Follow Us On

05

October

2022

Wednesday

ഉത്തമ കുടുംബങ്ങൾ രാജ്യത്തിന്റെ ഭാവി ശോഭനമാക്കും; പ്രോ ലൈഫ് മാർച്ചിനെ അഭിനന്ദിച്ച് പോളിഷ് പ്രസിഡന്റ്

ഉത്തമ കുടുംബങ്ങൾ രാജ്യത്തിന്റെ ഭാവി ശോഭനമാക്കും; പ്രോ ലൈഫ് മാർച്ചിനെ അഭിനന്ദിച്ച് പോളിഷ് പ്രസിഡന്റ്

വാഴ്‌സോ: രാഷ്ട്രനിർമിതിയിൽ കുടുംബമൂല്യങ്ങൾക്കുള്ള നിർമാണയക സ്ഥാനം പരസ്യമായി പ്രഘോഷിക്കാൻ വന്നണഞ്ഞ പ്രോ ലൈഫ് സമൂഹത്തിന് അഭിനന്ദനവും നന്ദിയും അറിയിച്ച് പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ. തലസ്ഥാന നഗരിയായ വാഴ്‌സോ സാക്ഷ്യം വഹിച്ച 17-ാമത് ‘നാഷണൽ മാർച്ച് ഫോർ ലൈഫി’നെ അഭിസംബോധന ചെയ്ത് അയച്ച വീഡിയോ സന്ദേശത്തിലാണ് ആബാലവൃദ്ധം വരുന്ന പ്രോ ലൈഫ് ജനതയെ ഡൂഡ അഭിനന്ദിച്ചത്.

‘നിങ്ങൾ വീണ്ടും വാഴ്സോയിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മുത്തച്ഛന്മാരും മാതാപിതാക്കളും കുട്ടികളും മാതാപിതാക്കളാകാൻ ഒരുങ്ങുന്നവരുമായ ഒരു വലിയ സമൂഹം ഇന്ന് ഇവിടെയുണ്ട്. മഹത്തായ മൂല്യങ്ങളോടുള്ള നിങ്ങളുടെ പ്രതിജ്ഞാബദ്ധതയുടെ പൊതുസാക്ഷ്യമാണ് ഈ കൂട്ടായ്മ. കെട്ടുറപ്പുള്ള കുടുംബങ്ങൾ നമ്മുടെ രാജ്യത്തിന്റെ ഭാവി ശോഭനമാക്കും എന്ന ബോധ്യം നിങ്ങൾ പ്രഘോഷിക്കുന്നു. ഇതിന് ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ,’ അദ്ദേഹം വ്യക്തമാക്കി.

‘ഐ പ്രോമിസ് യു’ എന്ന ആപ്തവാക്യവുമായി സംഘടിപ്പിച്ച മാർച്ച് ഫോർ ലൈഫിൽ 10,000ൽപ്പരം പേരാണ് ഇത്തവണ അണിചേർന്നത്. തലസ്ഥാന നഗരി സാക്ഷ്യം വഹിച്ച മാർച്ചിന് പുറമെ, ഏതാണ്ട് 150ൽപ്പരം നഗരങ്ങളിലും സമാനമായ പ്രോ ലൈഫ് മാർച്ചുകൾ സംഘടിപ്പിക്കപ്പെട്ടു. വിവാഹ- കുടുംബമൂല്യങ്ങൾ പ്രഘോഷിക്കാൻ അണിചേർന്ന ഇവർക്കെല്ലാമുള്ള നന്ദി അർപ്പണം കൂടിയായിരുന്നു പ്രസിഡന്റിന്റെ വീഡിയോ സന്ദേശം.

ദമ്പതികളെയും വിവാഹത്തിന് ഒരുങ്ങുന്നവരെയും വിവാഹ പ്രതിജ്ഞയുടെ അർത്ഥവും പ്രാധാന്യവും ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവാഹ പ്രതിജ്ഞയിൽനിന്നുള്ള ‘ഐ പ്രോമിസ് യു’ എന്ന ഭാഗം ആപ്തവാക്യമായി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി റാലി ആരംഭിക്കുംമുമ്പ് വിവാഹ പ്രതിജ്ഞയുടെ നവീകരണവും സംഘടിപ്പിച്ചിരുന്നു. വാഴ്സോ കത്തീഡ്രൽ വികാരി ഫാ. ബോഗ്ദാൻ ബാർട്ടോൾഡിന്റെ കാർമികത്വത്തിലായിരുന്നു ശുശ്രൂഷകൾ.

വർണശബളമായ ബലൂണുകളും ചുവപ്പ്, വെളുപ്പ് നിറങ്ങളുള്ള പതാകകളുമായി അണിനിരന്നവരിൽ വൈദികർ, സന്യസ്തർ, മാതാപിതാക്കൾ, ദമ്പതികൾ, യുവജനങ്ങൾ, കുഞ്ഞുങ്ങൾ, വയോധികർ, പൊതുപ്രവർത്തകർ എന്നിങ്ങനെ നാനാതുറകളിലുള്ളവരുടെ പങ്കാളിത്തമുണ്ടായിരുന്നു. പോളിഷ് മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ്പ് സ്റ്റാനിസ്ലാവ് ഗഡെക്കിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ഇത്തവണത്തെ പ്രോ ലൈഫ് മാർച്ചിന് സമാപനമായത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?