Follow Us On

02

December

2023

Saturday

ഇങ്ങനെ വര്‍ഗീയത പടര്‍ന്നാല്‍…

ഇങ്ങനെ വര്‍ഗീയത  പടര്‍ന്നാല്‍…

ഒരു കത്തോലിക്കാ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടുത്തനാളില്‍ ഏറെ വിഷമത്തോടെയാണ് ഇക്കാര്യം പറഞ്ഞത്. ‘വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാനേജ്‌മെന്റ് യൂണിഫോം തെരഞ്ഞെടുത്തത് ഏറെ ആലോചിച്ചും പി.ടി.എയുടെ അനുമതിയോടും കൂടിയാണ്. എന്നിട്ടും ഇതിനുള്ള പ്രാരംഭശ്രമങ്ങള്‍ തുടങ്ങിയപ്പോള്‍ത്തന്നെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ചിലര്‍ യൂണിഫോമിന് എതിരെ പരസ്യമായി രംഗത്ത് വന്നു. ആ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി തെല്ലും ബന്ധമില്ലാത്ത കുറെപ്പേര്‍വന്ന് അധ്യാപകരുടെ നേരെ ശബ്ദമുയര്‍ത്തി. യൂണിഫോമിന്റെ സ്‌റ്റൈല്‍ അവരുടെ മതവിശ്വാസങ്ങളെ ഹനിക്കുന്നതാണെന്നായിരുന്നു വാദം. ഇതുമായി മുന്നോട്ട് പോയാല്‍ തിരിച്ചടിക്കുമെന്നും അവര്‍ വെല്ലുവിളിച്ചു.’

നാനാ ജാതിമതസ്ഥര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമപ്രദേശത്താണ് സ്‌കൂള്‍. വിരലിലെണ്ണാവുന്ന രക്ഷകര്‍ത്താക്കള്‍ മാത്രമാണ് പരാതിക്കാര്‍. എന്നിട്ടും അവര്‍ കൂടുതലാളുകളുമായിവന്ന് അധ്യാപകരുടെ സമാധാനാന്തരീക്ഷം ദിവസവും തകര്‍ക്കാന്‍ തുടങ്ങി. സമൂഹത്തിന്റെ ഐക്യവും നന്മയും ആഗ്രഹിച്ച മാനേജരച്ചന്‍ അവസാനം വലിയ വിവാദങ്ങള്‍ക്കൊന്നും ഇടംകൊടുക്കാതെ എതിര്‍പ്പ് ഉന്നയിച്ചവര്‍ക്കുംകൂടി സ്വീകാര്യമായ യൂണിഫോം കണ്ടെത്തി ആ വിഷയം അവസാനിപ്പിച്ചു.

ഇനി ഒന്ന് ആലോചിച്ച് നോക്കുക, ഏതെങ്കിലും മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ ഹനിക്കുന്ന രീതിയിയിലാണോ നമ്മുടെ സ്‌കൂളുകളില്‍ യൂണിഫോമുകള്‍ തെരഞ്ഞെടുക്കുന്നത്? ഇത്തരം വിഷയങ്ങളില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം മാനേജ്‌മെന്റിന് ഉണ്ടെങ്കില്‍പോലും തികഞ്ഞ അനുഭാവത്തോടെയാണ് ക്രിസ്ത്യന്‍ മാനേജ്‌മെന്റ്‌സ്‌കൂളുകള്‍ ഇതൊക്ക കൈകാര്യം ചെയ്യുന്നത്. എന്നിട്ടും വിവാദം സൃഷ്ടിക്കുന്നവരുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാണല്ലോ. ഒരുകാര്യം ഉറപ്പാണ്, അടുത്തകാലത്ത് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ ഇത്തരം വിവാദങ്ങള്‍ കൂടുതലായി ഉയര്‍ന്നു വരുന്നുണ്ട്. അല്ലെങ്കില്‍ ആരോക്കെയോ ബോധപൂര്‍വ്വം ഇതിനായി ശ്രമിക്കുന്നുണ്ട്. ഏതാനും വര്‍ഷം മുമ്പുവരെ നമ്മുടെ സ്‌കൂളുകളില്‍ മതത്തിന്റെയോ വര്‍ഗീയതയുടെയോ പേരില്‍ ഇത്തരത്തിലുള്ള ഒരു വിവാദങ്ങളും ഉണ്ടായതായി കേട്ടിട്ടില്ല. സ്‌കൂളധികൃതര്‍ തീരുമാനിക്കുന്ന യൂണിഫോമിന്റെ കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് പൂര്‍ണസമ്മതം.

