Follow Us On

29

March

2024

Friday

കരുണയുടെ തുറന്നിട്ട വാതിൽ

കരുണയുടെ തുറന്നിട്ട വാതിൽ

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തിൽ നാലിന് പതിനായിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തപ്പെട്ട മദർ തെരേസായെ വിശുദ്ധയായി നാമകരണം ചെയ്യുകയാണ്. ലോകം മുഴുവൻ അതീവ താൽപര്യത്തോടെയും ആഹ്ലാദത്തോടെയും നോക്കിപ്പാർത്തിരിക്കുന്ന സുദിനം. ഭാരതീയരായ നമ്മെ സംബന്ധിച്ച് അളവറ്റ അഭിമാനം പകർന്നു നൽകുന്ന വിശുദ്ധിയുടെ ഒരു തൂവൽസ്പർശം.
വത്തിക്കാനിൽ നടത്തപ്പെടുന്ന നാമകരണ ചടങ്ങിൽ ലോകരാഷ്ട്രങ്ങളിൽ നിന്ന് നൂറുകണക്കിന് പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ഭാരതത്തിൽ നിന്ന് ഔദ്യോഗികമായി അയക്കപ്പെടുന്ന പ്രതിനിധികൾക്കു പുറമെ നിരവധി ആളുകളും ആ ചടങ്ങിൽ പങ്കുചേരുന്നു. അനുഗ്രഹീതമായ ഈ ചടങ്ങുകളിൽ സംബന്ധിക്കുന്നതിൽ എനിക്കും ഏറെ സന്തോഷമുണ്ട്.
മദർ തെരേസ ഈ കാലഘട്ടത്തിന്റെ വിശുദ്ധയാണെന്നുള്ളത് ഏറെ ആനന്ദം പകരുന്ന വസ്തുതയാണ്. നമ്മോടൊത്ത് നീണ്ടകാലം ജീവിച്ച്, ഇപ്പോൾ വിശുദ്ധിയുടെ സോപാനത്തിലേക്ക് ഉയർത്തപ്പെടുന്ന വിശുദ്ധ. ഞാനുൾപ്പെടെ ഈ അഗതികളുടെ അമ്മയെ നേരിട്ട് കണ്ടിട്ടുള്ള, സ്വരം കേട്ടിട്ടുള്ള, കാരുണ്യസ്പർശം അനുഭവിച്ചിട്ടുള്ള അനേകർ ഇന്ന് ലോകത്തിൽ ജീവിച്ചിരിക്കുന്നു എന്നുള്ളത് നാമകരണത്തിന്റെ വൈകാരിക തീവ്രത ഏറെ വർദ്ധമാനമാക്കുന്നു. ഇക്കൂട്ടത്തിൽ സമൂഹത്തിലെ ഉന്നതസ്ഥാനീയരും സാധാരണക്കാരും പാവങ്ങളിൽ പാവങ്ങളും ഉൾപ്പെടുന്നു എന്നുള്ളതാണ് ഏറെ ശ്രദ്ധേയം.
അതിർവരമ്പുകളില്ലാതെ പൂത്തുലഞ്ഞ വിശുദ്ധിയുടെ നേർക്കാഴ്ചയായി ഞാൻ ഇതിനെ ദർശിക്കുന്നു. മദറിനെക്കുറിച്ചുള്ള പച്ചകെടാത്ത ഓർമ്മകൾ മനസിൽ സൂക്ഷിക്കുന്നവർക്കും മദറിന്റെ കാരുണ്യസ്പർശം അനുഭവിച്ച് ഈ ലോകം വിട്ട അനേകം കുഞ്ഞുങ്ങൾക്കും കുഷ്ഠരോഗികൾക്കും നിരാലംബർക്കും വിശുദ്ധപദവി ഒരു മഹോൽസവമാണെന്നുള്ളതിൽ രണ്ടു പക്ഷമില്ല. അതെ, സ്വർഗവും ഭൂമിയും ഒരുമിച്ച് ആനന്ദിക്കുന്ന ദിനം.
