Follow Us On

05

October

2022

Wednesday

‘ന്യൂ മലബാര്‍’ ഒരു വലിയ കുടുംബം

‘ന്യൂ മലബാര്‍’  ഒരു വലിയ കുടുംബം

– ജെയിംസ് ഇടയോടി

ശരീരത്തിന്റെ 75% ത്തിലധികം ചലനരഹിതമായ അവസ്ഥയിലും ആയിരങ്ങള്‍ക്ക് താങ്ങും തണലുമാകുന്ന ഒരു വിസ്മയ ജീവിത ശൈലിയുടെ ഉടമയാണ് വയനാട്, വാഴവറ്റ സ്വദേശി മുളക്കുടിയില്‍ എം.എം. ചാക്കോ. കുടുംബസമേതം, കരയുന്നവരുടെ കണ്ണീരൊപ്പുന്ന ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് മനുഷ്യത്വത്തിന്റെ മണമുണ്ട്, നിസ്വാര്‍ത്ഥ സേവനത്തിന്റെ സുഗന്ധമുണ്ട്.

ചാക്കോച്ചന്റെ പരസ്‌നേഹത്തിന്റെ അഗ്നിയില്‍ നിന്നും മുളപൊട്ടി വിടര്‍ന്നതാണ് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം എന്ന മതേതര ജീവകാരുണ്യ സംരംഭം. ഇതിന്റെ മൂലധനമായി കൈയില്‍ പണമില്ല. പകരം ദൈവത്തിലുള്ള പ്രത്യാശയാണ് ഉള്ളത്.

സാന്ത്വനശാലയുടെ ഉദയം
2003-ല്‍ കാസര്‍ഗോഡ് ജില്ലയില്‍ ബേക്കലം പള്ളിക്കരയില്‍, ഭിന്നശേഷിക്കാരായ 10-15 പേരെ ഉള്‍പ്പെടുത്തി ഒരു സ്ഥാപനം തുടങ്ങാന്‍ ചാക്കോച്ചന്‍ പദ്ധതിയിട്ടു. അദ്ദേഹത്തിന്റെ ആത്മധൈര്യത്തെ വിശ്വസിക്കാന്‍ ആരും തയാറല്ല. ഭാര്യ ഷീലയുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നിജസ്ഥിതി തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ക്കും സന്തോഷമായി. അങ്ങനെ ഒരു വീട് വാടയ്ക്ക് എടുത്ത് ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രം എന്നപേരില്‍ സ്ഥാപനം ആരംഭിച്ചു. 9 വര്‍ഷം പള്ളിക്കര പെരിയ റോഡ് ജംഗ്ഷനിലെ ആ വീട്ടില്‍ പ്രവര്‍ത്തനം നടത്തി. 45-50 പേരായപ്പോഴേക്കും സ്വന്തമായി ഒരു കെട്ടിടം ഇല്ലാത്തതിന്റെ വലിയ വിഷമതകള്‍ നേരിട്ടു.
പിന്നീട് ബാങ്കില്‍ നിന്നും 15 ലക്ഷം രൂപാ ലോണെടത്തും കുടുംബസ്വത്തിന്റെ വിഹിതവും സ്വരുക്കൂട്ടി കാസര്‍ഗോഡ് ജില്ലയിലെ മടികൈ പഞ്ചായത്തിലെ മലപ്പച്ചേരില്‍ 90 സെന്റ് സ്ഥലം വാങ്ങി. ചില ഉദ്യോഗസ്ഥരുടെയും നല്ലവരായ ജനങ്ങളുടെയും പിന്തുണയോടെ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ച് അവിടെ കെട്ടിടം നിര്‍മ്മിച്ചു.

