Follow Us On

19

April

2024

Friday

12 മക്കളിൽ ഒരാൾ വൈദീകൻ, മറ്റൊരാൾ കന്യാസ്ത്രീ, പിന്നെ ഒരു സന്യാസ സഭാംഗവും! ദൈവകൃപയ്ക്ക് നന്ദി അർപ്പിച്ച് പോൾ- ഫിയോണ ദമ്പതികൾ

12 മക്കളിൽ ഒരാൾ വൈദീകൻ, മറ്റൊരാൾ കന്യാസ്ത്രീ, പിന്നെ ഒരു സന്യാസ സഭാംഗവും! ദൈവകൃപയ്ക്ക് നന്ദി അർപ്പിച്ച് പോൾ- ഫിയോണ ദമ്പതികൾ

കാൻബറ: ദൈവം നൽകിയ അസുലഭ ഭാഗ്യത്തിന് എത്രമാത്രം നന്ദി പറഞ്ഞിട്ടും മതിവരുന്നില്ല ഓസ്‌ട്രേലിയയിലെ പോൾ വെബ്ബ്- ഫിയോണ വെബ്ബ് ദമ്പതികൾക്ക്. ദൈവം നൽകിയ 12 മക്കളിൽ മൂന്നുപേരെ ദൈവം തന്റെ സഭാശുശ്രൂയ്ക്കായി തിരഞ്ഞെടുത്തു എന്നതുതന്നെ ആ ആനന്ദത്തിന് കാരണം: ഒരാൾ രൂപതാ വൈദീകൻ; മറ്റൊരാൾ കപ്പൂച്ചിൻ സന്യാസി; വേറൊരാൾ കന്യാസ്ത്രീ. ഒരുപക്ഷേ, ‘ദൈവവിളി വയൽ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിൽ ഇത് അത്ര വലിയ വാർത്തയായിരിക്കില്ല പക്ഷേ, ഓസ്‌ട്രേലിയയുടെ പശ്ചാത്തലത്തിൽ ഇത് വലിയ സംഭവമത്രേ!

സതേൺ ക്യൂൻസ് ലാൻഡിലെ തൂവൂംബയിലാണ് വെബ്ബർ കുടുംബത്തിന്റെ താമസം. ഏതാണ്ട് ഒരു വർഷത്തിനിടെയായിരുന്നു മൂന്നു പേരും പൗരോഹിത്യ സമർപ്പിത ജീവിതാന്തസിലേക്ക് പ്രവേശിച്ചതെന്നതും ശ്രദ്ധേയം. 2022 ജൂണിലായിരുന്നു ഫാ. നഥാൻ വെബ്ബിന്റെ തിരുപ്പട്ട സ്വീകരണം. ഒരു മാസത്തിനുശേഷമായിരുന്നു ബ്രദർ ഐസക്ക് സെറാഫിൻ കപ്പൂച്ചിൻ സഭയിലെ പ്രഥമ വ്രതം സ്വീകരിച്ചത്. 2021 ജൂണിലായിരുന്നു സിസ്റ്റർ റോസ് പാട്രിക് ഒക്കോണർ ‘സിസ്റ്റേഴ്‌സ് ഓഫ് ലൈഫ്’ സമർപ്പിത സഭയിൽ പ്രഥമവ്രതം സ്വീകരിച്ചത്.

മാതാപിതാക്കളുടെ മാതൃകാ ജീവിതവും കുടുംബത്തിന്റെ പ്രാർത്ഥനാ ചൈതന്യവുമാണ് ഇവരുടെ ദൈവവിളി സ്വീകരണത്തിൽ നിർണായകം. സംഗീതത്തിൽ കഴിവുള്ള 12 മക്കളും തങ്ങളുടെ പഒനം നടത്തിയത് ‘ഹോം സ്‌കൂളിംഗ്’ രീതിയിലായിരുന്നു എന്നതും ശ്രദ്ധേയം. ‘ഞങ്ങളുടെ കുടുംബത്തിന്റെ നെടുതൂണാണ് അനുദിനമുള്ള കുടുംബപ്രാർത്ഥന. കുടുംബം ഒത്തുചേർന്ന് നടത്തുന്ന ആ പ്രാർത്ഥനാ അന്തരീക്ഷം എന്റെ ദൈവവിളിയിൽ സുപ്രധാന സ്വാധീനം ചെലുത്തിയിട്ടുണ്ട്,’ ടൂവൂംബ രൂപതാ കത്തീഡ്രലിൽ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട ഫാ. നഥാൻ പറയുന്നു.

