Follow Us On

21

September

2023

Thursday

മാതാപിതാക്കളെ മാനസാന്തരപ്പെടുത്തിയ മകളുടെ പെയിന്റിംഗ്‌

മാതാപിതാക്കളെ മാനസാന്തരപ്പെടുത്തിയ  മകളുടെ പെയിന്റിംഗ്‌

‘പ്രിന്‍സ് ഓഫ് പീസ്’ എന്ന പെയിന്റിംഗ് വിശേഷിപ്പിക്കപ്പെടുന്നത് ക്രിസ്തുവിനോട് ഏറ്റവും സാമ്യമുള്ള പെയിന്റിംഗ് എന്നാണ്. ആ പെയിന്റിംഗിന്റെ പതിനായിരക്കണക്കിന് കോപ്പികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിറ്റഴിഞ്ഞിട്ടുണ്ട്. അകിയാന്‍ ക്രാമറിക് എന്ന എട്ടുവയസുകാരിയുടെ വിരല്‍ത്തുമ്പിലൂടെയാണ് പെയിന്റിംഗ് രൂപപ്പെട്ടതെന്നറിഞ്ഞാല്‍ ആരിലും തെല്ലൊരു അമ്പരപ്പ് ഉണ്ടാകുക സ്വഭാവികംമാത്രം. ഇപ്പോള്‍ അമേരിക്കയിലെ അറിയപ്പെടുന്ന ചിത്രകാരിയും കവിയത്രിയുമാണ് 28 കാരിയായ അകിയാന്‍. അകിയാന്റെ പല പുസ്തകങ്ങളും ബെസ്റ്റു സെല്ലറുകളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രിന്‍സ് ഓഫ് പീസിന്റെ പിന്നാമ്പുറങ്ങള്‍ തേടിപ്പോയാല്‍ ഒരു സിനിമാക്കഥപോലെ ആരെയും അമ്പരപ്പിക്കുന്ന നിരവധി നാടകീയ സംഭവങ്ങളുടെ നീണ്ടനിരയുണ്ട്. നിരീശ്വരവാദികളായ മാതാപിതാക്കള്‍ മകളുടെ ചിത്രം കണ്ട് മാനസാന്തരപ്പെട്ടു എന്നു കേട്ടാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമായിരിക്കും. എന്നാല്‍, അകിയാന്റെ ജീവിതത്തില്‍ അങ്ങനെയും സംഭവിച്ചു. ‘പ്രിന്‍സ് ഓഫ് പീസ്’ എന്ന പ്രശസ്തമായ പെയിന്റിംഗ് 17 വര്‍ഷക്കാലത്തെ അവളുടെ സ്വകാര്യ ദുഃഖമായി മാറിയെന്നത് മറ്റൊരു കഥ.

അമൂല്യമായ ക്രിസ്മസ് സമ്മാനം

നാലാം വയസുമുതല്‍ അകിയാന്‍ ക്രാമറിക് ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി. ആറ് വയസ് ആയപ്പോഴേക്കും പെയിന്റിംഗുകളിലേക്ക് എത്തി. എട്ടാം വയസിലാണ് ‘പ്രിന്‍സ് ഓഫ് പീസ്’ എന്ന പെയിന്റിംഗിന്റെ പിറവി. ഇതിനിടയില്‍ ക്രാമറിക് നിരവധി വ്യത്യസ്തമായ പെയിന്റിംഗുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അവ ഉയര്‍ന്ന വിലക്കാണ് വിറ്റുപോയത്. 40 മണിക്കൂറുകള്‍കൊണ്ടാണ് പ്രിന്‍സ് ഓഫ് പീസ് പൂര്‍ത്തിയാക്കിയത്.
എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പെയിന്റിംഗ് ഒരു ഏജന്റിന് അയച്ചുകൊടുത്തു. അയാള്‍ രഹസ്യമായി അതു വിറ്റു. വാങ്ങിയ ആള്‍ ബാങ്ക് ലോക്കറില്‍ വച്ച് പൂട്ടുകയും ചെയ്തു. ഏറ്റവും പ്രിയപ്പെട്ട പെയിന്റിംഗ് നഷ്ടപ്പെട്ടത് അവളെ ഏറെ സങ്കടപ്പെടുത്തി. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ക്രിസ്മസ് സമ്മാനംപോലെയാണ് ആ പെയിന്റിംഗ് തിരിച്ചുകിട്ടിയത്.

ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന കരുതിയിരുന്ന പെയിന്റിംഗ് ക്രിസ്മസ് കാലത്ത് തിരികെ ലഭിച്ചത് ദൈവിക ഇടപെടലായിട്ടാണ് അവള്‍ കാണുന്നത്. അതിന്റെ പിന്നില്‍ നടന്ന കാര്യങ്ങള്‍ പറയുമ്പോള്‍ നുണ പറയുകയാണെന്ന തോന്നല്‍ ഒരുപക്ഷേ കേള്‍വിക്കാരില്‍ ഉണ്ടായെന്നു വരാം. അതിനാല്‍ തെറ്റിദ്ധരിക്കരുതെന്ന മുഖവുരയോടെയാണ് അകിയാന്‍ സംഭവം വിവരിക്കുന്നത്. തുടര്‍ന്ന് 8,50,000 ഡോളറിനാണ് പെയിന്റിംഗ് വിറ്റുപോയത്. പ്രശസ്തിയില്‍നിന്നും അകലംപാലിക്കുന്നതാണ് അകിയാന്‍ ക്രാമറിക്കിന്റെ രീതി.

ഇല്ലിനോയ്‌സിന് അടുത്തുള്ള മൗണ്ട്‌മോറിസില്‍ മാര്‍ക്ക്-ഫൊറേലി ദമ്പതികളുടെ മകളായി 1994 ജൂലായ് ഒമ്പതിനാണ് അകിയാന്റെ ജനനം. അമ്മ ലിത്വാനിയന്‍ സ്വദേശിയായിരുന്നു. പേരുകൊണ്ട് ക്രൈസ്തവരായിരുന്നെങ്കിലും വിശ്വാസത്തില്‍നിന്ന് ആത്മീയതയില്‍നിന്നും പൂര്‍ണമായി അകലംപാലിച്ചിരുന്നു ആ കുടുംബം ജീവിച്ചിരുന്നത്. അവരുടെ വീട്ടില്‍ ദൈവവിശ്വാസവുമായി ബന്ധപ്പെടുത്തുന്ന ചിത്രമോ മറ്റ് എന്തെങ്കിലുമോ ഉണ്ടായിരുന്നില്ല. വിശ്വാസത്തിന്റെ വഴികളില്‍നിന്നും പൂര്‍ണമായി അകറ്റിനിര്‍ത്തിയായിരുന്നു അവര്‍ മകളെ വളര്‍ത്തിയതും. എന്നാല്‍, അവള്‍ വരച്ച ചിത്രങ്ങളിലും പെന്റിംഗുകളിലും നിറഞ്ഞുനിന്നത് സ്വര്‍ഗത്തിലെ കാഴ്ചകളായിരുന്നു. യേശുവും മാലാഖമാരുമൊക്കെ ജീവന്‍തുടിക്കുന്ന വിധത്തില്‍ ചിത്രങ്ങളില്‍ നിറഞ്ഞുനിന്നു. മാതാപിതാക്കളുടെ അവിശ്വാസത്തിന്റെ കോട്ടകള്‍ മകളുടെ ചിത്രങ്ങളുടെ മുമ്പില്‍ തകര്‍ന്നുവീണു എന്നതാണ് യാഥാര്‍ത്ഥ്യം.

