്ങള്‍ മുന്നോട്ടുവച്ച് നമുക്ക് ഈ വിഷയത്തെ വിവക്ഷിക്കാം.
1. യന്ത്രങ്ങളെ മനുഷ്യനാക്കാന്‍ കഴിയുമോ? 2. ചിന്തകള്‍ക്ക് പകരമാകുമോ കണക്കുകൂട്ടലുകള്‍?
ആദ്യത്തെ ചോദ്യമെടുക്കാം. യന്ത്രങ്ങള്‍ക്ക് മനുഷ്യനാകാന്‍ കഴിയുമോ? എന്ന അന്വേഷണം വ്യാവസായിക വിപ്ലവത്തിനുശേഷം ലോകത്ത് ഉയര്‍ന്നുവന്ന ചിന്താഗതിയാണ്. ഇരുപതാം നൂറ്റാണ്ടില്‍ ഈ സംശയത്തിന് പിന്തുണ ലഭിക്കുകയും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിന് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയും ചെയ്തു. സമകാലീന ശാസ്ത്ര ഗവേഷണങ്ങള്‍ ഇതിനെ ഉറപ്പിക്കുന്ന വിധത്തില്‍ മുന്നേറുമ്പോള്‍ മനുഷ്യന്‍ അപ്രസക്തനാകുകയും യന്ത്രങ്ങള്‍ തല്‍സ്ഥാനം സ്വീകരിക്കുകയും ചെയ്യുന്നതായി തോന്നുന്നത് സ്വാഭാവികമാണ്.

ഇപ്പോഴും മനുഷ്യന്‍ നിയന്ത്രിക്കുന്ന ലോകമാണ് നമുക്ക് മുന്നിലുള്ളത്. നാളെയും അങ്ങനെതന്നെയാകണമെന്ന് നമ്മള്‍ ആഗ്രഹിക്കുന്നു. യന്ത്രങ്ങള്‍ കൈയടക്കുന്ന ലോകം നന്മ നിറഞ്ഞതാകണമെന്നില്ലെന്ന് നമ്മള്‍ ചിന്തിക്കുമ്പോഴും അതിന്റെ വ്യാപനശേഷി പ്രവചിക്കാന്‍ കഴിയാത്തത് നമ്മെ ആശങ്കപ്പെടുത്തുന്നതാണ്.
മനുഷ്യനു മുകളില്‍ യന്ത്രങ്ങള്‍ കടന്നുവരുന്ന ഒരു ലോകം സംജാതമാകില്ല എന്നുതന്നെയാണ് ശാസ്ത്രലോകം ഇന്നും കരുതുന്നത്. മനുഷ്യന്റെ സഹായത്തിനുവേണ്ടിയാണ് യന്ത്രങ്ങളിലേറെയും നിര്‍മിക്കപ്പെടുന്നത്. അതിനാല്‍ അവന്റെ സ്വാധീനവലയത്തില്‍നിന്നും അവയെ പുറത്തേക്ക് കടത്താന്‍ അനുവദിക്കില്ല എന്നുതന്നെയാണ് നിരീക്ഷണവും. സത്യവും നീതിയും വിശ്വാസവും ഉയര്‍ന്നുനില്‍ക്കുന്നിടത്തോളം അവിടെയും ‘ദൈവത്തിന്റെ സൃഷ്ടി’ തന്നെ മേല്‍ക്കോയ്മ നേടുമെന്ന് ഉറപ്പിക്കാം.

ഇനി രണ്ടാമത്തെ ചോദ്യം – ചിന്തകള്‍ക്ക് പകരമാകുമോ കണക്കുകൂട്ടലുകള്‍ എന്നുള്ളതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നതാണ് വാസ്തവം. കാരണം ചിന്തകള്‍ ദൈവദത്തവും കണക്കുകൂട്ടലുകള്‍ മനുഷ്യപക്ഷവുമായിരിക്കുന്നിടത്തോളം അതിന് ഒരു മറുപുറം ഉണ്ടാകില്ല എന്നുതന്നെയാണ് നിരീക്ഷണം. എന്നിരുന്നാലും ഇവിടെയും ഭീതിപ്പെടുത്തുന്നത് കണക്കുകൂട്ടലുകളിലെ കള്ളത്തരങ്ങളാണ്. ലാഭമോ അധികാരമോ മാത്രം കണക്കുകൂട്ടി മുന്നേറുന്ന ലോകത്ത് തിന്മയുടെ അലയൊലികള്‍ ഏറെ സൃഷ്ടിക്കപ്പെട്ടേക്കാം. യുദ്ധവും ദാരിദ്ര്യവും സൃഷ്ടിക്കപ്പെടുന്നത് കണക്കുകൂട്ടലുകളില്‍നിന്നും ഉയിര്‍ക്കൊള്ളുന്ന ദോഷവശങ്ങളാണ്. അവിടെ വിജയിക്കാന്‍ സ്‌നേഹവും സാഹോദര്യവും മനുഷ്യന് ദൈവം നല്‍കിയിട്ടുണ്ടല്ലോയെന്ന് പ്രത്യാശിക്കാം.

യന്ത്രങ്ങള്‍ക്ക് മനുഷ്യനെക്കാളും പ്രാധാന്യമില്ലെന്ന് തിരിച്ചറിയണം. സാങ്കേതികവിദ്യയെ മനുഷ്യന് മുകളില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് വന്യമൃഗങ്ങള്‍ക്ക് മനുഷ്യരെക്കാള്‍ പ്രാധാന്യം നല്‍കുന്നതിന്റെ മറ്റൊരു പതിപ്പാണ്. കമ്പ്യൂട്ടറുകള്‍ കണ്ടുപിടിച്ചതും ശൂന്യാകാശത്തേക്ക് വിടുന്ന റോക്കറ്റുകള്‍ നിര്‍മിക്കുന്നതുമൊക്കെ മനുഷ്യരാണ്. അവയെ നിയന്ത്രിക്കുന്നതും മനുഷ്യരാണ്. ശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ കാലത്ത് മനുഷ്യന്റെ പ്രാധാന്യം കുറയുകയല്ല, കൂടുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കേണ്ടത്. ഇവയെ എല്ലാം നിയന്ത്രിക്കുന്നത് മനുഷ്യനാണ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?