നിസ്വാര്‍ത്ഥ കുടുംബം
2022-ല്‍ എത്തി നില്‍ക്കുമ്പോള്‍ ചാക്കോച്ചനും, ഭാര്യ ഷീലക്കുമൊപ്പം മകള്‍ സുസ്മിതാ, മകന്‍ മനു, മരുമകള്‍ അപര്‍ണ എന്നിവരും ചാക്കോച്ചന്റെ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാനും കുറവുകള്‍ പരിഹരിക്കാനും പ്രാപ്തരാണ്. ചാക്കോച്ചന്റെ ശാരീരിക സവിശേഷതയില്‍ ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തില്‍ നെടുംതൂണായും വര്‍ത്തിക്കുന്ന ആളാണ് ഭാര്യ ഷീല. എറണാകുളം സ്വദേശിയാണ് ഷീല. 1990 ജനുവരി 1-ന് ആയിരുന്നു ഇരുവരുടേയും വിവാഹം. തുടക്കത്തില്‍ ഷീല ഒറ്റക്കായിരുന്നു അന്തേവാസികളെയെല്ലാം ശുശ്രൂഷിച്ചിരുന്നത.് നടുനിവര്‍ക്കാന്‍പോലും സമയം കിട്ടാത്ത അക്കാലം ഷീല ഓര്‍ത്തെടുത്തു. മിക്കവര്‍ക്കും കുളിക്കാന്‍ മടിയാണ്, ചോറ് വാരിക്കൊടുക്കുമ്പോള്‍ അത് മുഖത്തേക്ക് തുപ്പിയിടും. കൈയില്‍ കിട്ടുന്നതൊക്കെ വച്ച് ആക്രമിക്കും. എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നെല്ലാം ഉണ്ടായാലും അതെല്ലാം ഈശോക്ക് സമര്‍പ്പിച്ച് വീണ്ടും അവരെ ശുശ്രൂഷിക്കും. അതാണല്ലോ നമ്മുടെ ചുമതലയെന്ന് ഷീല പറയുന്നു.
നവ ദമ്പതികളായ മനുവും അപര്‍ണയും പിതാവിന്റെ ഹിതവും നിര്‍ദേശങ്ങളും നിറവേറ്റി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. അധ്യാപികയായ മകള്‍ സുസ്മിതയും അന്തേവാസികളോടൊത്ത് സജീവം തന്നെ.

സാന്ത്വന ശാലയിലെ
അന്തേവാസികള്‍
വൃദ്ധജനങ്ങള്‍, ഭിന്നശേഷിക്കാര്‍, അന്ധര്‍, ബധിരര്‍, മാറാരോഗത്തിനടിപ്പെട്ട് വീടുകളില്‍ നിന്ന് പുറംതള്ളപ്പെട്ടവര്‍, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍, കിടപ്പ് രോഗികള്‍, വിധവകള്‍, മക്കളില്ലാത്ത അമ്മമാര്‍, ഭിക്ഷാടനം നടത്തി ജീവിച്ചിരുന്നവര്‍, ആത്മഹത്യപ്രവണത ഉള്ളവര്‍ ഇങ്ങനെയുള്ള എല്ലാവരെയും സ്വീകരിച്ച് ഇവിടെ പരിചരിക്കാറുണ്ട്.
ചില വ്യക്തികളെ കൊണ്ടു വരുമ്പോള്‍ അവര്‍ വല്ലാതെ അക്രമാസക്തരായിരിക്കും. ഇത്തരക്കാരെ നിയന്തിക്കാന്‍ മറ്റ് പോംവഴികള്‍ ഒന്നും ഇല്ലത്തതിനാല്‍ ആദ്യം സെല്ലുകളിലാക്കും. സെല്ലുകളില്‍ കൃത്യമായി ഭക്ഷണവും പരിചരണവും സ്‌നേഹവും കിട്ടുമ്പോള്‍ അവര്‍ ശാന്തരാകും. രണ്ടാഴ്ചക്കുള്ളില്‍ അവര്‍ രൂപാന്തരപ്പെട്ട് മറ്റ് അന്തേവാസികളോടൊപ്പം താമസിക്കാന്‍ തക്കവിധമാകും. പിന്നെ അവരെ സെല്ലുകളില്‍ ഇടില്ല.