വിശ്വാസപരിശീലന ക്ലാസിൽ അധ്യാപിക ചോദിച്ചു. നിങ്ങളിൽ ആരെങ്കിലും ദൈവത്തെ നേരിട്ടു കണ്ടിട്ടുണ്ടോ. ഒരു ബാലിക ഉടനെ ഇങ്ങനെ ഉത്തരം നൽകി. കണ്ടിട്ടുണ്ട്, മദർ തെരേസായെ. പിഞ്ചുമനസിൽ കളങ്കമില്ലല്ലോ. അതെ, മദർ തെരേസയിൽ ലോകം ദൈവത്തെ കണ്ടു – അവിടുത്തെ മുഖം കണ്ടു. ജീവിച്ചിരുന്ന കാലയളവിൽ തന്നെ ജീവിക്കുന്ന വിശുദ്ധയെന്ന ഈ അമ്മയെ ലോകം വിളിച്ചു. ഇപ്പോൾ സഭ അത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും അതുവഴി സ്ഥിരീകരിക്കുകയും ചെയ്യുന്നു. മറ്റു വാക്കുകളിൽ, ഈ പുണ്യജീവിത സാക്ഷ്യം സ്വർഗ്ഗം അംഗീകരിച്ച് മുദ്ര വയ്ക്കുന്നു.
അഗതികളുടെ അമ്മയുടെ രൂപവും ഭാവവും ഏവർക്കും ചിരപരിചിതമാണ്. ഏതാനും വരകൾകൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന ഒരു ആകാര സൗഷ്ടവം. പതിറ്റാണ്ടുകൾ ദീർഘിച്ച അമ്മയുടെ ഉപവി ശുശ്രൂഷകൾ ലോകം ആദരവോടെയാണ് നോക്കിക്കാണുന്നത്. നോബൽ സമ്മാനം, ഭാരതരത്‌നം തുടങ്ങി, നിരവധി ബഹുമതികളും മദറിനെ തേടിയെത്തി. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പ്രചാരകർ പോലും അവരുടെ ഹൃദയത്തിലും പൊതുവേദികളിലും മദറിന് സ്ഥാനം നൽകി അവരെ പാവപ്പെട്ടവരുടെ അമ്മയായി അംഗീകരിച്ചു. ജന്മനാടായ അൽബേനിയയോട് വിടപറഞ്ഞ്, പ്രവാസജീവിതത്തിന്റെ നാൾവഴിയിൽ ഭാരതത്തിന്റെ സ്വന്തമാകുകയും തുടർന്ന് ഭാരതത്തെ സ്വന്തമാക്കുകയും ചെയ്ത വിശുദ്ധയാണ് കൊൽക്കത്തയിലെ തെരേസ. ആർഷഭാരതത്തിന്റെ മനസും ആത്മാവും കണ്ടറിഞ്ഞ വിശുദ്ധ.
മനുഷ്യവ്യക്തിത്വത്തിൽ തുടിക്കുന്ന ഈശ്വര സാന്നിധ്യത്തെ തിരിച്ചറിഞ്ഞ ഒരു അമ്മ. ഈ നേർക്കാഴ്ചയിൽ രാജ്യവും നിറവും ജാതിയും മതവും സംസ്‌കാരവും ഒന്നും ഈ അമ്മയുടെ മുന്നിൽ തടസങ്ങളായിരുന്നില്ല. മനുഷ്യ ജാതിയായിരുന്നു അവരുടെ ജാതി. സ്‌നേഹമായിരുന്നു അവർ കണ്ടുമുട്ടിയ മനുഷ്യരുടെ നിറം. ഇക്കാരണത്താലാണ് ഈ വിനീത ദാസിയെ ലോകം ആദരിക്കുന്നതും അവളെ കത്തോലിക്കാ തിരുസഭ അൾത്താരയിലേക്ക് ഉയർത്തിയതും.
