ലിമ: ലാറ്റിൻ അമേരിക്കയിൽ ഉണ്ണീശോയുടെ പ്രത്യക്ഷീകരണത്താൽ അനുഗൃഹീതമായ പെറുവിൽ ദിവ്യകാരുണ്യ തീർത്ഥാലയം (യൂക്കരിസ്റ്റിക് സാംങ്ച്വറി) നിർമിക്കാനുള്ള സഭാനേതൃത്വത്തിന്റെ ആഗ്രഹത്തിന് പിന്തുണ തേടി പ്രമുഖ സിനിമാതാരം. പെറൂവിയൻ സിനിമാതാരവും ഹാസ്യകലാകാരനുമായ കാർലോസ് അൽവാരസാണ്, ചിക്ലേയോ രൂപത നിർമിക്കുന്ന ദിവ്യകാരുണ്യ തീർത്ഥാലയത്തിനുവേണ്ടി വിശ്വാസികളുടെ സഹായം അഭ്യർത്ഥിച്ചത്. പെറുവിലെ ഒരേയൊരു ദിവ്യകാരുണ്യ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച സിയുദാദ് ഈറ്റൻ നഗരത്തിലാണ് തീർത്ഥാലയം ഉയരുക.
പ്രാദേശീയ ഭരണകൂടം സംഭാവന നൽകിയ സ്ഥലത്ത് തീർത്ഥാലയം നിർമിക്കാൻ ‘ക്രുസേഡ് ഓഫ് ഫെയ്ത്ത്’ എന്ന പേരിൽ രൂപത തുടക്കം കുറിച്ച ക്യാംപെയിന്റെ ഭാഗമായിട്ടായിരുന്നു സിനിമാ താരത്തിന്റെ അഭ്യർത്ഥന. 1649 ജൂൺ രണ്ടിനും ജൂലൈ 22നുമായിരുന്നു സാന്താ മാഗ്ദലിൻ ഡി ഈറ്റൻ എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന സിദാസ് ഈറ്റനിലെ മേരി മാഗ്ദലിൻ ഇടവകയിൽ ദിവ്യകാരുണ്യ അത്ഭുതം നടന്നത്. രണ്ട് തവണയും തിരുവോസ്തിയിൽ ഉണ്ണീശോ പ്രത്യക്ഷപ്പെടുകയായിരുന്നു.
‘ദിവ്യശിശുവിന്റെ ഛായാചിത്രത്തിനു മുന്നിലാണ് ഞാൻ ഇപ്പോൾ. തീർത്ഥാലയം യാഥാർത്ഥ്യമാക്കാൻ നാം എല്ലാവരും ‘ക്രുസേഡ് ഓഫ് ഫെയ്ത്ത്’ പദ്ധതിയുമായി സഹകരിക്കണം. കാരണം, ഈറ്റണിൽ പ്രത്യക്ഷപ്പെട്ട ദിവ്യശിശു ഈ നഗരത്തെ അതിശയകരവും ശ്രേഷ്ഠവുമായി പ്രകാശിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ,’ അത്ഭുതം നടന്ന സിയുദാദ് ഈറ്റനിൽനിന്ന് തയാറാക്കിയ വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.
1649ലെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിനത്തിലായിരുന്നു ആദ്യത്തെ ദിവ്യകാരുണ്യ അത്ഭുതം. രണ്ടാമത്തേത്, നഗരത്തിന്റെ മധ്യസ്ഥയായ വിശുദ്ധ മരിയ മഗ്ദലേനയുടെ തിരുനാൾ ദിനത്തിലും. ത്രിത്വത്തെ സൂചിപ്പിക്കുംവിധം, പരസ്പ്പരം കോർത്തിണക്കിയ മൂന്ന് തിരുഹൃദയങ്ങളുമായാണ് ഉണ്ണീശോ രണ്ടാം തവണ പ്രത്യക്ഷപ്പെട്ടത്. പ്രസ്തുത ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാനിൽനിന്നുള്ള അംഗീകാരം ലഭിക്കാൻ കാത്തിരിക്കുകയാണ് വിശ്വാസീസമൂഹം. പ്രസ്തുത സംഭവത്തിന്റെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് വർഷങ്ങൾക്കുമുമ്പ് രൂപതാ നേതൃത്വം വത്തിക്കാന് കൈമാറിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *