Follow Us On

05

October

2022

Wednesday

എല്ലാം ദൈവഹിതത്തിനുവേണ്ടി സമർപ്പിച്ച പരിശുദ്ധ അമ്മയാകണം നമ്മുടെ മാതൃക; യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

എല്ലാം ദൈവഹിതത്തിനുവേണ്ടി സമർപ്പിച്ച പരിശുദ്ധ അമ്മയാകണം നമ്മുടെ മാതൃക; യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി: സദ്വാർത്തയാകുന്ന ഈശോയെ ഉദരത്തിൽ വഹിച്ചുകൊണ്ട് എലിസബത്തിനെ ശുശ്രൂഷിക്കാൻ തിടുക്കത്തിൽ പുറപ്പെട്ട പരിശുദ്ധ മറിയത്തെ യുവജനങ്ങൾ മാതൃകയാക്കണമെന്ന് ഫ്രാൻസിസ് പാപ്പ. തന്നിലേക്കും തന്റെ ആകുലതകളിലേക്കും ശ്രദ്ധകേന്ദ്രീകരിക്കാതെ, മറ്റുള്ളവരെ ശുശ്രൂഷിക്കാൻ പരിശുദ്ധ അമ്മയെപ്പോലെ നാം ഓരോരുത്തരും തിടുക്കത്തിൽ പുറപ്പെടണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു. പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന 2023ലെ ലോക കുടുംബസംഗമത്തിന് മുന്നോടിയായി പുറപ്പെടുവിച്ച യുവജനദിന സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഉദ്‌ബോധിപ്പിച്ചത്.

‘മറിയം തിടുക്കത്തിൽ പുറപ്പെട്ടു’ എന്ന ആപ്തവാക്യത്തെ ആസ്പദമാക്കിയായിരുന്നു പേപ്പൽ സന്ദേശം. ‘എല്ലാ യുഗങ്ങളിലും മനുഷ്യകുലം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കെല്ലാം ദൈവം നൽകുന്ന ഉത്തരമാണ് യേശുക്രിസ്തു. പരിശുദ്ധ മറിയം ആ ഉത്തരം അവളിൽ സംവഹിച്ചുകൊണ്ട് എലിസബത്തിനെ സന്ദർശിച്ചു. ഇതുതന്നെയാണ് യുവജനങ്ങൾക്കുള്ള സന്ദേശവും. നമ്മിലേക്കുതന്നെ നോക്കിയിരിക്കാതെ സഹായം ആവശ്യമുള്ളവരിലേക്ക് തിടുക്കത്തിൽ നാമും പുറപ്പെടണം.’

മഹാമാരിയും യുദ്ധക്കെടുതികളുംമൂലം മനുഷ്യകുലം അസ്വസ്ഥമായ സമയത്ത് നമുക്കെല്ലാവർക്കും വിശിഷ്യാ, യുവജനങ്ങൾക്ക് സാമീപ്യത്തിന്റെയും കൂടിക്കാഴ്ചയുടെയും വഴികാട്ടുന്ന മാതൃകയാണ് മറിയമെന്നും പാപ്പ പറഞ്ഞു. ദൈവത്തിന്റെ ആലയമായിമാറി സേവനത്തിനായി ഇറങ്ങി പുറപ്പെടുന്ന, സകലർക്കും സദ്വാർത്ത പകരുന്ന തീർത്ഥാടക സഭയുടെ പ്രതിരൂപമാണ് മറിയം.

ഉത്ഥിതന്റെ സാന്നിധ്യം ജീവിതത്തിൽ അനുഭവിക്കുകയും അവിടുത്തെ കണ്ടു മുട്ടുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ ആത്മീയ സന്തോഷം. സദ്വാർത്ത അറിയിക്കാനുള്ള മറിയത്തിന്റെയും ശിഷ്യഗണത്തിന്റെയും തിടുക്കത്തിനുള്ള കാരണവും ഇതുതന്നെ. ക്രിസ്തുശിഷ്യരെന്ന നിലയിൽ ഉടൻ എഴുന്നേൽക്കാനും ഉത്ഥാന രഹസ്യത്തിൽ പ്രവേശിക്കാനും അവിടുന്ന് ആഗ്രഹിക്കുന്ന വഴിയിലൂടെ നയിക്കപ്പെടാനും വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.

മറിയത്തിന്റെ തിടുക്കം എന്നത് സേവനം ചെയ്യാനും പരിശുദ്ധാത്മാവിന്റെ കൃപയോട് മടികൂടാതെ പ്രതികരിക്കാനുമുള്ള അവളുടെ ആഗ്രഹത്തിന്റെയും അടയാളമാണ്. തന്നെക്കാളേറെ മറിയം മറ്റുള്ളവരെ കുറിച്ച് ചിന്തിച്ചു. അത് അവളുടെ ജീവിതത്തിന് ദിശാബോധവും ഉൽസാഹവും പകർന്നുവെന്ന് പറഞ്ഞ പാപ്പ, മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള നമ്മുടെ പ്രതികരണം ആത്മശോധന ചെയ്യണമെന്നും ഓർമിപ്പിച്ചു. ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയില്ല എങ്കിലും നമുക്കടുത്തുള്ളവരുടെയും നമ്മുടെ സമൂഹത്തിന്റെയും പ്രശ്‌നങ്ങളിൽനിന്ന് നമുക്ക് ആരംഭിക്കാൻ കഴിയുമെന്നും പാപ്പ ചൂണ്ടിക്കാട്ടി.

2023 ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയുള്ള തിയതികളിലാണ്, പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ആഗോള കത്തോലിക്കാ യുവജനസമൂഹം സംഗമിക്കുക.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?