മാപ്യൂട്ടോ: റുവാൻഡൻ സൈന്യത്തിന്റെ ഇടപെടലിൽ മൊസാംബിക്കിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തട്ടിക്കൊണ്ടുപോയ 600ൽപ്പരം പേർക്ക് സുരക്ഷിത മോചനം. റുവാൻഡൻ സൈന്യത്തിന്റെയും മൊസാംബിക് സൈന്യത്തിന്റെയും ‘സതേൺ ആഫ്രിക്കൻ ഡെവലപ്‌മെന്റ് കമ്മ്യൂണിറ്റി’ സൈന്യത്തിന്റെയും പിന്തുണയോടെ റുവാൻഡൻ സൈന്യം നേതൃത്വം കൊടുത്ത ഓപ്പറേഷനിലാണ് വടക്കൻ മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിൽ 600ൽപ്പരം ബന്ദികൾ മോചിതരായത്. ഇസ്ലാമിക തീവ്രവാദം ശക്തമാകുന്ന ആഫ്രിക്കൻ രാജ്യങ്ങളിലൊന്നാണ് മൊസാംബിക്ക്.
റുവാണ്ടൻ സൈന്യം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, കാബോ ഡെൽഗാഡോ പ്രവിശ്യയിലെ കറ്റുപ വനത്തിൽ സ്ഥിതിചെയ്യുന്ന തീവ്രവാദ താവളങ്ങൾ തകർത്തതിന്റെ ഫലമായാണ് ഇവരുടെ മോചനം സാധ്യമായത്. ‘ഇസ്ലാമിക് സ്റ്റേറ്റ് ഇൻ മൊസാംബിക്കിന്റെ തീവ്രവാദ ഗ്രൂപ്പുകൾ സംയുക്ത സേനയുടെ നിരീക്ഷണത്തിൽ തുടരുന്നതിനാൽ അതേ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് പലായനം ചെയ്യാൻ അവർ നിർബന്ധിതരാവുകയായിരുന്നു.’
എന്നിരുന്നാലും, തീവ്രവാദ ഭീഷണി ഗ്രാമങ്ങൾക്കും പ്രവിശ്യയിലെ പ്രധാന റോഡുകൾക്കും ഭീഷണിയായി തുടരുന്നു എന്നാണ് റിപ്പോർട്ടുകൾ. സുരക്ഷാസേനയുടെ അകമ്പടി ഇല്ലാത്ത വാഹനവ്യൂഹത്തിനുനേരെ കഴിഞ്ഞ ദിവസം ഉണ്ടായ തീവ്രവാദി ആക്രമണം അതിന് ഉദാഹരണമാണ്. ആക്രമണത്തിൽ ഡ്രൈവർമാരിൽ ഒരാൾ കൊല്ലപ്പെട്ടു. ജൂൺ ഒന്നു മുതൽ ജൂലൈ 21വരെയുള്ള ഏഴ് ആഴ്ചകളിൽമാത്രം പ്രദേശത്ത് 90 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. അതായത്, പ്രതിദിനം രണ്ട് ആക്രമണങ്ങൾ. പ്രാണരക്ഷാർത്ഥം പലായനം ചെയ്തവരുടെ എണ്ണം ഒൻപര ലക്ഷത്തിന് അടുത്തെത്തി (946,508).
Leave a Comment
Your email address will not be published. Required fields are marked with *