Follow Us On

15

August

2022

Monday

‘സ്വര്‍ഗസ്ഥനായ പിതാവേ’ പ്രതിഫലമായി സ്വീകരിച്ച ഡോക്ടര്‍

‘സ്വര്‍ഗസ്ഥനായ പിതാവേ’  പ്രതിഫലമായി  സ്വീകരിച്ച ഡോക്ടര്‍

– ചെറുപുഷ്പം റോബി

പരമ്പര്യമായി കൈമാറി കിട്ടിയ കൊട്ടാരത്തിന്റെ ഒരു ഭാഗം രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയാക്കി മാറ്റിയ ഡോക്‌റാണ് ഹംഗറിയിലെ ലാസ്ലോ ബാറ്റിയാനി സ്ട്രാറ്റ്മാന്‍. ദരിദ്രരുടെ ഡോക്ടര്‍ എന്നറിയപ്പെട്ടിരുന്ന ബാറ്റിയാനിയുടെ സേവനം സ്വീകരിക്കുന്നതിനായി ഫീസ് നല്‍കാന്‍ നിവൃത്തിയില്ലാത്ത നിരവധിയാളുകള്‍ ദിവസവും എത്തിയിരുന്നു. അത്തരക്കാരോട് ഒരു സ്വര്‍ഗസ്ഥാനായ പിതാവേ പ്രാര്‍ഥന തനിക്കുള്ള ഫീസായി പ്രാര്‍ഥിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. പലപ്പോഴും മരുന്ന് വാങ്ങിക്കുന്നതിനും മറ്റുമായി രോഗികളെ അങ്ങോട്ട് പണം നല്‍കി സഹായിക്കുകയാണ് അദ്ദേഹം ചെയ്തിരുന്നത്. ദൈവത്തില്‍ ആഴമായി വിശ്വസിച്ചിരുന്ന ബാറ്റിയാനി ഒരോ ഓപ്പറേഷന്‍ നടത്തുന്നതിന് മുമ്പും സ്വര്‍ഗീയ വൈദ്യനായ ദൈവത്തിന്റെ ആശിര്‍വാദം തേടി. ദൈവത്തിന്റെ കയ്യിലെ ഒരു ഉപകരണം മാത്രമാണ് താനെന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. രോഗികളുടെ ശാരീരകസൗഖ്യത്തിനൊപ്പം അവരുടെ ആത്മീയസൗഖ്യം ഉറപ്പാക്കേണ്ടതും തന്റെ കടമയായി ഡോക്ടര്‍ ലാസ്ലോ കരുതി. ഡിസ്ചാര്‍ജ് ചെയ്യുന്ന എല്ലാ രോഗികള്‍ക്കും ഈശോയുടെ ഒരു പടവും ‘കണ്ണ് തുറന്ന് കാണുക’ എന്ന് പേരുള്ള ഒരു ആത്മീയ പുസ്തകവും നല്‍കിയാണ് അദ്ദേഹം യാത്രയയച്ചത്.
1870 ഒക്‌ടോബര്‍ 28ന് ഹംഗറിയിലെ ഡുനാകിലിതിയിലാണ് ലാഡിസ്ലസിന്റെ ജനനം. കുലീന കുടുംബത്തിലാണ് ജനിച്ചതെങ്കിലും പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് ബാല്യത്തിന്റെ ശോഭകെടുത്തി.
ചെറുപ്പത്തില്‍ തന്നെ തന്റെ നിയോഗം, ഡോക്ടറായി ദരിദ്രരരായവരെ സഹായിക്കുക എന്നതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. എങ്കിലും ദൈവഭക്തയായ കൗണ്ടസ് മരിയ തെരേസ കോറത്തുമായുള്ള വിവാഹമാണ് അദ്ദേഹത്തിന്റെ ആത്മീയ-ധാര്‍മ്മിക ജീവിതത്തില്‍ വഴിത്തിരിവായത്. 13 മക്കള്‍ക്ക് ജന്മം നല്‍കിയ ഈ ദമ്പതികള്‍ മക്കള്‍ എല്ലാവരുമൊന്നിച്ച് മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുത്തിരുന്നു. വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയുടെ ഭാഗമായുള്ള ജപമാല പ്രാര്‍ത്ഥനക്ക് ശേഷം മക്കള്‍ ഒരോരുത്തര്‍ക്കും അന്നേ ദിവസം ചെയ്യാന്‍ ഏല്‍പ്പിച്ചിരുന്ന ഉപവി പ്രവൃത്തി കുടുംബമായി വിലയിരുത്തുകയും ചെയ്തുവന്നു.
ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ ഒരു വിശുദ്ധനായി അറിയപ്പെട്ടിരുന്ന ബാറ്റിയാനി 60 ാമത്തെ വയസില്‍ രോഗബാധിതനായി. രോഗത്തിന്റെ തീവ്രവേദനയാല്‍ വലഞ്ഞ ഒരവസരത്തില്‍ അദ്ദേഹം സഹോദരിയോട് ഇപ്രകാരം പറഞ്ഞു: ”വലിയ വേദനയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എങ്കിലും എനിക്ക് സന്തോഷമാണ്. ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞാന്‍ പങ്കുചേരുകയാണെന്ന ചിന്ത എനിക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.” 1931 ജനുവരി 22ന് ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിന്റെ മെഡിക്കല്‍ രംഗത്തെ സേവനം ഇന്നും ഈ മേഖലയിലുള്ളവര്‍ക്ക് വലിയ പ്രചോദനവും മാതൃകയുമാണ് നല്‍കുന്നത്. മെഡിക്കല്‍ മേഖലയിലുള്ളവരുടെ ശക്തനായ മധ്യസ്ഥനായ ലാസ്ലോ ബാറ്റിയാനിയെ 2003 മാര്‍ച്ച് 23ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?