ലാഹോര്‍: ദൈവമാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസീസമൂഹം പങ്കെടുക്കുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന് ഒരുങ്ങി പാക്കിസ്ഥാനിലെ മരിയാമബാദ് ഗ്രാമം. ‘പരിശുദ്ധ മേരി, കരുണയുടെ അമ്മ’ എന്ന ആപ്തവാക്യവുമായി സെപ്റ്റംബര്‍ ഒന്‍പതു മുതല്‍ 11 വരെയാണ് 73-ാമത് തീര്‍ത്ഥാടനം നടക്കുക. പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ക്പുര ഗ്രാമത്തിലാണ് ‘പാകിസ്ഥാനിലെ വേളാങ്കണ്ണി’ എന്ന് വിശേഷിപ്പിക്കാവുന്ന ‘മരിയാമബാദ്’ ദേശീയ തീര്‍ത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്. ‘മേരിയുടെ പട്ടണം’ എന്നാണ് മരിയാമബാദ് എന്ന ഉറുദ് വാക്കിന്റെ അര്‍ത്ഥം.
മഹാമാരിക്കുശേഷം 2021ല്‍ പ്രാദേശിക ഭരണകൂടം തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയ വാര്‍ത്തയോടെയാണ് പാക്കിസ്ഥാനില്‍ മാത്രം അറിയപ്പെട്ടിരുന്ന മരിയാമബാദ് തീര്‍ത്ഥാടനം വിഖ്യാതമായി മാറിയത്. വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ 12 ലക്ഷത്തില്‍പ്പരം പേരാണ് ഇവിടെ പ്രാര്‍ത്ഥിക്കാന്‍ എത്തുക. ഇത്തവണത്തെ തീര്‍ത്ഥാടകരുടെ എണ്ണത്തെ കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും കര്‍ശന സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളോടെയാകും തീര്‍ത്ഥാടനം.
പാക്കിസ്ഥാനിലെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാസമൂഹങ്ങളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കാവുന്ന മരിയമാബാദിന്റെ ചരിത്രം ആരംഭിച്ചത് 1892ലാണ്. കത്തോലിക്കാ വിശ്വാസം സ്വീകരിച്ച സിയാല്‍കോട്ട് ജില്ലയിലുള്ളവരെ അടിച്ചമര്‍ത്തലുകളില്‍നിന്നും പീഡനങ്ങളില്‍നിന്നും രക്ഷിക്കാന്‍ കപ്പൂച്ചിന്‍ സഭാംഗംകൂടിയായ ബിഷപ്പ് ഇമ്മാനുവല്‍ വാന്‍ ഡെന്‍ ബോഷ് സര്‍ക്കാരില്‍നിന്ന് വിലയ്ക്കുവാങ്ങിയ പ്രദേശമാണ് മരിയാമബാദ് എന്ന പേരിൽ അറിയപ്പെടുന്നത്. ലാഹോറിന് 80 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഇവിടെ ക്രൈസ്തവര്‍ക്കായി വീടുകളും പണിസ്ഥലങ്ങളും നിര്‍മിക്കപ്പെടുകയായിരുന്നു.
കപ്പൂച്ചിന്‍ സഭാംഗമായ ഫാ. ഗോഡ്ഫ്രോയിഡ് പെല്‍ക്മാന്‍സിന്റെ നേതൃത്വത്തില്‍ ആറ് ദിവസം ദീര്‍ഘിച്ച (170 കിലോമീറ്റര്‍) ലോംഗ് മാര്‍ച്ചിലൂടെ മൂന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളാണ് ആദ്യമായി ഇവിടേക്ക് നയിക്കപ്പെട്ടത്. ബൈബിളിലെ പുറപ്പാടുമായി താരതമ്യപ്പെടുത്താവുന്ന ഈ പ്രയാണത്തിന് പ്രാദേശിക ക്രിസ്ത്യന്‍ സമൂഹത്തിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. കപ്പൂച്ചിന്‍ വൈദീകരുടെ നേതൃത്വത്തില്‍ 1898 ഡിസംബര്‍ എട്ടിനാണ് അവിടെ പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും നാമധേയത്തിലുള്ള ദൈവാലയം ഉയര്‍ന്നത്. ഒരു കുന്നിന്‍ മുകളില്‍ സ്ഥിതിചെയ്യുന്ന മരിയന്‍ ഗ്രോട്ടോയും അവിടുത്തെ സവിശേഷതയാണ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി സങ്കടങ്ങളില്‍ മാധ്യസ്ഥം യാചിച്ച് അനേകരാണ് അമ്മയുടെ സന്നിധിയിലണയുക.
Leave a Comment
Your email address will not be published. Required fields are marked with *