പ്രമുഖ മാധ്യമമായ ‘എ.ബി.സി’യിലെ പത്രപ്രവർത്തക ജോലി ഉപേക്ഷിച്ചാണ് സിസ്റ്റർ റോസ് പാട്രിക് ഒ കോണർ സന്യാസവ്രതം സ്വീകരിച്ചത്. ബ്രഹ്‌മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതത്രയങ്ങൾക്കൊപ്പം ജീവന്റെ പരിപോഷണം നാലാമത്തെ വ്രതമായി സ്വീകരിച്ചിരിക്കുന്ന സന്യാസിനീസഭയാണ് ‘സിസ്റ്റേഴ്സ് ഓഫ് ലൈഫ്.’ നാൻസി എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. കന്യാസ്ത്രീയാകണമെന്ന് കുട്ടിക്കാലം മുതൽ ആഗ്രഹിച്ചിരുന്നെങ്കിലും അതിൽ നിർണായകമായത് ‘സിസ്റ്റേഴ്സ് ഓഫ് ലൈഫ്’ സഭയെ കുറിച്ച് 11ാം വയസിൽ ലഭിച്ച ഒരു ലഘുലേഖയാണ്.

2008ൽ ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച ലോക യുവജന സംഗമത്തോട് അനുബന്ധിച്ചാണ് അത് പ്രസിദ്ധീകരിച്ചത്. അതിൽ കുറിച്ചിരുന്ന ‘സ്വന്തം ജീവൻ ത്യജിച്ചും മറ്റുള്ളവർക്ക് ജീവനേകണം’ എന്ന വാക്കുകൾ അവളെ സ്പർശിച്ചു. ‘ആത്മസംതൃപ്തിക്കായുള്ള ദാഹം എന്നെ അസ്വസ്ഥയാക്കി. സർവകലാശാലയും കരിയറും സമ്മാനിച്ച വിജയങ്ങളൊന്നും എന്നെ സംതൃപ്തയാക്കിയില്ല. ഒരു സമ്പർണ സമർപ്പണത്തിലൂടെ മാത്രമേ യഥാർത്ഥ സംതൃപ്തി സാധ്യമാകൂ എന്ന തിരിച്ചരിവാണ് എന്നെ സന്യസ്ത വഴിയിലേക്ക് നയിച്ചത്,’ സിസ്റ്റർ റോസ് സാക്ഷ്യപ്പെടുത്തി.

‘സിസ്റ്റേഴ്സ് ഓഫ് ലൈഫ്’ സഭയുടെ കനേഡിയൻ മിഷനിലാണ് സിസ്റ്റർ റോസ് ഇപ്പോൾ ശുശ്രൂഷ ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂലൈ 30ന് ബ്രിസ്ബേനിലുള്ള ഗാർഡിയൻ ഏഞ്ചൽസ് ദൈവാലയത്തിൽ വെച്ചായിരുന്നു ബ്രദർ ഐസക്കിന്റെ പ്രഥമവ്രതം സ്വീകരണം. ‘വിശ്വസ്തതയുടെയും സ്‌നേഹത്തിന്റെയും മകുടോദാഹരണങ്ങളായ മാതാപിതാക്കൾ എന്റെ ദൈവവിളിയിൽ നൽകുന്ന പ്രോത്‌സാഹനം വളരെ വലുതാണ്. പരിശുദ്ധ അമ്മയുടെ മാതൃവാത്‌സല്യം, പരിശുദ്ധ അമ്മയേപ്പോലെ ദൈവഹിതത്തോട് പ്രത്യുത്തരിക്കാൻ എന്നെയും പ്രാപ്തനാക്കി,’ ബ്രദർ ഐസക്ക് വ്യക്തമാക്കി.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?