ആഡംബരവും സുഖലോലുപതയും നിറഞ്ഞ പുത്തൻസമൂഹത്തിൽ ഈ സന്യാസിനിയുടെ ജീവിതം ലളിതവും മാതൃകാപരവുമായിരുന്നു. കാഴ്ചയിലും കാഴ്ചപ്പാടിലും എളിമയുടെയും ദാരിദ്ര്യത്തിന്റെയും ഉത്തമപ്രതീകം. ദരിദ്രരിൽ ദരിദ്രനായി ജനിച്ചു ജീവിച്ച യേശുക്രിസ്തുവിന്റെ യഥാർത്ഥ പിൻഗാമി. ജീവിതത്തിൽ ലഭിച്ച സ്ഥാനവും മാനവും മദറിനെ കൂടുതൽ വിനീതയാക്കി. താൻ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിസ് സന്യാസസമൂഹത്തിലൂടെ ലാളിത്യത്തിന്റെ ശോഭയാർന്ന മുഖം ലോകത്തിന് അവർ തുറന്നുകാട്ടി. അതെ, വിശുദ്ധമായ ജീവിതങ്ങൾക്കു മാത്രമേ വിനീതരാകാൻ സാധിക്കുകയുള്ളൂ.
വിദ്വേഷവും പകയും കൊല്ലും കൊലയും വർദ്ധമാനമായിരിക്കുന്ന ഈ കാലഘട്ടത്തിൽ ലോകമനസ്സാക്ഷിക്കു മുമ്പിൽ ധാർമ്മികതയുടെ ഉണർത്തുപാട്ടായി മദർ തെരേസ നിലകൊള്ളുന്നു. മദറിന്റെ തന്നെ വാക്കുകളിൽ ‘ഗർഭഛിദ്രം ഒരു തുറന്ന യുദ്ധമാണ്. നേരിട്ടു നടത്തുന്ന കൊലപാതകമാണ്.
ജനിക്കുന്ന കുഞ്ഞിനെ കൊല്ലുന്ന രാജ്യമാണ് ഏറ്റവും ദരിദ്രമായ രാജ്യം. ജീവനും ജീവന്റെ സുവിശേഷത്തിനും വേണ്ടി ജീവിച്ച വ്യക്തിത്വമായിരുന്നു മദർ തെരേസ. ഏതു രാജ്യത്തും ഏതു സദസിലും ജീവന്റെ സുവിശേഷം പ്രസംഗിക്കുവാൻ അവർക്ക് യാതൊരു സങ്കോചവും ഉണ്ടായിരുന്നില്ല. വിമർശനങ്ങൾക്കു മുമ്പിൽ അവർ ഒരിക്കലും മുട്ടുമടക്കില്ല. ജീവൻ ദൈവത്തിന്റെ ദാനമാണെന്നും ഏതു ഘട്ടത്തിലാണെങ്കിലും അത് പരിപാവനമായി സംരക്ഷിക്കപ്പെടണമെന്നും അവർ ലോകത്തോട് വിളിച്ചുപറഞ്ഞു. കൊൽക്കത്തയിലെ ശിശുഭവനും നിർമ്മൽ ഹൃദയുമെല്ലാം ജീവിന്റെ സംരക്ഷണത്തിനു വേണ്ടി മദർ തുറന്നിട്ട കവാടങ്ങളായിരുന്നു.
മരണം മനുഷ്യനെ സംബന്ധിച്ച് സുനിശ്ചിതമായ യാഥാർത്ഥ്യമാണ്.
