Follow Us On

01

December

2022

Thursday

തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ട 41 ക്രൈസ്തവർക്ക്  വികാരനിർഭര യാത്രയയപ്പ് നൽകി ഈജിപ്ത്

തീപിടുത്ത ദുരന്തത്തിൽ മരണപ്പെട്ട 41 ക്രൈസ്തവർക്ക്  വികാരനിർഭര യാത്രയയപ്പ് നൽകി ഈജിപ്ത്

കെയ്‌റോ: ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലെ കോപ്റ്റിക് ഓർത്തഡോക്‌സ് ദൈവാലയത്തിലുണ്ടായ തീപിടുത്തത്തിൽ മരണമടഞ്ഞ 18 കുട്ടികൾ ഉൾപ്പെടെയുള്ള 41 പേർക്കും വികാര നിർഭര യാത്രാമൊഴിയേകി ഈജിപ്ത്. നൈൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗിസ നഗരത്തിലെ രണ്ട് ദൈവാലയങ്ങളിലായാണ് തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈജിപ്തിലെ ക്രൈസ്തവസമൂഹം അന്ത്യവിശ്രമ സ്ഥാനം ഒരുക്കിയിരിക്കുന്നത്. നൂറു കണക്കിന് ആളുകളുടെ സാന്നിധ്യത്തിലായിരുന്നു മൃതസംസ്‌ക്കാര കർമം. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പട്ടവരെ ആശ്വസിപ്പിക്കാൻ കഴിയാതെ ജനങ്ങൾ വിങ്ങിപ്പൊട്ടുന്നതും കണ്ണീർ കാഴ്ചയായി.

ഈജിപ്തിലെ രണ്ടാമത്തെ വലിയ നഗരമായ ഗിസയിലെ ഇംബാബയിൽ സ്ഥിതിചെയ്യുന്ന അബു സെഫിൻ ദൈവാലയത്തിൽ ഞായറാഴ്ച (ഓഗസ്റ്റ് 14) രാവിലെ തിരുക്കർമങ്ങൾ നടക്കവേയാണ് തീപിടിത്തമുണ്ടായത്. 14 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണപ്പെട്ട കുട്ടികൾ മൂന്നിനും 16നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ടുകൾ. മരണപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച കോപ്റ്റിക് ഓർത്തഡോക്സ് സഭാ തലവൻ പാത്രിയാർക്കീസ് തവാദോസ് രണ്ടാമൻ, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.

5,000ൽപ്പരം പേർ തിരുക്കർമങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് തീപിടുത്തം ഉണ്ടായത്. അപകടകാരണം രണ്ടാം നിലയിലെ എയർ കണ്ടീഷനിംഗിൽനിന്നുണ്ടായ ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. കനത്ത പുകയാണ് മരണങ്ങൾക്ക് പ്രധാന കാരണമെന്ന് അധികൃതർ അറിയിച്ചു. ഒരു പ്രവേശന കവാടത്തിൽ തീ പടർന്നതുമൂലമുണ്ടായ തടസവും തിക്കും തിരക്കും മരണസംഖ്യ ഉയരാൻ കാരണമായി. ആളുകൾ പടികൾ ഇറങ്ങാൻ തിരക്കുകൂട്ടിയതോടെ ഓരോരുത്തരും മറ്റുള്ളവരുടെ പുറത്തേക്ക് വീഴുകയായിരുന്നു.

‘രണ്ടാമത്തെ നിലയിൽനിന്ന് പുക ഉയരുന്നത് കണ്ട് മൂന്നും നാലും നിലകളിൽ ഉണ്ടായിരുന്നവർ പടികൾ ഇറങ്ങി ഓടിയപ്പോൾ, ആളുകൾ ഒന്നിന് പുറകെ ഒന്നായി മറിഞ്ഞു വീഴുകയായിരുന്നു. വളരെ പെട്ടെന്നാണ് സ്‌ഫോടന ശബ്ദം കേട്ടതും തീ പടർന്നുപിടിച്ചതും,’ ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന നാല് പൊലീസുകാരും ഉൾപ്പെടുന്നു. പരിക്കേറ്റവരെ രണ്ട് പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയെന്ന് ഈജിപ്ഷ്യൻ ആരോഗ്യ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു.

സംഭവത്തിൽ ദുഃഖം അറിയിക്കാൻ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസി, പാത്രിയാർക്കീസ് തവാദ്രോസ് രണ്ടാമനെ ടെലിഫോണിൽ വിളിച്ചിരുന്നു. സംഭവത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയും നേരിടാനാവശ്യമായ നടപടികൾ കൈക്കൊള്ളാനും സർക്കാർ ഏജൻസികൾക്ക് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. ഈജിപ്തിൽ സമീപ വർഷങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ തീപിടുത്ത ദുരന്തമാണിത്. ഈജിപ്തിലെ 10 കോടിയിലേറെ ജനങ്ങളിൽ 10% മാത്രമാണ് ക്രൈസ്തവ ജനസംഖ്യ. ഇവരിൽ ബഹുഭൂരിപക്ഷവും കോപ്റ്റിക് ഓർത്തഡോക്‌സ് സഭാംഗങ്ങളാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?