Follow Us On

18

April

2024

Thursday

കാമറൂണിൽ കത്തോലിക്കാ ദൈവാലയം അക്രമികൾ  അഗ്‌നിക്കിരയാക്കി; അഞ്ച് വൈദീകർ ഉൾപ്പെടെ എട്ടുപേരെ തട്ടിക്കൊണ്ടുപോയി

കാമറൂണിൽ കത്തോലിക്കാ ദൈവാലയം അക്രമികൾ  അഗ്‌നിക്കിരയാക്കി; അഞ്ച് വൈദീകർ ഉൾപ്പെടെ എട്ടുപേരെ തട്ടിക്കൊണ്ടുപോയി

യവുണ്ടേ: ഇംഗ്ലീഷ് സംസാരിക്കുന്ന ‘ആംഗ്ലോഫോൺ’ വിമതരും ഭരണകൂടവും തമ്മിലുള്ള കലാപം രൂക്ഷമായ കാമറൂണിൽ ദൈവാലയം അഗ്‌നിക്കിരയാക്കി ആയുധധാരികൾ അഞ്ച് വൈദീകരെയും ഒരു കന്യാസ്ത്രീയെയും ഉൾപ്പെടെ എട്ടുപേരെ തട്ടിക്കൊണ്ടുപോയി. മാംഫെ രൂപതയിലെ ൻചാങ്ങിൽ സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് ദൈവാലയത്തിന് നേരെയായിരുന്നു അജ്ഞാതരായ ആയുധധാരികളുടെ ആക്രമണം. സെപ്തംബർ 16ന് ബന്ധികളാക്കപ്പെട്ടവർ ഇപ്പോൾ എവിടെയാണെന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

അക്രമ സംഭവം സ്ഥിരീകരിച്ച് പ്രാദേശീക മെത്രാൻ സമിതി പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. ‘വലിയ നടുക്കത്തിലാണ് ഞങ്ങൾ. അക്രമപ്രവൃത്തികൾ സകല അതിർത്തികളും ലംഘിച്ചുകഴിഞ്ഞു. മതിയാക്കൂ, ഇത് ഇനിയും നീണ്ടുപോകരുത്. സഭയ്ക്ക് എതിരെ നടക്കുന്ന സകല ആക്രമങ്ങളെയും അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയവരെ ഉടൻ വിട്ടയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.’ കലാപത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയ്ക്കും ദൈവാലയങ്ങൾക്കും എതിരായ അതിക്രമങ്ങൾ വ്യാപിക്കുന്നതും ബിഷപ്പുമാർ ചൂണ്ടിക്കാട്ടി.

‘സഭാ ശുശ്രൂഷകർക്ക് എതിരായ പീഡനങ്ങൾ വർദ്ധിക്കുകയാണിപ്പോൾ. ജനങ്ങൾക്ക് ശുശ്രൂഷ ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട എല്ലാ മിഷനറിമാരും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. കത്തോലിക്കാ സഭയ്ക്ക് പുറമെ പ്രെസ്ബിറ്റീരിയൻ, ബാപ്റ്റിസ്റ്റ് ദൈവാലയങ്ങളും ആക്രമികൾ ലക്ഷ്യം വെക്കുന്നുണ്ട്,’ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. കാമറൂണിലെ വടക്ക്- പടിഞ്ഞാറ്, തെക്ക്- പടിഞ്ഞാറൻ പ്രദേശങ്ങളിലെ സംഘട്ടനത്തിൽ നിരവധി വൈദികരും ബിഷപ്പുമാരും അൽമായരും മർദിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്.

‘ആംഗ്ലോഫോൺ’ വിമതരും ഭരണകൂടവും തമ്മിൽ 2014 മുതൽ ആരംഭിച്ച സംഘർഷത്തിൽ ഏറ്റവും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവമാണിത്. രാജ്യത്തെ ജനസംഖ്യയുടെ അഞ്ചിലൊന്ന് പ്രതിനിധീകരിക്കുന്ന തങ്ങൾ പാർശ്വവത്ക്കരിക്കപ്പെട്ടെന്ന തിരിച്ചറിവിൽ ‘ആംഗ്ലോഫോൺ’ വിഭാഗം ആരംഭിച്ച പ്രതിഷേധങ്ങൾ കലാപമായി മാറുകയായിരുന്നു. വിദ്യാഭ്യാസത്തിലും നിയമവ്യവസ്ഥയിലും ഫ്രഞ്ച് ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് ‘ആംഗ്ലോഫോൺ’ അധ്യാപകരും അഭിഭാഷകരും 2016ൽ തെരുവിലിറങ്ങിയതോടെ സ്ഥിതി ഗുരുതരമായി.

ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ പരാതികൾക്ക് ചെവികൊടുക്കുന്നതിന് പകരം പ്രതിഷേധത്തെ അക്രമാസക്തമായി ഭരണകൂടം അടിച്ചമർത്തിയതും പ്രശ്നം രൂക്ഷമാക്കി. ഏതാണ്ട് 10 വിഘടനവാദ ഗ്രൂപ്പുകൾ സർക്കാർ സേനയോട് പോരാടുന്നുണ്ട്. കലാപത്തിൽ ഇതുവരെ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്, ഏതാണ്ട് അഞ്ച് ലക്ഷത്തിൽപ്പരം പേർ അഭയാർത്ഥികളാക്കപ്പെട്ടു. ഏതാണ്ട് ആറ് വർഷമായി കുട്ടികൾക്ക് സ്‌കൂളിൽപോലും പോകാനാവാസ്ഥ സ്ഥിതിയാണവിടെ.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?