Follow Us On

15

August

2022

Monday

കോടതി പറഞ്ഞത് മാതാപിതാക്കള്‍ കേള്‍ക്കുന്നുണ്ടോ?

കോടതി പറഞ്ഞത്  മാതാപിതാക്കള്‍ കേള്‍ക്കുന്നുണ്ടോ?

 ജോസഫ് മൂലയില്‍

ആകാശവാണിയിലെ കൗതുക വാര്‍ത്തകള്‍ ഏറെ കൗതുകത്തോടെയും അവിശ്വസനീതയോടെയും കേട്ടിരുന്ന കാലം ഓര്‍മയിലുണ്ട്. അക്കാലത്ത് വിവരങ്ങള്‍ അറിയാന്‍ പത്രങ്ങളും റേഡിയോയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു പറഞ്ഞാല്‍ ഇന്റര്‍നെറ്റ്-സോഷ്യല്‍ മീഡിയ കാലത്തില്‍ ജീവിക്കുന്ന പുതിയ തലമുറയ്ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. ടെലിവിഷനെക്കുറിച്ച് കേട്ടതുപോലും പിന്നെയും എത്രയോ വര്‍ഷങ്ങള്‍ക്കുശേഷമായിരുന്നു. മൂന്നാഴ്ചകള്‍ക്കു മുമ്പ് കേരളത്തില്‍ നടന്ന ഒരു സംഭവത്തെക്കുറിച്ച് വായിച്ചപ്പോള്‍ ആദ്യം മനസിലേക്കുവന്നത് പഴയ കൗതുക വാര്‍ത്തക്കാലമായിരുന്നു. അല്പം അവിശ്വസനീതയോടെ വായിച്ച ആ വാര്‍ത്ത വലിയ ഞെട്ടലുളവാക്കി. സമീപ ദിവസങ്ങളില്‍ കേരളത്തില്‍ അരങ്ങേറുന്ന പല സംഭവങ്ങളും വല്ലാത്ത ആശങ്ക ജനിപ്പിക്കുന്നവയാണ്. വാര്‍ത്തകളിലെ നായകരും പ്രതിനായകരുമൊക്കെ കുട്ടികളാണെന്നത് ആശങ്കയുടെ ആഴം വര്‍ധിപ്പിക്കുന്നു.

മുയലിനെ വിറ്റ് കണ്ണൂരില്‍
തിരുവനന്തപുരത്തുള്ള ഒരു കൗമാരക്കാരന്‍ മുയലിനെ വിറ്റുകിട്ടിയ 3,000 രൂപകൊണ്ട് തന്റെ കൂട്ടുകാരിയെ കാണാന്‍ കണ്ണൂരില്‍ എത്തിയതായിരുന്നു സംഭവം. സ്‌കൂളില്‍നിന്നും ടൂറുപോകുകയാണെന്ന കള്ളം പറഞ്ഞാണ് അവന്‍ വീട്ടില്‍നിന്നും ഇറങ്ങിയത്. കൂട്ടുകാരി പഠിക്കുന്നത് അഞ്ചാം ക്ലാസില്‍ ആണെന്നത് ഞെട്ടിപ്പിച്ചുകളഞ്ഞു. അവള്‍ തന്റെ അമ്മയുടെ ഫോണില്‍നിന്നും സുഖമില്ലാത്തതിനാല്‍ ഇന്ന് സ്‌കൂളില്‍ വരില്ലെന്ന് അധ്യാപികയ്ക്ക് മെസേജ് അയച്ചു. ടീച്ചറുടെ മറുപടി വന്നപ്പോള്‍ അത് ഡിലീറ്റ് ചെയ്തു. എന്നിട്ട് പതിവുപോലെ സ്‌കൂള്‍ ബസില്‍ കയറി സ്‌കൂള്‍ മുറ്റത്തിറങ്ങി. അല്പം കഴിഞ്ഞ് ഗെയിറ്റിനു വെളിയിലിറങ്ങി കൂട്ടുകാരന്റെ കൂടെ സിനിമയ്ക്ക് കയറി. ആരുടെയോ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് സിനിമ കഴിയുന്നതിന് മുമ്പുതന്നെ പോലീസിന് അവരെ കണ്ടെത്താന്‍ കഴിഞ്ഞു. പോലീസ് ചോദിച്ചപ്പോള്‍ ആ കൊച്ചുകുട്ടി പറഞ്ഞത് ഞങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടതാണെന്ന്.