ഇനി വര്‍ഷത്തിലൊരിക്കല്‍ സ്‌കൂളുകളില്‍ നടക്കുന്ന ധ്യാനപ്രോഗ്രാമുകളെക്കുറിച്ച് ഓര്‍ത്തുനോക്കൂ. ഏറെ സന്തോഷത്തോടെയല്ലേ മാതാപിതാക്കള്‍ കുട്ടികളെ അതിനൊക്കെ അയച്ചിരുന്നത്. ഇത്തരം പരിപാടികള്‍ കുട്ടികളുടെ പഠനവൈകല്യങ്ങളും മാനസിക സംഘര്‍ഷങ്ങളും പരിഹരിക്കുന്നതായി അധ്യാപകരും മാതാപിതാക്കളും എവിടെയും പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് അതിനൊക്കെ കടുത്ത നിയന്ത്രണം വന്നിരിക്കുന്നു. ധ്യാനത്തിന് പകരം സ്റ്റഡി സെമിനാറിന് മാത്രമേ സ്‌കൂളില്‍ അനുവാദമുള്ളൂ. ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് ഇങ്ങനെ ഒരു പ്രോഗ്രാം നടത്തിയാല്‍ ഇതര മതസ്ഥരുടെ പ്രോഗ്രാമുകളും സ്‌കൂളുകളില്‍ നടത്തേണ്ടതായി വരും.

വളര്‍ന്നുവരുന്ന തലമുറയെ ഇങ്ങനെ വര്‍ഗീയമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഇടയാക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വലിയ പങ്കുണ്ട്. അതാണല്ലോ ഓരോ പ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍പോലും രാഷ്ട്രീയക്കാര്‍ വര്‍ഗീയത കുത്തിനിറയ്ക്കുന്നത്. ജനപ്രതിനിധികളെയും മന്ത്രിമാരെയുമെല്ലാം മതാടിസ്ഥാനത്തില്‍ തരംതിരിക്കുന്നത്. എന്നിട്ടും സമൂഹത്തില്‍ വര്‍ഗീയത പടര്‍ത്തുന്നു എന്ന ആരോപണം സഭയ്ക്ക് നേരെ മാത്രം. സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും അനുഭാവസംഘടനകളുടെയും പങ്ക് ആരും ഒരിടത്തും പറയുന്നില്ല.

വിദ്യാഭ്യാസ-ആതുരശുശ്രൂഷാ രംഗങ്ങളിലെല്ലാം സഭയുടെ ഗുണഭോക്താക്കള്‍ ക്രൈസ്തവര്‍ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. കത്തോലിക്ക സ്‌കൂളുകളുടെ മാര്‍ഗദര്‍ശനവും അച്ചടക്കവും ഏറെ അഭിമാനത്തോടെയാണ് ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന ഇതരമതസ്ഥര്‍പോലും അനുസ്മരിച്ചിരുന്നത്. കേരളത്തിന്റെ സമ്പദ്ഘടനയില്‍ ഉയര്‍ന്ന പുരോഗതി ഉണ്ടാക്കുവാനും സഭയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിസ്തുല പങ്കാണ് വഹിച്ചിട്ടുള്ളത്. ഇതിന്റെയൊന്നും പേരില്‍ സഭ ഒരിക്കലും വര്‍ഗീയമായി ചിന്തിച്ചിട്ടില്ല. എന്നിട്ടും ഏറ്റവും നിസാരമായ യൂണിഫോമിന്റെ പേരില്‍പോലും സമൂഹത്തില്‍ സഭയുടെ ശുശ്രൂഷാരംഗങ്ങള്‍ തടസപ്പെടുത്തുന്നവരുടെ ലക്ഷ്യം ഭാവിതലമുറയെക്കൂടി ഇരുളിലാഴ്ത്തുകയും വിശ്വാസത്തില്‍നിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്യുക എന്നത് മാത്രമല്ലേ?

കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവരെ മതാടിസ്ഥാനത്തില്‍ തരംതിരിക്കാറുണ്ടോ? ഓരോരുത്തരുടെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സാധനങ്ങള്‍ മാത്രമേ അവിടെ വില്‍ക്കാവൂ എന്ന് ആരെങ്കിലും ശഠിക്കാറുണ്ടോ? പോലീസുകാരെയോ തൊഴിലാളികളെയോ സര്‍ക്കാര്‍ ജീവനക്കാരെയോ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാറുണ്ടോ? ഇല്ല, അങ്ങനെയൊക്കെ തരംതിരിച്ചാല്‍ അത് നാടിനെ ഛിന്നഭിന്നമാക്കും. അതുകൊണ്ട്, സ്ഥാനത്തും അസ്ഥാനത്തും വര്‍ഗീയത എന്ന ചിന്തയും വികാരവും ഉണര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരുടെ ശ്രമങ്ങള്‍ക്കെതിരെ നാട് ഉണരേണ്ടിയിരിക്കുന്നു. എല്ലാ മതവിഭാഗങ്ങളിലുംപെട്ട ജനങ്ങളും ഗവണ്‍മെന്റും തമ്മില്‍ നല്ല ബന്ധത്തില്‍ തുടരുകയും സാമൂഹ്യഐക്യം തകര്‍ക്കുന്ന വിവാദങ്ങളില്‍ വ്യക്തമായ നിയമ ഇടപെടലുകള്‍ ഉണ്ടാകുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ കുറെയൊക്കെ പരിഹരിക്കപ്പെടും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?