12-ാം വയസില്‍ സിഎന്‍എന്‍ ചാനലില്‍

നാലാം വയസുമുതല്‍ ഉറക്കത്തില്‍ അവള്‍ ചില സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി. യേശുവിനെയും ദൈവദൂതന്മാരുമൊക്കെയായിരുന്നു അവള്‍ കണ്ടത്. അവര്‍ അങ്ങനെ അവളുടെ കൂട്ടുകാരായി മാറി. അതു ദര്‍ശനമായിരുന്നോ സ്വപ്‌നങ്ങളായിരുന്നു എന്നൊന്നും തീര്‍ച്ചയില്ല. അതോ മാതാപിതാക്കളുടെ മാനസാന്തരത്തിനായി സ്വര്‍ഗം കണ്ടെത്തിയ ഒരു വഴിയായിരുന്നോ എന്നും അറിയില്ല.
സ്വപ്‌നങ്ങള്‍ കണ്ട് ഉറക്കം ഉണരുമ്പോള്‍ താന്‍ കണ്ട കാര്യങ്ങള്‍ അവള്‍ അമ്മയോടു പറയുമായിരുന്നു. ചിത്രകലയില്‍ അവള്‍ക്ക് ഒരു വിധത്തിലുമുള്ള പരിശീലനങ്ങള്‍ ലഭിച്ചിട്ടില്ല. 12 വയസായപ്പോഴേക്കും മികച്ച 60 പെയിന്റിംഗുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. 12-ാം വയസില്‍ത്തന്നെ സിഎന്‍എന്‍ പോലുള്ള പ്രശസ്ത ചാനലുകളുടെ പ്രോഗ്രാമുകളില്‍ പങ്കെടുക്കാന്‍ അകിയാന് അവസരം ലഭിച്ചു. സിംഗപ്പൂരിലെ യുഎസ് എംബസി ആ കാലത്ത് അവളുടെ ചിത്രങ്ങള്‍ വിലക്കുവാങ്ങിയിട്ടുണ്ട്.

ഭംഗിയില്ലാത്ത സ്വപ്‌നങ്ങള്‍

സ്വപ്‌നങ്ങള്‍ ചിത്രങ്ങളാക്കി മാറ്റിയപ്പോള്‍ തുടക്കത്തില്‍ അത്ര ആകര്‍ഷകമായിരുന്നില്ല. അതുകണ്ട് മറ്റുള്ളവര്‍ കളിയാക്കുമ്പോള്‍ ആദ്യമൊക്കെ അവള്‍ സങ്കടപ്പെട്ടിരുന്നു. അപ്പോഴെല്ലാം ആശ്വാസ വാക്കുകളുമായി എത്തിയിരുന്നത് അമ്മയായിരുന്നു. ഈ കഴിവ് ഉപേക്ഷിക്കരുതെന്നും മകളെ കൂടെക്കൂടെ ഓര്‍മിപ്പിച്ചിരുന്നു. അമ്മയുടെ വാക്കുകള്‍ അനുസരിക്കാന്‍ തയാറായപ്പോള്‍ ലോകം അറിയപ്പെടുന്ന ചിത്രകാരിയായി അകിയാന്‍ വളര്‍ന്നു. വലിയ കലാകാരന്‍ മറ്റുള്ളവരെക്കാള്‍ മികച്ച വ്യക്തിയാകണമെന്നില്ല. എന്നാല്‍, ഒരു കലാകാരന് മറ്റുള്ളവരെ ആശ്വസിപ്പിക്കാന്‍ കഴിയണമെന്നാണ് സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തി അകിയാന്‍ ക്രാമറിക് പറയുന്നത്.

അധികമാരുമായും ബന്ധമില്ലാതെ ഒറ്റപ്പെട്ട രീതിയിലായിരുന്നു അവരുടെ കുടുംബം കഴിഞ്ഞിരുന്നത്. പ്രശ്‌നസങ്കീര്‍ണമായിരുന്നു ബാല്യം. ദാരിദ്രവും രോഗങ്ങളും തിരസ്‌കരണങ്ങളുമെല്ലാം അവരുടെ കൂടെപ്പിറപ്പുകളായിരുന്നു. ഹോം സ്‌കൂളിംഗ് ആയിരുന്നതിനാല്‍ കൂട്ടുകാരും ഉണ്ടായിരുന്നില്ല. മകളിലെ കലാപരമായ കഴിവുകള്‍ വളര്‍ത്താന്‍ അമ്മ കണ്ടെത്തിയ മാര്‍ഗമായിരുന്നത്. വീട്ടില്‍ ആയിരിക്കുമ്പോള്‍ വരയ്ക്കാനും പെയിന്റിംഗിനും കൂടുതല്‍ സമയം ലഭിക്കുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍. മാതാപിതാക്കള്‍ തമ്മില്‍ സ്വരചേര്‍ച്ചയും കുറവായിരുന്നു.
അവളുടെ ചെറുപ്പത്തില്‍ത്തന്നെ പിതാവു മരിച്ചു. കൃഷിക്ക് ഉപയോഗിച്ചിരുന്ന അമിതമായ കീടനാശിനികളാണ് പിതാവിന്റെ ആരോഗ്യം തകര്‍ത്തതെന്നും മരണത്തിലേക്ക് നയിച്ചതെന്നും അകിയാന്‍ പറയുന്നു. പിന്നീടവര്‍ മിസോറിയിലേക്ക് കുടിയേറി. ബാല്യത്തെക്കുറിച്ചുള്ള നിറമുള്ള ഓര്‍മകള്‍ തുടങ്ങുന്നത് അവിടെയാണ്.

