Follow Us On

05

October

2022

Wednesday

നവോത്ഥാനത്തിന്റെ പാലങ്ങള്‍

നവോത്ഥാനത്തിന്റെ പാലങ്ങള്‍

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികവും പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളും കൊണ്ടാടുകയാണല്ലോ. ഇനിയും പഠിക്കാനും ഗവേഷണം നടത്താനും സാധ്യതയുള്ള പാഠപുസ്തകമാണ് പരിശുദ്ധ അമ്മ.  ഓഗസ്റ്റ് മാസത്തിന്റെ ആത്മീയതയില്‍ ഏറെ പ്രാധാന്യം ഉള്ളതാണ് പരിശുദ്ധ മാതാവിന്റെ ചിന്തകള്‍. ഈശോയുടെ ജനനം മുതല്‍ മരണം വരെ അമ്മ അനുഭവിച്ച പീഡകള്‍, നമ്മുടെ കണ്ണുകളിലിപ്പോഴും മായികകാഴ്ചയായുണ്ട്. സ്വപുത്രന്റെ പീഡാനുഭവത്തിലും കുരിശുമരണത്തിലും മറിയത്തിന്റെ ഭാഷപോലും നമ്മെ ആശ്ചര്യപെടുത്തുന്ന മൗനമായിരുന്നു. ആ മൗനത്തിന്റെ ഭാഷയും നാം പഠിക്കേണ്ടിയിരിക്കുന്നു.

രാജ്യവും സമൂഹവും നേരിടുന്ന ഭിന്നിപ്പിന്റെ ശബ്ദങ്ങളെ സമചിത്തതയോടെയും അഹിംസയിലൂടെയും നേരിടുമ്പോഴാണ്, സ്വാതന്ത്ര്യലബ്ധിയുടെ വാര്‍ഷികത്തിനു പ്രസക്തിയുണ്ടാകുകയുള്ളൂ. മനുഷ്യമനസിനെ മലീമസമാക്കുന്ന ശിഥില ചിന്തകളെ ഉന്‍മൂലനം ചെയ്യാനും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളെ പരിപൂര്‍ണ്ണമായും വെടിഞ്ഞ് പൊതുനന്‍മയോട് പക്ഷം ചേരാനും കഴിയണം.

സ്വാതന്ത്ര്യമെന്നത് നന്‍മയിലേക്കും നവോ ത്ഥാനത്തിലേക്കുമുള്ള പാലങ്ങള്‍ കൂടിയാണ്. അത്തരം പാലങ്ങള്‍ പണിയുന്നവരായി മാറുമ്പോഴാണ്, സ്വാതന്ത്ര്യത്തിന്റെ നന്‍മ നമുക്കും സമൂഹത്തിനും അവകാശപ്പെടാനാകുക. പരിശുദ്ധ അമ്മയുടെ ചൈതന്യത്തോടും നമ്മുടെ  മാതൃരാജ്യത്തിന്റെ ആശയ സംഹിതകളോടും സംസ്‌കാരങ്ങളോടും ഉള്‍ചേര്‍ന്ന്, നന്‍മയുടെ ഫലം വിളയിക്കുന്ന വടവൃക്ഷങ്ങളായി വളരണം. എത്രയോ ധീരരായ സമരസേനാനികളുടെ ആത്മസമര്‍പ്പണത്തിന്റെയും ത്യാഗോജ്ജ്വലമായ പോരാട്ട വീര്യത്തിന്റെയും ഫലമാണ്, നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നത് കാണാതെ പോകരുത്.

ഇന്ത്യന്‍ ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ട അവരുടെ പേരുകള്‍ അറിയാനും ചരിത്രം വായിക്കാനും അങ്ങനെ ദേശീയോദ്ഗ്രഥന ചിന്തകളില്‍ വ്യാപരിക്കാനുള്ള സാധ്യതകള്‍ കൂടിയാണ് സ്വാതന്ത്യ ദിനാഘോഷങ്ങള്‍. കഴിഞ്ഞ 75 വര്‍ഷക്കാലം നാം താണ്ടിയ പുരോഗതിയുടെ പടവുകളില്‍ അവരുടെ ചോരപ്പാടുകളുണ്ടായിരുന്നു, അടിച്ചമര്‍ത്തപ്പെട്ടവരുടെയും രക്തസാക്ഷിത്വം വഹിച്ചവരുടെയും രോദനങ്ങളുണ്ടായിരുന്നു. ആ വേദനകളുടെയും സഹനങ്ങളുടെയും ത്യാഗങ്ങളുടെയും ഫലം കൂടിയാണ്, നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങളൊക്കെയും.

സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന ബാഹ്യ ശക്തികളെ നിലക്കുനിര്‍ത്താനും രാജ്യത്തിനകത്തു തന്നെ നമ്മെ ദുര്‍ബലപ്പെടുത്തുന്ന വിഘടനവാദികളെയും ഛിദ്രശക്തികളെയും നേരിടാന്‍ നാം സുസജ്ജരാകേണ്ടതുണ്ട്. തൊഴിലില്ലായ്മ, വിലക്കയറ്റം, ഭക്ഷ്യദൗര്‍ലഭ്യം, ഇന്ധനപ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. വ്യക്തിയിലൂടെയാണ് സമൂഹവും, സമൂഹത്തിലൂടെയാണ് രാജ്യവും പുരോഗതിയിലേക്ക് നടന്നടുക്കുകയെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി, രാജ്യ പുരോഗതിക്കു കൈകോര്‍ക്കാനുള്ള സാധ്യതകള്‍ കൂടി സാധൂകരിക്കപ്പെടണമെന്ന് ചുരുക്കം.

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍, കാലം നമുക്കു വേണ്ടി കരുതി വെച്ച കാവ്യനീതി കൂടിയാണ് ദ്രൗപദി മുര്‍മുവെന്ന ആദിവാസി സ്ത്രീയുടെ രാഷ്ട്രപതി സ്ഥാനലബ്ധി. വെള്ളത്തിനും വെളിച്ചത്തിനും സ്വന്തം ഭാഷയുടെ നിലനില്‍പ്പിനും വേണ്ടി മുറവിളി കൂട്ടിയിരുന്ന ഒരു ജനതയ്ക്ക് വെളിച്ചമേകിയ അവരുടെ പരിശ്രമം, ഇനി  രാജ്യത്തിന്റെ കൂടി വെളിച്ചമാകുകയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും  മാറ്റിനിര്‍ത്തപ്പെട്ടവരുമായ എല്ലാ വിഭാഗം ആളുകളെയും ജനവിഭാഗങ്ങളെയും നമ്മുടെ രാജ്യം ചേര്‍ത്തു നിര്‍ത്തിയതിന്റെയും മുഖ്യധാരയിലെത്തിച്ചതിന്റെയും വിജയമാണ്, ഈ സ്ഥാനലബ്ധി. അങ്ങിനെയെങ്കില്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം നമുക്കിരട്ടിമധുരം നല്‍കുന്നുണ്ട്.

(ലേഖകന്‍  തൃശൂര്‍ സെന്റ് തോമസ് കോളേജ് അസി. പ്രഫസറാണ്).

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?