അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ദിനംപ്രതി വർദ്ധിക്കുമ്പോഴും നൈജീരിയയിലെ കത്തോലിക്കാ സഭയിൽ പൗരോഹിത്യ വസന്തം. അബൂജ അതിരൂപതയിലെ ഗൊരിൻപ ഹോളിക്രോസ് ദൈവാലയം തിങ്ങിനിറഞ്ഞ വിശ്വാസീസമൂഹത്തെ സാക്ഷിയാക്കി 12 പേരാണ് ഇക്കഴിഞ്ഞ ദിവസം പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. കടൂണ അതിരൂപതയ്ക്കുവേണ്ടി 11 പേർ തിരുപ്പട്ടം സ്വീകരിച്ച് മാസങ്ങൾ പിന്നിടുന്നതിനിടെ 12 നവവൈദീകരെകൂടി തിരുസഭയ്ക്ക് സമ്മാനിക്കാനായതിന്റെ അഭിമാനത്തിലാണ് നൈജീരിയയിലെ വിശ്വാസീസമൂഹം.
അബൂജ ആർച്ച്ബിഷപ്പ് ഇഗ്‌നേഷ്യസ് കൈഗാമയുടെ മുഖ്യകാർമികത്വത്തിലായിരുന്നു തിരുക്കർമങ്ങൾ. ഇപ്പോൾ നൈജീരിയ നേരിടുന്ന രാഷ്ട്രീയ, സാമൂഹ്യ സാഹചര്യങ്ങളെ, പ്രവാചകനായ ജെറമിയായുടെ കാലത്തെ യൂദാദേശത്തെ സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് അദ്ദേഹം നടത്തിയ വചനസന്ദേശവും ശ്രദ്ധേയമായിരുന്നു. യൂദായുടെ സാമൂഹികവും രാഷ്ട്രീയവുമായ സ്ഥിതി വഷളാകുന്ന സമയത്താണ് പ്രവാചകനായ ജെറമിയ വിളിക്കപ്പെട്ടതെന്ന് ഓർമിപ്പിച്ച അദ്ദേഹം, ജെറമിയ നടത്തിയതിന് സമാനമായ ഇടപെടലുകളാണ് നൈജീരിയയിലെ വൈദീക സമൂഹം ഇപ്പോൾ നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി.
‘വിഷലിപ്തമായ മുൻവിധികളായോ അക്രമാസക്ത പ്രവൃത്തികളായോ മാറ്റുംവിധം നമ്മുടെ ഗോത്ര, രാഷ്ട്രീയ, മത ഉപബോധമനസ്സിൽ വേരൂന്നിയ അനാരോഗ്യ ശീലങ്ങളെ തച്ചുടയ്ക്കപ്പെടണം. ദൈവകൃപയാൽ, നമ്മുടെ നേതാക്കളുടെ ആത്മാർത്ഥമായ രാഷ്ട്രീയ ഇച്ഛാശക്തിക്കൊപ്പം ഈ പൗരോഹിത്യ നടപടികൂടി ചേരുമ്പോൾ ‘ഒരു ജനതയും ഒരു ജനതയും’ എന്ന ദേശീയ അവബോധത്തിലേക്ക് നാം നയിക്കപ്പെടും.’ അദ്ദേഹം വ്യക്തമാക്കി.
വൈദീകരെയും സെമിനാരി വിദ്യാർത്ഥികളെയും ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുന്നത് പതിവാകുമ്പോഴും, അതൊന്നും പൗരോഹിത്യ ദൈവവിളികളെ തെല്ലും ബാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇസ്ലാമിക തീവ്രവാദികളിൽനിന്നും ആയുധധാരികളായ കൊള്ളക്കാരിൽനിന്നും കടുത്ത വെല്ലുവിളി നേരിടുന്നവരാണ് നൈജീരിയയിലെ വിശ്വാസീസമൂഹം.
2022 ജനുവരിമുതൽ ജൂലൈവരെയുള്ള ഏഴു മാസത്തിനിടെമാത്രം നൈജീരിയയിൽനിന്ന് 20 കത്തോലിക്കാ വൈദീകരെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗം പേരെയും വിട്ടയച്ചെങ്കിലും മൂന്നുപേർ കൊല്ലപ്പെട്ടു. ക്രിസ്തുവിനെപ്രതിയുള്ള രക്തസാക്ഷിത്വങ്ങൾ വർദ്ധിക്കുമ്പോഴും ദൈവവിളിയോട് സധൈര്യം പ്രത്യുത്തരിക്കുന്ന യുവജനങ്ങളുടെ വിശ്വാസസാക്ഷ്യം നൈജീരിയൻ സഭയുടെ ശോഭനമായ ഭാവി അടയാളപ്പെടുത്തുന്നു എന്നാണ് വിലയിരുത്തലുകൾ.
Leave a Comment
Your email address will not be published. Required fields are marked with *