സ്വപ്‌നങ്ങള്‍ മറക്കാനുള്ളതല്ല

ചെറുപ്പം മുതല്‍ സഹാനുഭൂതി അവളില്‍നിറഞ്ഞുനിന്നിരുന്നു. ബാല്യത്തില്‍ അനുഭവിച്ച ദുരിതങ്ങളാകാം അത്തരമൊരു മനസ് അവളില്‍ രൂപപ്പെടുത്തിയത്. ആഫ്രിക്കയില്‍ പോയി അവിടുത്തെ പാവപ്പെട്ട കുട്ടികളെ സഹായിക്കണമെന്നതായിരുന്നു10 വയസായപ്പോഴത്തെ ആഗ്രഹം. അറിയപ്പെടുന്ന ചിത്രകാരി ആയപ്പോഴും ചെറുപ്പത്തിലെ സ്വപ്‌നം അവള്‍ മറന്നില്ല. വിവിധ സന്നദ്ധസംഘടനകളുമായി സഹകരിച്ച് ലോകത്തിന്റെ പല ഭാഗങ്ങളില്‍ ചാരിറ്റിപ്രവര്‍ത്തനങ്ങളുമായി അകിയാന്‍ ക്രാമറിക് ചുറ്റിസഞ്ചരിച്ചിട്ടുണ്ട്. ”ഒരു യഥാര്‍ത്ഥ കലാകാരനെ സംബന്ധിച്ചിടത്തോളം ജീവിതം ഒരു പാഠശാലയാണ്. ഒരേസമയം അധ്യാപകനും വിദ്യാര്‍ത്ഥിയുമാണ്.” അക്രിയാന്‍ ക്രാമറിക്ക് പറയുന്നു.

അകിയാന്റെ മറ്റൊരു അറിയപ്പെടുന്ന പെയിന്റിംഗാണ് ജീസസ്. 2017 ജൂലായ് ഒമ്പതിന് തന്റെ 23-ാം ജന്മദിനത്തിലാണ് പെയിന്റിംഗ് ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ചത്. ഈ പെയിന്റിംഗ് പൂര്‍ത്തിയാക്കാന്‍ അവള്‍ ഏറെ പ്രയാസപ്പെട്ടു. ക്രാമറിക്കിന്റെ പെയിന്റിംഗുകളെല്ലാം ജീവന്‍ തുടിക്കുന്ന വിധത്തില്‍ ഉള്ളവയാണ്. എന്നാല്‍ ജീസസ് എന്ന പെയിന്റിംഗിന്റെ മുഖഭാവം വളരെ നിര്‍ജീവമാണെന്ന് അവള്‍ക്കുതോന്നി. പലവിധത്തില്‍ അതു മനോഹരമാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അവസാനം പ്രതീക്ഷ നഷ്ടപ്പെട്ടു. എന്നാല്‍ ഒരു രാത്രിയില്‍ ക്രിസ്തുവിന്റെ ഒരു സ്വപ്‌നദര്‍ശനം അവള്‍ക്കു ലഭിച്ചു. വിചാരിച്ചതിലും ഭംഗിയായി ആ പെയിന്റിംഗ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വിശ്വാസത്തിന് ഒരിക്കലും ഇളക്കംതട്ടരുതെന്ന സന്ദേശമാണ് ഈ പെയിന്റിംഗ് നല്‍കുന്നതെന്നാണ് അകിയാന്‍ പറയുന്നത്.
അകിയാന്‍ ക്രാമറിക്കിന്റെ ചിത്രങ്ങള്‍ക്ക് അഭൗമികമായൊരു ഭംഗിയുണ്ട്. അവ കാണുമ്പോള്‍ കാഴ്ചക്കാരുടെ മനസുകളില്‍ ആത്മീയത കുളിര്‍മഴയായി പെയ്തിറങ്ങുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?