പോലീസുകാരാണ് പ്രധാനമായും ആളുകളെ കൊണ്ടുവരുന്നത്. എന്‍.ജി.ഓകള്‍, വൈദികര്‍, സന്യാസിനികള്‍, അമ്പലക്കമ്മറ്റികള്‍, പള്ളിക്കമ്മറ്റികള്‍, ക്ലബുകള്‍ തുടങ്ങിയവരും ആളുകളുമായി എത്താറുണ്ട്. ഇവിടെ എത്തുന്ന ഓരോ വ്യക്തിയെയും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മെഡിക്കല്‍ ചെക്കപ്പിന് വിധേയമാക്കി റിപ്പോര്‍ട്ട് മേടിക്കും. രോഗങ്ങള്‍ ചികല്‍സിച്ച് ഭേദമാക്കാവുന്നതാണെങ്കില്‍ മരുന്ന് കൊടുത്ത് രോഗം സൗഖ്യപ്പെടുത്തി അവരെ വീടുകളിലേക്ക് മടക്കി അയക്കും. പോകാന്‍ ഇടമില്ലാത്തവരെ ഇവിടെ സ്വീകരിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ ആളുകള്‍ എത്തിയിട്ടുണ്ട്.

മനസുണ്ടെങ്കിലും കെട്ടിട സൗകര്യങ്ങള്‍ കുറവായതിനാല്‍ വരുന്ന എല്ലാവരേയും സ്വീകരിക്കാന്‍ ഇവര്‍ ബുദ്ധിമുട്ടുന്നുണ്ട്. ഗവണ്‍മെന്റ് നിബന്ധനകള്‍ പാലിച്ച് മുമ്പോട്ട് പോകാന്‍ ഏറെ ബുദ്ധിമുട്ടുകളുണ്ട്. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബില്‍ഡിങ്ങ് വേണം. നിലവിലെ നിയമങ്ങളും ട്രസ്റ്റിന്റെ പരിമിതികളും കാരണം അതിന് സാധിക്കുന്നില്ല. അശരണര്‍ക്കും വികലാംഗര്‍ക്കും സ്വയം തൊഴില്‍ പരിശീലനത്തിനുള്ള ഒരു കേന്ദ്രം, പ്രായമായവര്‍ക്കും വികലാംഗര്‍ക്കും ഒരു ഫിസിയോ തെറാപ്പി സെന്റര്‍ തുടങ്ങിയവയാണ് ഭാവി പദ്ധതികള്‍.

ആത്മീയ അടിത്തറ
അന്തേവാസികളുടെ ആത്മീയ വളര്‍ച്ചയുടെ ഭാഗമായി നിത്യേനയുള്ള പ്രഭാത പ്രാര്‍ത്ഥന മുക്കാല്‍ മണിക്കൂര്‍ ഉണ്ടാകും. ചാക്കോച്ചനോ മക്കളാരെങ്കിലുമോ പ്രാര്‍ത്ഥനകള്‍ നയിക്കും. ബുദ്ധിവൈകല്യം ഇല്ലാത്ത എല്ലാവരും തന്നെ പ്രാര്‍ത്ഥനാ ശുശ്രൂഷകളില്‍ പങ്കെടുക്കും. ഇടക്കിടെ വികാരിയച്ചന്‍ വന്ന് ക്രൈസ്തവരായിട്ടുള്ളവരെ കുമ്പസാരിപ്പിച്ച് വിശുദ്ധ കുര്‍ബാന കൊടുക്കും. യാത്ര ചെയ്യാന്‍ ശാരീരിക ബുദ്ധിമുട്ട് ഇല്ലാത്തവരെ ദൈവാലയത്തില്‍ കൊണ്ടു പോയി ദിവ്യബലിയില്‍ സംബന്ധിപ്പിക്കും. 15 ക്രൈസ്തവര്‍ ഉള്‍പ്പെടെ എല്ലാ മതവിഭാഗത്തിലും ഉള്‍പ്പെട്ട അന്തേവാസികള്‍ ഇവിടെ ഉണ്ട്. അവരവരുടെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.

