Follow Us On

05

October

2022

Wednesday

വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ യുവജനങ്ങൾ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പ

വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ യുവജനങ്ങൾ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: ദിവ്യകാരുണ്യ ഭക്തിക്കുവേണ്ടി ജീവിതം സമർപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിനെ മാതൃകയായി സ്വീകരിക്കാൻ യുവജനങ്ങളെ പ്രചോദിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ദിവ്യകാരുണ്യ ഭക്തിയിൽ ആഴപ്പെട്ടാൽ, ഉത്തമ സുഹൃത്തും സഹയാത്രീകനുമായി ഈശോ ഇന്നും എപ്പോഴും നമുക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം വത്തിക്കാനിൽ സംഘടിപ്പിച്ച സമ്മർ ക്യാംപിൽ പങ്കെടുത്ത യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

‘ദൈവം ആവശ്യപ്പെടുന്നത് ഫോട്ടോക്കോപ്പിയല്ല, ഒറിജിനലുകളെയാണെന്ന് പറഞ്ഞ വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസ് നിങ്ങളെപ്പോലെതന്നെ ഒരു യുവാവായിരുന്നു, ഇംഗ്ലണ്ടിൽ ജനിച്ച് ഇറ്റലിയിലെ മിലാനിൽ വളർന്ന യുവാവ്. ഇക്കാലത്തെ യുവജനങ്ങളെപ്പോലെ കംപ്യൂട്ടർ തൽപ്പരനായ കാർലോ ഈശോയോടും ദിവ്യകാരുണ്യത്തോടുമുള്ള ഭക്തിയിൽ ആതീവ തീക്ഷണതയാണ് പ്രകടിപ്പിച്ചത്. ദിവ്യകാരുണ്യത്തെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നത് ‘സ്വർഗത്തിലേക്കുള്ള ഹൈവേ’ എന്നത്രേ,’ പാപ്പ തുടർന്നു:

‘കാർലോയുടെ ഇഹലോകവാസം വളരെ ഹ്രസ്വമായിരുന്നു, പക്ഷേ, സ്വർഗത്തിലേക്കുള്ള പ്രയാണം എന്ന നിലയിൽ അത് പൂർണമായിരുന്നു. ഈശോയുടെ തിരുശരീര രക്തങ്ങൾ ആദ്യമായി സ്വീകരിച്ച പ്രഥമ ദിവ്യകാരുണ്യ ദിനംമുതൽ അവൻ ആ പ്രയാണം ആരംഭിച്ചു.’ ഇന്നും ജീവിക്കുന്ന ക്രിസ്തു എന്നും എന്നേരവും നിങ്ങളുടെ ജീവനായി മാറട്ടെയെന്ന് ആശംസിച്ച പാപ്പ, ‘ ഫോട്ടോകോപ്പികളാതെ ഒറിജിനലുകളായി മാറണം’ എന്ന കാർലോയുടെ ജീവിതസന്ദേശവും ആവർത്തിച്ച് ഓർമിപ്പിച്ചു.

യേശു ഒരു ആശയമോ ധാർമിക നിയമമോ അല്ല, മറിച്ച് അവിടുന്ന് ഒരു സുഹൃത്തും സഹയാത്രീകനുമാണ്. ക്രിസ്തു നമ്മെ അറിയുകയും തന്നെക്കാൾ നമ്മെ സ്‌നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞ പാപ്പ, യേശു നിങ്ങളുടെ ഉത്തമ സുഹൃത്തും വഴിയിലെ സഹയാത്രികനും ആകട്ടെയെന്നും ആശംസിച്ചു. ‘കിസ്തുസ് വിവിത്ത്’ (ക്രിസ്തു ജീവിക്കുന്നു) എന്ന തന്റെതന്നെ അപ്പസ്‌തോലിക പ്രബോധനത്തിലെ വാക്കുകൾ അനുസ്മരിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ചുരുക്കിയത്:

‘ക്രിസ്തു ജീവിക്കുന്നു: അവിടുന്ന് നമ്മുടെ പ്രത്യാശയും ഈ ലോകത്തിലെ ഏറ്റവും സുന്ദരമായ യുവത്വവുമാണ്. അവിടുന്ന് സ്പർശിച്ചതെല്ലാം ചെറുപ്പമായി, നവീകരിക്കപ്പെട്ടു, ജീവൻ നിറഞ്ഞതുമായി. അതെ, അവിടുന്നു ജീവിക്കുന്നു, അവിടുന്ന് നമ്മെ ജീവസുറ്റവരാക്കുന്നു. അവിടുന്ന് നിങ്ങളിലാണ്, അവിടുന്ന് നിങ്ങളോടൊപ്പമുണ്ട്, അവിടുന്ന് നിങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ല. ഉയിർത്തെഴുന്നേറ്റ ക്രിസ്തു നിങ്ങളുടെ ചാരെ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്.’

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?