ജനിച്ചാൽ മരിക്കണമെന്നത് മനുഷ്യ നിയോഗവും. എന്നാൽ മരണത്തെ നേരിടുന്നതിൽ പലപ്പോഴും മനുഷ്യർ പരാജയപ്പെടുന്നു. ഭയവും നിരാശയും വേദനയുമൊക്കെ പലരെയും വല്ലാതെ ഞെരുക്കുന്നു. മനുഷ്യരെ നല്ലമരണത്തിലേക്ക് കൈപിടിച്ചു നടത്താൻ സാധിച്ചു എന്നതാണ് അഗതികളുടെ അമ്മയുടെ മറ്റൊരു പ്രത്യേകത. മരണാസന്നരായ കുഷ്ഠരോഗികൾക്കും ഓടകളിലും തെരുവുകളിലും ഉറുമ്പരിച്ചു കിടന്ന മനുഷ്യർക്കും അവരുടെ ജാതിയും മതവും നോക്കാതെ ആ അമ്മ സ്‌നേഹം പകർന്നു നൽകി.ഞാൻ ദൈവത്തിന്റെ കൈയിലെ വെറുമൊരു ഉപകരണം മാത്രം. ഒരു ചെറിയ പെൻസിൽ, എന്നാലാകുന്നത് ഈ ലോകത്തിൽ എഴുതിച്ചേർക്കാൻ ദൈവം എന്നെ നിയോഗിച്ചു’. മദറിന്റെ വാക്കുകളിൽ ജ്വലിക്കുന്ന ദൈവ വിശ്വാസമാണ് അവർക്ക് ഇപ്രകാരമുള്ള ശുശ്രൂഷകൾ നിർവ്വഹിക്കുവാനുള്ള ഊർജ്ജവും കരുത്തും പകർന്നു കൊടുത്തത്. അതുകൊണ്ടുതന്നെ എളിയവർക്കായി ആ ജീവിതം മുഴുവനും മാറ്റിവച്ചു. കൊൽക്കത്തയിലെ തെരുവീഥികളിലെ അനാഥബാല്യങ്ങൾക്കു ജീവിതം നൽകുവാൻ, കുഷ്ഠരോഗികളെ ചുംബിക്കുവാൻ, പാവങ്ങളുടെ പക്ഷം ചേരുവാൻ, അങ്ങനെ ജീവിക്കുന്ന ഒരു സുവിശേഷമാകുവാൻ ഈ വിശുദ്ധയ്ക്കു സാധിച്ചു.
പിതാവായ ദൈവത്തിന്റെ കാരുണ്യത്തിന്റെ മുഖമാണ് യേശുക്രിസ്തു. അവിടുന്ന് തന്റെ പരസ്യജീവിതനാളുകളിൽ അശരണരിലേക്കും നിരാലംബരിലേക്കും ശത്രുക്കളിലേക്കും കാരുണ്യനദിയായി ഒഴുകിയെത്തി. യേശുവിന്റെ സമാനതകളില്ലാത്ത കാരുണ്യത്തിന്റെ മുഖം കൊൽക്കത്തായിലെ വിശുദ്ധ തെരേസ ജീവിതത്തിൽ പകർത്തിയെഴുതുകയായിരുന്നു. കാരുണ്യത്തിന്റെ യാത്രികയായി അവർ ലോകം മുഴുവനും സഞ്ചരിച്ചു. കാരുണ്യനദിയായി ഭാരതത്തിനകത്തും പുറത്തും ഒഴുകി. ഒഴുകിയ ഇടങ്ങളെയെല്ലാം ദൈവസ്‌നേഹത്തിൽ ഫലഭൂയിഷ്ഠമാക്കി. കണ്ടുമുട്ടിയവർക്കെല്ലാം അവർ സ്‌നേഹത്തിന്റെ സുവിശേഷമായി. ദൈവസ്‌നേഹത്തിന്റെ മിഴിവാർന്ന സാക്ഷ്യമായി നമ്മോടൊത്ത് ജീവിച്ച ഈ വിശുദ്ധയുടെ മാധ്യസ്ഥ്യം യാചിക്കുന്നതോടൊപ്പം ആ വിശുദ്ധ കാണിച്ചുതന്ന ജീവിതദർശനങ്ങൾ സ്വന്തമാക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്യാം.
കർദിനാൾ മാർ ബസേലിയോസ്
ക്ലീമീസ് കാതോലിക്ക ബാവ
(സി.ബി.സി.ഐ പ്രസിഡന്റ്)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?