Follow Us On

19

April

2024

Friday

മതമൗലികവാദം മതങ്ങളെ ദുഷിപ്പിക്കും; മതനേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പ

മതമൗലികവാദം മതങ്ങളെ ദുഷിപ്പിക്കും; മതനേതാക്കൾക്ക് മുന്നറിയിപ്പ് നൽകി ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: മതമൗലീക വാദം എല്ലാ മതവിശ്വാസങ്ങളെയും ദുഷിപ്പിക്കുമെന്ന വസ്തുത തിരിച്ചറിയേണ്ട കാലമാണിതെന്ന് ആഗോള മത നേതാക്കളെ ഉദ്‌ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ. ലോകസമാധാനവും ജനതകൾ തമ്മിലുള്ള ഐക്യവും സംജാതമാക്കുന്നതിൽ ആഗോള മതങ്ങൾ നിർവഹിക്കേണ്ട സുപ്രധാന കടമയെക്കുറിച്ചും പാപ്പ പങ്കുവെച്ചു. കസാഖിസ്ഥാന്റെ തലസ്ഥാമായ നൂർ സുൽത്താൻ ആതിഥേയത്വം വഹിക്കുന്ന ആഗോള മതനേതാക്കളുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

മതസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാപ്പ വാചാലനായി. അടിസ്ഥാനപരവും പ്രാഥമിക അവകാശവുമായ മതസ്വാതന്ത്ര്യം എല്ലായിടത്തും പ്രോത്സാഹിപ്പിക്കപ്പെടണം. മതസ്വാതന്ത്ര്യമെന്നാൽ ആരാധനാ സ്വാതന്ത്ര്യത്തിൽ മാത്രം പരിമിതപ്പെടുത്തേണ്ട ഒന്നല്ല. ഓരോ വ്യക്തിക്കും തന്റെ വിശ്വാസത്തിന് പരസ്യമായി സാക്ഷ്യം നൽകാനും അടിച്ചേൽപ്പിക്കാതെ തന്നെ അത് പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്. യഥാർത്ഥ മാനവികതയ്ക്കും സമഗ്രമായ വളർച്ചയ്ക്കും മതസ്വാതന്ത്ര്യം ഏറെ പ്രധാനപ്പെട്ടതാണ്.

എന്നാൽ, മറ്റുള്ളവരുടേമേൽ തങ്ങളുടെ വിശ്വാസം അടിച്ചേൽപ്പിക്കുകയോ മറ്റുള്ളവരുടെ വിശ്വാസം തടസപ്പെടുത്തുകയോ ചെയ്യാതെയാകണം നമ്മുടെ വിശ്വാസം നാം ജീവിക്കേണ്ടത്. മതപരിവർത്തനമോ മതവിശ്വാസങ്ങൾ നിർബന്ധിച്ച് അടിച്ചേൽപ്പിക്കുന്നതോ മനുഷ്യസ്വാതന്ത്ര്യത്തിന് ചേർന്നതല്ല. കാരണം, നാമെല്ലാവരും സ്വന്തന്ത്രരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വർഗത്തിലേക്ക് കണ്ണുനട്ട് ഒരുമിച്ച് സഞ്ചരിക്കാൻ വിളിക്കപ്പെട്ടവരാണ് നാം. സഹിഷ്ണുതയുള്ള മനോഭാവമാണ് ലോകത്തിന് ഇന്ന് ആവശ്യം.

ദൈവവിശ്വാസികൾ എന്ന നിലയിൽ, വർഗ, ദേശ, മത ഭിന്നതകൾക്കപ്പുറം ഐക്യത്തിന്റെ പ്രചാരകരും സാക്ഷികളുമാകാൻ വിളിക്കപ്പെട്ടവരാണ് നാം. യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും മുന്നിൽ സമാധാനം സംജാതമാക്കാനുള്ള നമ്മുടെ കടമ നാം മറന്നുപോകരുത്. പരസ്പര സംവാദങ്ങളിലൂടെയും പരസ്പര ബഹുമാനത്തിലൂടെയും കൂടുതൽ ഐക്യം സൃഷ്ടിക്കാൻ ഏവരും പരിശ്രമിക്കണം. എല്ലാ മനുഷ്യ ജീവന്റെയും വിലയേയും വിശുദ്ധിയെ കുറിച്ച് സമൂഹത്തെ ഓർമിപ്പിക്കേണ്ട ചുമതല മതങ്ങളുടേതാണെന്നും പാപ്പ കൂട്ടിച്ചേർത്തു.

മതാന്തര സംവാദം, സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1986ൽ വിളിച്ചുചേർത്ത അസീസിയിലെ സമാധാന പ്രാർത്ഥനാ ദിനത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 2003ൽ കസാഖ് മുൻ പ്രസിഡന്റ് നൂർ സുൽത്താൻ നസർ ബബേവ് തുടക്കം കുറിച്ചതാണ് മൂന്നു വർഷത്തിൽ ഒരിക്കലുള്ള കസാഖിലെ സർവമത സമ്മേളനം. ‘മഹാമാരിക്കുശേഷം മാനവികതയുടെ സാമൂഹിക, ആത്മീയ വികസനത്തിൽ ലോക നേതാക്കളുടെയും പരമ്പരാഗത വിശ്വാസങ്ങളുടെയും നേതാക്കളുടെയും പങ്ക്,’ എന്നതാണ് ഇത്തവണത്തെ പ്രമേയം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?