കള്ള് ഉണ്ടാക്കുന്ന വിദ്യാര്‍ത്ഥി
അടുത്തത് ഇടുക്കി ജില്ലയില്‍നിന്നായിരുന്നു. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി സ്വന്തമായി ഉണ്ടായിക്കിയ കള്ളുമായി സ്‌കൂളിലെത്തി. ബാഗില്‍നിന്നും കുപ്പി മറിഞ്ഞുവീണ് മണം വന്നപ്പോഴാണ് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവന്റെ വീട്ടില്‍ വിവരം അറിയച്ചപ്പോള്‍ ലഭിച്ച മറുപടി അതിലും ഞെട്ടിപ്പിക്കുന്നതായിരുന്നു. ഒരാഴ്ച മുമ്പ് അവന്‍ വീടിന്റെ തട്ടിന്‍പുറത്തുവച്ച് കള്ളുണ്ടാക്കി, കലം മറിഞ്ഞുവീണപ്പോഴാണ് വിവരം അവര്‍ അറിഞ്ഞതുപോലും. അതിന് ആ മാതാപിതാക്കള്‍ വേണ്ടത്ര ഗൗരവം നല്‍കിയോ എന്നൊരു ചോദ്യം ബാക്കിയാകുന്നുണ്ട്.

അഞ്ചാംക്ലാസുകാരി ആദ്യമായി നേരില്‍ കാണുന്ന കൂട്ടുകാരന്റെ ഒപ്പം സിനിമയ്ക്കുപോകുന്നു എന്നു കേട്ടാല്‍ ആരിലാണ് അമ്പരപ്പ് ഉണ്ടാകാത്തത്? അതും അധ്യാപികയ്ക്ക് താന്‍ വരുന്നില്ലെന്ന് മെസേജ് അയച്ചശേഷം, ആരും കാണാതെ സ്‌കൂളില്‍നിന്നും ഇറങ്ങുക. ഈ രണ്ടു സംഭവങ്ങളിലും, പൂര്‍ണമായും തിരിച്ചറിവിന്റെ ലോകത്ത് എത്തിയിട്ടില്ലാത്ത കുട്ടികളെ മോശക്കാരായി മുദ്രകുത്തുവരുടെ കൂടെ ഏതായാലും ഞാനില്ല. അവര്‍ ചെയ്തത് നല്ല പ്രവൃത്തിയാണെന്ന അഭിപ്രായവുമില്ല. തിരുവനന്തപുരത്തുനിന്ന് ഒരു കൗമാരക്കാരന്‍ തനിയെ കണ്ണൂരില്‍ എത്തുക. അതും അവന്‍ മുയലിനെ വളര്‍ത്തിക്കിട്ടിയ പണവുമായി. മറ്റൊരാള്‍ സ്വന്തമായി കള്ള് ഉണ്ടാക്കുക. ഏതായാലും അവരുടെ കഴിവ് നല്ല കാര്യങ്ങള്‍ക്കുവേണ്ടിയല്ല വിനിയോഗിച്ചത്. അവരുടെ വളര്‍ച്ചയുടെ വഴികളില്‍ സംഭവിച്ച ദിശാഭ്രമംശം നേരെയാക്കിയാല്‍ അവരെ മിടുക്കന്മാരാക്കാന്‍ കഴിയും.