എല്ലാ വര്‍ഷവും പീഢാനുഭവവാരത്തിലെ കുരിശിന്റെ വഴി ദൈവാലത്തില്‍ നിന്ന് ആരംഭിച്ച് ഈ സ്ഥാപനത്തില്‍ അവസാനിപ്പിക്കുന്നു. ഇടവകജനങ്ങളില്‍ നിന്നും നല്ല സഹകരണം ലഭിക്കുന്നുണ്ട്. കൂടാതെ തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ പ്രാര്‍ത്ഥനകളും ഇവരോടൊപ്പമുണ്ടെന്ന് ഇവര്‍ പറയുന്നു.
കെട്ടിടത്തിന്റെ പണി നടക്കുന്നുണ്ട്. അതോടു കൂടി ചാപ്പലും ഉണ്ടാകും. നിത്യാരാധനാ ചാപ്പലും തുറക്കും.

സേവനങ്ങള്‍ സ്ഥാപനത്തിന്റെ
പുറത്തേക്കും

ഈ കാലംകൊണ്ട് 2112 ഓളം ആളുകള്‍ക്ക് അഭയം നല്‍കിയതോടൊപ്പം 275പേരെ രോഗം സൗഖ്യപ്പെടുത്തി ഇന്ത്യയുടെ നാനാ ഭാഗങ്ങളിലുള്ള അവരുടെ ഭവനങ്ങളില്‍ എത്തിച്ചു. ഒറ്റപ്പെട്ട കിടപ്പ് രോഗികള്‍, അനാഥരായ എന്‍ഡോസള്‍ഫാന്‍ രോഗികള്‍, ഒറ്റപ്പെട്ട് കഴിയുന്ന അമ്മമാര്‍ എന്നിവരെ കണ്ടെത്തി സംരക്ഷിക്കുന്നുണ്ട്. മദ്യപാനംമൂലം കുടുംബ ബന്ധങ്ങള്‍ ശിഥിലമായ അനേകരെ ഒന്നിപ്പിച്ചിട്ടുണ്ട്. 298 രോഗികള്‍ക്ക് ഓപ്പറേഷന്‍ നടത്തുന്നതിന് സഹായങ്ങള്‍ ചെയ്തു. കൂടാതെ മനപ്പൊരുത്തമുള്ള വികലാംഗരുടെ വിവാഹങ്ങളും നടത്തിക്കൊടുക്കാറുണ്ട്. മുടക്കം കൂടാതെ ഇങ്ങനെ ബഹുമുഖങ്ങളായ പദ്ധതികള്‍ നല്ലവരായ അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് നടപ്പിലാക്കുന്നത്.

തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉള്‍പ്പെടെ മത-രാഷ്ട്രീയ രംഗത്തെ നിരവധി വ്യക്തികളുടെ അവാര്‍ഡുകളും അംഗീകാരങ്ങളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ആളുകളുടെ എണ്ണം കൂടുമ്പോള്‍ സൗകര്യങ്ങള്‍ പരിമിതമാകുന്നു. അര്‍ഹതപ്പെട്ടവരെ സ്വീകരിക്കാന്‍ കഴിയാത്ത വിഷമത്തിലാണ് ഇവര്‍. ദുര്‍ഘട ഘട്ടങ്ങളില്‍ ശാരീരിക ബലത്തെക്കാള്‍ പക്വതയാര്‍ന്ന ശാന്തതയാണ്, മനോഭാവങ്ങളാണ്, രക്ഷക്കെത്തുന്നത് ഇവര്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍നിന്ന് സാക്ഷ്യപ്പെടുത്തുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?