ന്യൂയോർക്ക്: ലോകജനതയെ ഒന്നടങ്കം നടുക്കിയ ‘സെപ്തംബർ 11’ ഭീകരാക്രമണത്തിന്റെ 21-ാം വാർഷികത്തിൽ ഇതാ ഒരു ആനന്ദ വാർത്ത- ‘വേൾഡ് ട്രേഡ് സെന്ററി’നൊപ്പം അൽക്വയ്ദ തീവ്രവാദികൾ ചാമ്പലാക്കിയ സെന്റ് നിക്കൊളാസ് ഗ്രീക്ക് ഓർത്തഡോക്സ് ദൈവാലയം നവംബർ ഒന്നിന് വിശ്വാസികൾക്ക് തുറന്നുകൊടുക്കും. ഇസ്ലാമിക ഭീകരസംഘടനയായ അൽക്വയ്ദ ചാരക്കൂമ്പാരമാക്കിയ അതേ മണ്ണിൽതന്നെയാണ് പുതിയ ദൈവാലയം ഉയിർത്തെഴുന്നേറ്റതും! ന്യൂയോർക്കിലെ ആദ്യത്തെ ദേശീയ ബസിലിക്കാ എന്ന വിശേഷണത്തോടെയാണ് ദൈവാലയം ഉയരുന്നത്.
‘സെപ്തംബർ 11’ അനുസ്മരണത്തോട് അനുബന്ധിച്ച്, ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിനായി രൂപീകൃതമായ ‘ഫ്രണ്ട്‌സ് ഓഫ് സെന്റ് നിക്കോളാസി’ന്റെ അധ്യക്ഷൻ മൈക്കിൾ സറോസ് ‘ഫോക്‌സ് ന്യൂസി’ന് നൽകിയ അഭിമുഖത്തിലാണ് ഈ സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. വേൾഡ് ട്രേഡ് സെന്റർ മെമ്മോറിയൽ പ്ലാസയ്ക്ക് അഭിമുഖമായാണ് ദൈവാലയത്തിന്റെ സ്ഥാനം.
എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ 2021 നവംബറിൽ യു.എസ് പര്യടനത്തിന് എത്തിയ സാഹചര്യത്തിൽ, നിർമാണം പൂർത്തിയാകുംമുമ്പേ ദൈവാലയത്തിന്റെ കൂദാശാകർമം നിർവഹിച്ചിരുന്നു. കൂദാശാ കർമത്തോട് അനുബന്ധിച്ച് തീവ്രവാദ ആക്രമണത്തെ അതിജീവിച്ച പരിശുദ്ധ മാതാവിന്റെ രൂപവും, ദൈവാലയ മണിയും പാത്രിയാർക്കീസ് വെഞ്ചരിച്ച് പുതിയ ദൈവാലയത്തിൽ പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു.

ദൈവാലയത്തിന്റെ കൂദാശാ കർമത്തിൽനിന്ന്.
2001 സെപ്റ്റംബർ ഒൻപതിന്, റാഞ്ചിയെടുത്ത യാത്രാ വിമാനങ്ങളുമായി ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ വേൾഡ് ട്രേഡ് സെന്ററിന് സമീപം സ്ഥിതിചെയ്ത സെന്റ് നിക്കൊളാസ് ദൈവാലയവും നിലം പതിക്കുകയായിരുന്നു. ‘ഗ്രൗണ്ട് സീറോ’ എന്ന പേരിൽ കുപ്രസിദ്ധമായ ആ ദുരന്തഭൂമിയിൽതന്നെ, ആക്രമണത്തിന്റെ 21-ാം വർഷം പുതിയ ദൈവാലയം തലയുയർത്തുന്നതിന്റെ ആനന്ദത്തിലാണ് വിശ്വാസീസമൂഹം.

ദൈവാലയത്തിന്റെ കൂദാശാ കർമത്തിൽനിന്ന്.
സ്പാനിഷ് ആർക്കിടെക്റ്റായ സാന്റിയാഗോ കലാട്രയവയാണ് ദൈവാലയത്തിന്റെ പുനരുദ്ധാരണം നിർവഹിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാനും അവർക്കായി പ്രാർത്ഥിക്കാനുമായി ദൈവാലയത്തോട് ചേർന്നുതന്നെ ഒരു പൊതു ഇടവും ഒരുക്കിയിട്ടുണ്ട്. ആക്രമണത്തിൽ മൂവായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്, ആറായിരത്തിൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *