അയൂബിയ: അൽമായ പ്രേഷിതരംഗത്ത് ആഗോളസഭയ്ക്ക് കേരളസഭ സമ്മാനിച്ച ‘ജീസസ് യൂത്ത്’ മിനിസ്ട്രിയുടെ പ്രവർത്തനം ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാനിലും ശക്തമാകുന്നു. ജീവിതസാക്ഷ്യത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രാർത്ഥനാ കൂട്ടായ്മകൾക്കും പരിശീലന ക്ലാസുകൾക്കും വലിയ സ്വീകാര്യതയാണ് പാക്കിസ്ഥാനിലെ സഭയിൽനിന്ന് ലഭിക്കുന്നത്. ഇതിന് തെളിവായിരുന്നു, അഞ്ച് രൂപതകളുടെ പ്രാതിനിധ്യത്തോടെ അബോട്ടാബാദ് ജില്ലയിലെ ആയുബിയയിൽ നടത്തിയ ‘ലീഡ് 2022: ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് പ്രോഗ്രാം’.
‘ജീസസ് യൂത്തി’ലേക്ക് പുതുതായി കടന്നുവന്നവരെ, സുവിശേഷവത്ക്കരണ ദൗത്യത്തിന്റെ ആരംഭബിന്ദുവായ ക്രിസ്തുവുമായുള്ള കൂടിക്കാഴ്ച അനുഭവത്തിലേക്ക് നയിക്കാൻ സഹായിക്കുക എന്നതായിരുന്നു ട്രെയിനിംഗ് പ്രോഗ്രാമിന്റെ ലക്ഷ്യം. ‘ജീസസ് യൂത്തി’ന്റെ ആറ് കാരിസങ്ങളായി വിശേഷിപ്പിക്കുന്ന പ്രാർത്ഥന, ദൈവവചനം, കൂദാശാ ജീവിതം, കൂട്ടായ്മ, സുവിശേഷപ്രഘോഷണം, പാവങ്ങളോട് പക്ഷം ചേരൽ എന്നിവയെ അടുത്തറിയാനും സഹായകമായിരുന്നു ട്രെയിനിംഗ് പ്രോഗ്രാം.
‘യുവജനങ്ങളുടെ ഒരു പുതിയസംഘംകൂടി ‘ജീസസ് യൂത്തി’ന്റെ ഭാഗമായതിനെപ്രതി ദൈവത്തിന് നന്ദി പറയുന്നു. നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ദർശിക്കാനുള്ള വലിയ കൃപയുടെ സമയമാണിത്. നമ്മുടെ കർത്താവും രക്ഷകനുമായി നമുക്ക് ഈശോയെ സ്വാഗതം ചെയ്യാം. തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായി തന്റെ മുന്തിരിത്തോട്ടത്തിൽ വേലചെയ്യാൻ ദൈവം നമ്മെ പേര് ചൊല്ലി വിളിക്കുന്നു,’ പാക്കിസ്ഥാനിലെ ‘ജീസസ് യൂത്ത്’ കോർഡിനേറ്റർ അയാസ് ഗുൽസാർ പുതിയ അംഗങ്ങളെ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്തു.
സൗഖ്യത്തിന്റെയും ജീവിത നവീകരണത്തിന്റെയും ദൗത്യം നിറവേറ്റാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന്, കൂട്ടായ്മയെ അഭിസംബോധന ചെയ്ത ജീസസ് യൂത്ത് നാഷണൽ ചാപ്ലൈൻ ഫാ. കെയ്‌സർ ഫെറോസ് യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. ‘യുവ കത്തോലിക്കർ എന്ന നിലയിൽ ക്രിസ്തുവിന്റെ മിഷനറി ശിഷ്യന്മാരാണ് നാം. നമ്മുടെ സഹോദരങ്ങളോട് വചനം പ്രഘോഷിക്കണമെന്ന പ്രതിജ്ഞാബദ്ധതയോടെ സുവിശേഷം കൈമാറാൻ, ദൈവസ്‌നേഹം പകരാൻ, അവരെ കത്തോലിക്കാ വിശ്വാസത്തിൽ വളർത്താൻ ക്രിസ്തുവിന്റെ കരങ്ങളും പാദങ്ങളുമായ നാം തീക്ഷ്ണതയോടെ മുന്നേറണം.’
കരിസ്മാറ്റിക് നവീകരണത്തിന്റെ സത്ഫലമായി 1980കളിൽ അത്മായ മുന്നേറ്റമായി രൂപംകൊണ്ട ‘ജീസസ് യൂത്തി’നെ 2016ലാണ് ഫ്രാൻസിസ് പാപ്പ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തിയത്. ഇന്ത്യയിൽനിന്ന് പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട ഏക അൽമായ മുന്നേറ്റമാണ് ‘ജീസസ് യൂത്ത്’. രൂപംകൊണ്ട് ഏറെനാൾ കഴിയുംമുമ്പേ ഇന്ത്യയുടെ ഇതര ഭാഗങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയ ‘ജീസസ് യൂത്ത്’ ഇന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലെ 40ൽപ്പരം രാജ്യങ്ങളിൽ സജീവസാന്നിധ്യമാണ്. പൊന്തിഫിക്കൽ പദവി ലഭിച്ച 2016ൽതന്നെയാണ് ജീസസ് യൂത്തിന്റെ ശുശ്രൂഷകൾ പാക്കിസ്ഥാനിലും ശക്തിയാർജിച്ചതെന്ന് അയാസ് ഗുൽസാർ പറഞ്ഞു.
(വാർത്തയിൽ ഉപയോഗിച്ചിരിക്കുന്നത് ഫയൽ ചിത്രം)
Leave a Comment
Your email address will not be published. Required fields are marked with *