ഹൈക്കോടതിയുടെ ആശങ്ക
രണ്ടാഴ്ച മുമ്പ് കേരള ഹൈക്കോടതി ഒരു കേസ് പരിഗണിക്കുമ്പോള്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിച്ചുവരുന്നതിലായിരുന്നു കോടതിയുടെ ആശങ്ക. ഇന്റര്‍നെറ്റും സാമൂഹ്യമാധ്യമങ്ങളും സുരക്ഷിതമായി ഉപയോഗിക്കുന്നതിനെപ്പറ്റി കുട്ടികള്‍ക്ക് ബോധവല്ക്കരണം അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് പറയാമെങ്കിലും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നിടത്താണ് പ്രശ്‌നം. കോവിഡിന്റെ രണ്ടു വര്‍ഷങ്ങള്‍ സാമൂഹ്യ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളെക്കുറിച്ച് നാം അവബോധം ഉള്ളവരാകണം. പ്രത്യേകിച്ച് ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുകളുമൊക്കെ കുട്ടികളുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞ സ്ഥിതിക്ക്.

കാഴ്ചയ്ക്ക് ആകര്‍ഷകരമായി തോന്നുന്ന പലതിലും പുതിയ തലമുറയെ വഴിതെറ്റിക്കാനുള്ള പലതും ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കുട്ടികള്‍ക്കു നല്‍കിയ മൊബൈലുകള്‍ തിരിച്ചുവാങ്ങാന്‍ സമയമായില്ലേ എന്നൊരു ചോദ്യമുണ്ട്. അധ്യാപകരും രക്ഷിതാക്കളും ഒന്നിച്ചിരുന്ന് ഇതിന് ഉത്തരം കണ്ടെത്തണം. എല്ലാ കുഴപ്പങ്ങളുടെയും ഉത്തരവാദിത്വം മൊബൈല്‍ ഫോണുകളെ ഏല്പിക്കരുത്. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ പ്രശ്‌നത്തെ വേണ്ടവിധത്തില്‍ ഇപ്പോഴും അഡ്രസു ചെയ്യുന്നില്ലെന്നു സാരം.
കുട്ടികളുടെ വഴികള്‍ ഇടറുന്നതിന്റെ ഒന്നാമത്തെ ഉത്തരവാദികള്‍ സമൂഹമാണ്. ആത്മീയതയുടെ കവചം ഉണ്ടായിരുന്നു നമ്മുടെ നാടിന്. തിന്മയുടെ ആകര്‍ഷണീയതകളില്‍ ഒരു പരിധിവരെ പുതിയ തലമുറയെ പൊതിഞ്ഞുപിടിച്ചിരുന്നത് ആ വേലിയായിരുന്നു.

എന്നാല്‍, സാമ്പത്തിക വളര്‍ച്ചയുടെയും പുരോഗനമത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയുമൊക്കെ പേരു പറഞ്ഞ് ആ സംരക്ഷണ വേലി നമ്മള്‍ തന്നെ തകര്‍ത്തുകൊണ്ടിരിക്കുന്നു. അതില്‍ നിയമ സംവിധാനങ്ങളും അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ആത്മീയത നഷ്ടപ്പെടുമ്പോള്‍ മൂല്യബോധവും പടിയിറങ്ങും. അതു തിരിച്ചറിയാന്‍ വൈകുമെന്നുമാത്രം. എത്ര മനോഹരമായി വര്‍ണക്കടലാസുകളില്‍ പൊതിഞ്ഞാലും തെറ്റ് ശരിയാകില്ലെന്ന ബോധ്യം നല്‍കാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സമൂഹത്തിനും കഴിയണം. നമ്മുടെ ഭവനങ്ങളെ പ്രകാശിപ്പിച്ചിരുന്ന വിശ്വാസം കരിന്തിരി കത്താന്‍ തുടങ്ങിയിട്ടുണ്ടോ എന്ന ആത്മപരിശോധനയില്‍നിന്നും തുടങ്ങാം. അവിടെനിന്നും തിരുത്തല്‍ നടപടികള്‍ ആരംഭിക്കാം.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?